ആക്സെഞ്ചർ കമ്പനിയില്‍ നിന്ന് ദൈവത്തിന്റെ കമ്പനിയിലെത്തിയ അങ്കമാലിക്കാരന്‍ കൊച്ചച്ചന്‍

ബാംഗ്ലൂരിലെ ആക്സെഞ്ചർ കമ്പനിയിലെ ജോലി തുടരുകയായിരുന്നെങ്കില്‍ ഒന്നര ലക്ഷം രൂപ ശമ്പളം മേടിക്കേണ്ട ആള്‍ ഇതാ പുരോഹിതനായി അള്‍ത്താരയിലേയ്ക്ക് കയറാന്‍ ഒരുങ്ങുന്നു. ജര്‍മ്മനിയിലെ മ്യൂണിക് എല്‍.എം.യു. യൂണിവേഴ്സിറ്റിയില്‍നിന്ന് അദ്ദേഹം പ്രശംസാവഹമായ വിധത്തില്‍ ദൈവശാസ്ത്ര പഠനം 2017 ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാക്കി. മ്യൂണിക് കര്‍ദിനാള്‍ റയിന്‍ ഹാര്‍ഡ് മാക്‌സില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഷോൺസ്റ്റാട്ട് സന്യാസ സമൂഹത്തിലെ അംഗം. മ്യൂണിക്കിലെ സീറോ മലബാര്‍ സമൂഹത്തിലെ ആക്റ്റിവ് മെമ്പര്‍ – റോബിൻ ചമ്പന്നൂക്കാരൻ. ആള് മ്മുടെ അങ്കമാലിക്കാരനാണ്.

വൈദികൻ അൾത്താരയിൽ ഈശോയുടെ തിരുശരീര രക്തങ്ങൾ ഉയർത്തുമ്പോൾ തനിക്കും എന്നാണ് ഈശോയെ കൈകളിൽ ഏന്തുവാൻ കഴിയുക എന്ന തീവ്രമായ ആഗ്രഹത്തോടെ പ്രാർത്ഥിച്ചിരുന്ന ബാലൻ. ആ ബാലനിൽ നിന്ന് ഡീക്കൻ റോബിൻ ചമ്പന്നൂക്കാരനിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നത് നിരവധി കാര്യങ്ങളായിരുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകൾ, മികച്ച വരുമാനമുള്ള ജോലി, അടിച്ചു പൊളി ജീവിതം. ദൈവത്തിന്റെ വിളിക്കു മുന്നിൽ ലോകം വലുതെന്നു കണ്ടതെല്ലാം മാറ്റിവെച്ചു. ദീർഘ നാളത്തെ തന്റെ സ്വപ്നം പൂർത്തിയാക്കികൊണ്ട് ഡീക്കൻ റോബിൻ ചമ്പന്നൂക്കാരൻ അൾത്താരയിലേയ്ക്ക് പ്രവേശിക്കുകയാണ്, തീക്ഷ്ണമായ ആഗ്രഹത്തോടെ…ലൈഫ്ഡേയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകൾ

ജനുവരി 20-ാം തീയതി കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ  എറണാകുളം- അങ്കമാലി സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവിന്റെ കൈവയ്പു വഴി പൗരോഹിത്യ പദവിയിലേക്കു ഉയർത്തപ്പെടുന്ന ഡീക്കൻ റോബിൻ കറുകുറ്റിക്കടുത്തു കരയാംപറമ്പിൽ ചമ്പന്നൂക്കാരൻ ജോണിയുടെയും റോസിലിയുടെയും രണ്ടു മക്കളിൽ ഇളയവനാണ്. റിജോ ഏക സഹോദരനും.

