ആറു മക്കളിൽ നാലു പേർ സന്യാസിനിമാർ; അവരില്‍ ഒരാള്‍ പഴയ റേഡിയോ ജോക്കി!

സുനീഷ വി.എഫ്.

സമർപ്പിത – സന്യാസജീവിതത്തിലേക്കുള്ള വിളി ലഭിക്കുക എന്നത് ദൈവികമായ ഒരു കാര്യമാണ്. ആ വിളിക്ക് ആത്മവിശ്വാസത്തോടെ കൃത്യമായ ഉത്തരം നൽകാൻ സാധിക്കുക എന്നത് അതിനേക്കാൾ ദൈവികമായതും. സമർപ്പിതജീവിതത്തിലേക്ക് ഒരു കുടുംബത്തിലെ നാല് സഹോദരിമാരെ ദൈവം വിളിച്ചപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ച വലിയ അനുഗ്രഹങ്ങളെക്കുറിച്ചാണ് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്.

ഒരു കുടുംബത്തിലെ ആറു മക്കളിൽ നാലു പേർ സിസ്റ്റേഴ്സ് ആയാലോ? അസാധാരണമായൊരു ദൈവവിളിയുടെ കഥയാണ് സി. ജെസിയ എം എസ് ജെ -യ്ക്ക് പറയാനുള്ളത്. തനിക്കും സഹോദരിമാർക്കുമിടയിൽ ദൈവത്തിന്റെ പ്രത്യേക സ്നേഹവും കരുതലും ഇക്കാലമത്രയും ഉണ്ടായത് അവിടുത്തെ വിളിയിൽ ആത്മവിശ്വാസത്തോടെ, അവിടുന്ന് കൂടെയുണ്ടെന്ന ഉറപ്പോടെ നൽകിയ പ്രത്യുത്തരം കൊണ്ടാണെന്ന് അടിവരയിട്ടു പറയുകയാണ് ഈ സിസ്റ്റർ. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ മാവറയിൽ പരേതരായ ജോൺ – മേരിക്കുട്ടി ദമ്പതികളുടെ ആറു മക്കളിൽ നാലു പേരും തിരഞ്ഞെടുത്തത് സന്യാസത്തിലേക്കുള്ള വഴിയാണ്. ഈ നാല് ‘സിസ്റ്റർ സഹോദരിമാരിൽ’ രണ്ടാമത്തെ ആളായ ഡോ. സി. ജെസിയ മറ്റു മൂന്നു പേർക്കും വേണ്ടി ലൈഫ് ഡേ -യോട് സംസാരിക്കുകയാണ് ഇവിടെ.

അനുഗ്രഹീതരായ മാതാപിതാക്കൾ

“ഞങ്ങൾ ആറു മക്കളാണ് ഉള്ളത്. ഞങ്ങളുടെ എല്ലാവരുടെയും മാതൃകയും വലിയ ഉറപ്പും ഞങ്ങളുടെ ചാച്ചനും അമ്മച്ചിയുമാണ്. അവരുടെ പ്രാർത്ഥനയും നന്മ നിറഞ്ഞ ജീവിതവുമൊക്കെ കണ്ടാണ് ഞങ്ങൾ വളർന്നത്. മക്കളെ ഇത്രയധികം സ്നേഹിച്ച അവർ എന്നും ഞങ്ങളുടെ വലിയൊരു ശക്തിയാണ്. വെളുപ്പിനെ റബർ വെട്ടാൻ പണിക്കാർ വരുമായിരുന്നു. അവരുടെ ഒപ്പം ചാച്ചനും പോകും. അതിനും മുമ്പു തന്നെ അവർ രണ്ടു പേരും എഴുന്നേറ്റ് ജപമാല ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. അതിനു ശേഷം മാത്രമേ മറ്റേതൊരു ജോലിയും അവർ ചെയ്തിരുന്നുള്ളൂ. ഇതൊക്കെ കണ്ടായിരുന്നു ഞങ്ങൾ വളർന്നത്” – സിസ്റ്റർ ജെസിയ ഓർമ്മിക്കുന്നു.

മക്കൾക്ക് അങ്ങേയറ്റം സ്വാതന്ത്ര്യം നൽകിയായിരുന്നു ആ മാതാപിതാക്കൾ അവരെ വളർത്തിയിരുന്നത്. എല്ലാവരും നന്നായി പഠിക്കുമായിരുന്നു. മറ്റു കലാകായികമേഖലകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ നാലു പേരെയും എല്ലാവർക്കും ഒരുപാട് ഇഷ്ടവുമായിരുന്നു. “വിശുദ്ധജീവിതം നയിച്ച ഞങ്ങളുടെ ചാച്ചന്റെയും അമ്മച്ചിയുടെയും പ്രാർത്ഥനയാണ് ഞങ്ങളുടെ ദൈവവിളിക്കു കാരണമെന്നു ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു” – സിസ്റ്റർ പറയുന്നു. 2011 -ൽ ചാച്ചനും 2016 – അമ്മച്ചിയും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടെങ്കിലും ഇന്നും അവർ സ്വർഗ്ഗത്തിലിരുന്ന് മക്കൾക്കായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഈ മക്കളുടെ ജീവിതം തെളിയിക്കുന്നു.

മൂത്ത സഹോദരിയുടെ പതിനാലാം വയസ്സിലെ ദൈവവിളി

ആറു മക്കളിൽ ഏറ്റവും മൂത്തത്, ചേട്ടൻ ജോസഫ് ആണ്. അതിനു തൊട്ടു താഴെ ചേച്ചി ആൻസി. ഇരുവരും ഇപ്പോൾ കുടുംബജീവിതം നയിക്കുകയാണ്. മൂന്നാമത്തെ സഹോദരിയായ തെരേസിനെ ആയിരുന്നു ആദ്യം ദൈവം ക്ഷണിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ ഉടൻ തന്നെ മഠത്തിൽ പോകണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു. മകളുടെ ആ വിളിയെ മാതാപിതാക്കൾ എതിർത്തില്ല. പക്ഷേ, തെരേസിനായ്ക്ക് സി. തെരേസിനയാകാൻ പ്രായം ഒരു പ്രതിബന്ധമായിരുന്നു. 14 വയസ്സ് മാത്രം പ്രായമുള്ള ഒരു പെങ്കൊച്ചിനെ മഠത്തിലെടുക്കാൻ ആരും തയ്യാറായില്ല. എങ്കിലും കുടുംബത്തിൽ ധാരാളം അച്ചന്മാരും സിസ്റ്റേഴ്സും ഉണ്ടായിരുന്നതിനാൽ അവരെല്ലാം മുൻകൈയ്യെടുത്ത്, മാർപാപ്പയുടെ പക്കൽ നിന്നും അനുമതി വാങ്ങി വി. കൊച്ചുത്രേസ്യ മഠത്തിൽ ചേർന്നതുപോലെ, ബിഷപ്പിന്റെ പക്കൽ നിന്നും പ്രത്യേക അനുവാദം വാങ്ങിയിട്ടായിരുന്നു മഠത്തിൽ ചേരുന്നത്.

ഫ്രാൻസിസ്കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലാണ് സിസ്റ്റർ അംഗമായിരിക്കുന്നത്. കുഞ്ഞുന്നാളിലേ ഉണ്ടായിരുന്ന ആ തീക്ഷ്‌ണത തന്റെ 25 വർഷം പിന്നിടുന്