ദൈവവിളിയുടെ വിത്തുകൾ പാകിയ ബാല്യം 

ഡീക്കൻ റോബിന്റെ ജീവിതത്തിൽ വൈദികനാകണം എന്ന ആഗ്രഹം ആരംഭിക്കുന്നത് അദ്ദേഹത്തിൻറെ ബാല്യത്തിൽ തന്നെയാണ്. പള്ളിക്കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയും തീക്ഷണതയോടെയുമായിരുന്നു കുഞ്ഞു റോബിൻ പങ്കെടുത്തിരുന്നത്.  വൈദികൾ കാസയും പീലാസയും ഉയർത്തുമ്പോൾ ഏറെ ആഗ്രഹത്തോടെ അൾത്താരക്ക് മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥിച്ചിരുന്ന ബാല്യം. കുർബാന കുപ്പായം അണിഞ്ഞെത്തുന്ന വൈദികനിൽ ഈശോയെ ദർശിക്കുവാൻ കഴിഞ്ഞ ആ ബാലന്റെ സ്വപ്നങ്ങളിൽ നിറഞ്ഞിരുന്നത്  താനും ഒരു വൈദികനായി ഈശോയെ ഉയർത്തുന്നത് ആണ്. ആ സ്വപ്നങ്ങൾക്കൊപ്പം ഈ ലോകത്തു ദൈവത്തെ വഹിക്കുവാൻ ഒരു വൈദികനു മാത്രമേ കഴിയുകയുള്ളു എന്ന തിരിച്ചറിവും കൂടെ ചേർന്നപ്പോൾ ഈ ലോകത്തിലെ മറ്റെല്ലാത്തിനേക്കാളും വലുതായി മാറി ആ സ്വപ്നം.   ആ ഒരു ആഗ്രഹത്തിനായി തീക്ഷ്ണമായി പ്രാർത്ഥിച്ചു ഒരുങ്ങുകയായിരുന്നു പിന്നീട് അങ്ങോട്ട്. അല്ലെങ്കിൽ ദൈവം ഒരുക്കുകയായിരുന്നു അദ്ദേഹത്തെ.

വെല്ലുവിളികൾ നിറഞ്ഞ ജീവിതം 

വൈദികനാവുക എന്ന തീവ്രമായ ആഗ്രഹം ഉള്ളിൽ സൂക്ഷിച്ച അദ്ദേഹത്തെ കാത്തിരുന്നത് വെല്ലുവിളികൾ നിറഞ്ഞ ജീവിതമായിരുന്നു. മാതാപിതാക്കൾ  മകനിൽ ശോഭനമായ ഒരു ഭാവി ദർശിച്ചിരുന്നു. നന്നായി പഠിക്കുന്ന മകൻ തങ്ങളുടെ ജീവിതത്തിന്റെ ഭാരങ്ങൾ ലഘൂകരിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആ മാതാപിതാക്കൾ. ആ പ്രതീക്ഷകളെ കണ്ടില്ല എന്ന് നടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വൈദികനാകണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് പോയി. അതിനിടയിൽ വൈദികനാകുവാനായി സെമിനാരിയിൽ ചെന്നു എങ്കിലും തന്റെ വിളിയെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി അദ്ദേഹം ഒരു ബ്രേക്ക് എടുത്തു.

പെട്ടന്ന് എല്ലാം ഉപേക്ഷിച്ചു പോരുന്നതിനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അദ്ദേഹം. അതിനാൽ തന്നെ സെമിനാരിയിൽ നിന്ന് ബ്രേക്ക് എടുത്തു പോന്നതിനു ശേഷം ബാഗ്ലൂരിൽ പോവുകയും ബിരുദം പൂർത്തിയാക്കുകയും ചെയ്തു. പഠനത്തിന്റെ കാലഘട്ടങ്ങളിലും വൈദികനാകുവാനുള്ള ആഗ്രഹം അദ്ദേഹത്തെ കൂടുതൽ സമയം പ്രാർത്ഥനയിൽ ആയിരിക്കുവാനും തന്റെ വിളിയെ കുറിച്ച് ചിന്തിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബിദുര പഠനം പൂർത്തിയാക്കിയ ശേഷം ക്യാമ്പസ് പ്ലേസ്‌മെന്റിൽ കൂടെ അദ്ദേഹത്തിനു ബാംഗ്ലൂരിലെ ആക്സെഞ്ചർ എന്ന കമ്പനിയിൽ ജോലിക്കു കയറി. വലിയ ശമ്പളമായിരുന്നു കിട്ടിയിരുന്നത്. ജോലിയോടൊപ്പം തന്നെ ബിദുരാനന്ത ബിദുര പഠനവും പൂർത്തിയാക്കി. ജോലിയുടേതായ തിരക്കുകളിൽ മുഴുകിയപ്പോഴും വൈദികനാകണം എന്ന ആഗ്രഹം മനസ്സിൽ തീവ്രമായി തന്നെ അവശേഷിച്ചിരുന്നു.

ദൈവത്തിന്റെ വിളി കൂടുതൽ ആഴത്തിൽ വെളിപ്പെടുന്നു 

ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ദൈവത്തിനായി ഇറങ്ങി തിരിക്കേണ്ടവനാണ് താൻ എന്നും ഉള്ള തിരിച്ചറിവ് കൂടുതൽ വെളിപ്പെടുന്നത് സെമിനാരിയിൽ നിന്ന് ബ്രേക്ക് എടുത്ത സമയങ്ങളിലായിരുന്നു എന്ന് റോബിൻ ഓർക്കുന്നു. ആ സമയങ്ങളിൽ തിരികെ സെമിനാരിയിൽ എത്തുന്നതിനുള്ള ആഗ്രഹം തീവ്രമായിരുന്നു. കുടുംബത്തിലെ സാഹചര്യങ്ങൾ മൂലം ജോലിക്കായി പോകുമ്പോഴും  അദ്ദേഹത്തിൻറെ മനസ്സിൽ തന്റെ വിളി ഇവിടെയല്ല എന്നൊരു തോന്നലായിരുന്നു. കൈനിറയെ പണവും അടിച്ചുപൊളിയും ഒക്കെയായി മറ്റുള്ളവർ ജീവിതം ആഘോഷിക്കുമ്പോൾ അതിലൊന്നും സന്തോഷം കണ്ടെത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ സമയങ്ങളിലൊക്കെ ദൈവത്തിന്റെ ഇടപെടലിനായി പ്രാർത്ഥിച്ചു കൊണ്ട് മണിക്കൂറുകൾ ചിലവഴിച്ചിരുന്നു.

അങ്ങനെ മുന്നോട്ട് പൊയ ജീവിതത്തിൽ പെട്ടന്നൊരു തീരുമാനം എടുക്കുന്നതിനു കാരണമായ ഒരു സംഭവം ഉണ്ട്. ഒരിക്കൽ അദ്ദേഹം താമസിച്ചു കൊണ്ട് ഇരുന്ന ഹോസ്റ്റലിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു. റോബിൻ അപകടത്തിൽ പെട്ട് മരിച്ചു എന്ന വിവരമാണ് ആ വിളിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ആദ്യം എല്ലാവരാലും ഇദ്ദേഹമായിരിക്കും മരിച്ചത് എന്ന് കരുതി എങ്കിലും അതെ കമ്പനിയിലെ മറ്റൊരു റോബിനായിരുന്നു മരണമടഞ്ഞത്. ഈ വിവരം ‘അമ്മ വിളിച്ചപ്പോൾ പറയുകയും “ഇത്രെ ഉള്ളു ജീവിതം;  അമ്മേ, ഞാൻ അച്ചനാകുവാൻ പൊയ്ക്കോട്ടേ’ എന്ന് ചോദിക്കുകയും ചെയ്തു അദ്ദേഹം.  അതിനു തൊട്ടടുത്ത ദിവസം സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു അപകടം ഉണ്ടാവുകയും ബൈക്കിൽ നിന്ന് തെറിച്ചു മറ്റൊരു ലോറിയുടെ മുന്നിലേയ്ക്ക് വീഴുകയും ചെയ്തു. ഭാഗ്യവശാൽ മരണം മുന്നിൽ കണ്ട ആ നിമിഷത്തിൽ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടൽ മൂലം അദ്ദേഹം രക്ഷപെട്ടു. ആ അപകടത്തിനു ശേഷം ദൈവം തന്നോട് ‘ഈ ജീവിതം എനിക്ക് തന്നുകൂടെ’ എന്ന ചോദ്യം ആവർത്തിച്ചു ചോദിക്കുന്നതായി തോന്നി. ആ ഒരു ആഴമായ ബോധ്യത്തിൽ നിന്നാണ് ജോലി രാജി വയ്ക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.

പ്രതിസന്ധികളെ തരണം ചെയ്തു പൗരോഹിത്യത്തിലേയ്‌ക്ക്‌

മകന്റെ ആഗ്രഹം വേദനയോടെയാണ് അംഗീകരിച്ചതെങ്കിലും അവനെ കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളേക്കാൾ ദൈവത്തിന്റെ സ്വപ്നങ്ങളാണ് വലുതെന്നു മാതാപിതാക്കൾ  തിരിച്ചറിഞ്ഞു. നീണ്ടനാളത്തെ മകന്റെ ആഗ്രഹം അത് ദൈവത്തിന്റെ പദ്ധതിയാണെന്നു തോന്നിയ നിമിഷം ആ മാതാപിതാക്കൾ മകനെ ദൈവത്തിന്റെ വേലയ്ക്കായി അയക്കുവാൻ തയ്യാറായി.

ജോലി രാജി വയ്ക്കുക എന്ന തീരുമാനം അറിഞ്ഞപ്പോൾ ആദ്യം കൂടെ ജോലി ചെയ്യുന്നവർ ചോദിച്ചത് എന്ത് ഓഫാറാണ് ലഭിച്ചിരിക്കുക എന്നായിരുന്നു. താൻ വൈദികനാകുവാൻ പോകുകയാണെന്നും ഈ ജോലി വിട്ടു കഴിഞ്ഞൽ പിന്നെ തനിക്കൊരു ജോലി ഇല്ല എന്നും ഓഫർ ഒന്നുമില്ല ദൈവത്തിനായി ആണ് താൻ ഇറങ്ങുന്നതെന്നും പറഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു, അവർക്കു അത് ഉൾക്കൊള്ളുവാൻ കഴിഞ്ഞിരുന്നില്ല എന്ന് റോബിൻ ഓർക്കുന്നു. അവർ ചോദിച്ചു, വീടിനെയും നാടിനെയും ഒക്കെ ഉപേക്ഷിച്ചു പോകുന്നത് ഉത്തവരാവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ എന്ന്. അങ്ങനെ ചോദിച്ചവരോട് അദ്ദേഹം ഒരു മറുപടിയെ നല്കിയുള്ളു. “വീടിനെയും നാടിനെയും വിട്ടു പോവുകയല്ല വൈദികനാകുന്നതിലൂടെ ചെയ്യുക. മറിച്ചു ലോകത്തെ മുഴുവൻ കുടുംബമാക്കി മാറ്റുകയാണ്”.

ലോകത്തെ മുഴുവൻ കുടുംബമായി അംഗീകരിക്കുന്ന സ്നേഹത്തിന്റെ പൂർണതയിലേക്കാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഷോൺസ്റ്റാർട്ട് എന്ന സന്യാസ സമൂഹത്തിലാണ്.

ഷോൺസ്റ്റാട്ട് സന്യാസ സഭ

ഷോൺസ്റ്റാട്ട് ഒരു സഭ എന്നതിലുപരി സെക്കുലർ ഇൻസ്റ്റിട്യുട്ടാണ്. 1914 ൽ ജർമ്മനിയിൽ ഒരു മൂവ്മെന്റ് ആയി ആണ് ഷോൺസ്റ്റാട്ട് ആരംഭിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം സഭയിൽ ഉണ്ടായ ചില മാറ്റങ്ങളാണ് ഷോൺസ്റ്റാട്ട് വൈദിക സമൂഹത്തിന്റെ തുടക്കത്തിന് കാരണം. പല മിനിസ്ട്രികൾ ആയി പ്രവർത്തിച്ചു വന്നിരുന്ന ഈ സമൂഹത്തിലെ ആളുകൾക്ക് പൗരോഹത്യ ശുശ്രൂഷ അതിന്റെ പൂർണ്ണതയിൽ നൽകുന്നതിനായി ആണ് ഷോൺസ്റ്റാട്ട് വൈദിക സമൂഹം ആരംഭിക്കുന്നത്. ഷോൺസ്റ്റാട്ട് സമൂഹത്തിന്റെ കാരിസം എന്നത് ഒരു പെഡഗോജിക്കൽ കാരിസം ആണ്. അതായത് ഒരു വ്യക്തിയെ വാർത്തെടുക്കുന്ന അല്ലെങ്കിൽ ഒരു സമൂഹത്തെ ശരിയായ രീതിയിൽ രൂപീകരിക്കുന്ന കാരിസമാണ്. ഷോൺസ്റ്റാട്ട് എന്നത് ഒരു മരിയൻ കോൺഗ്രിഗേഷൻ ആണ്. അതായത് മാതാവുമായി സന്യസ്തർ ഒരു ഉടമ്പടിയിൽ ഏർപ്പെടുകയ്യാണ്. പെഡഗോജിക്കൽ കാരിസം അതിന്റെ പൂർണ്ണതയിൽ സാധ്യമാക്കുക മാതാവിന്റെ പ്രത്യേക മാധ്യസ്ഥത്തിലൂടെയാണ് എന്ന് സന്യാസ സമൂഹം വിശ്വസിക്കുന്നു.

വ്യക്തിപരമായി ഓരോ ആളുകളെയും സമീപിച്ചു അവരുടെ ശക്തികളും കുറവുകളും തിരിച്ചറിഞ്ഞു അവരെ കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം മനസിലാക്കുവാൻ സഹായിക്കുകയും അതിലേയ്ക്ക് വളരുവാനായി അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഷോൺസ്റ്റാട്ട് സമൂഹത്തിൻറെ ലക്ഷ്യം. അവരുടെ തന്നെ ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്നതിനുള്ള സ്വാതന്ത്ര്യം അവർക്കു നൽകുന്നു. അർജന്റീന, ചിലി എന്നിവിടങ്ങളിൽ ശക്തമായി പ്രവര്‍ത്തിക്കുന്ന ഈ സമൂഹത്തിൽ ഇന്ത്യയിൽ രണ്ടു പ്രൊവിൻസുകളിലായി 60 തോളം വൈദികരും ഉണ്ട്.

പൗരോഹിത്യത്തെ കുറിച്ചുള്ള പ്രതീക്ഷ 

ഡീക്കൻ റോബിന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഓരോ പുരോഹിതനും തന്റെ അടുത്തെത്തുന്നവർക്കു ഈശോയായി മാറണം. അത് തന്നെയാണ് അദ്ദേഹം  ആഗ്രഹിക്കുന്നതും. പൗരോഹിത്യം എന്നത് ലോകത്തെ മുഴുവൻ സ്വന്തം കുടുംബമായി കാണുന്നതിനുള്ള വിളിയാണ്.

മുന്നോട്ടുള്ള ജീവിതത്തിൽ ദൈവത്തിന്റെ കാരുണ്യം ലോകമാകുന്ന കുടുംബത്തിലേക്ക് എത്തിക്കുവാൻ ഉള്ള വലിയ വിളിയാണ് താൻ ഏറ്റെടുത്തിരിക്കുക എന്ന ബോധ്യത്തോടെ ബലിവേദിയിലേയ്ക്ക് യാത്രയാവുകയാണ് ഡീക്കൻ റോബിൻ.

എന്നെ അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഉപകരണമാക്കണമേ” എന്ന റോബിനച്ചന്റെ ആഗ്രഹത്തിനു നമുക്കു പ്രാർത്ഥനയിലൂടെ കരുത്തു പകരാം. ലൈഫ്ഡേയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകൾ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.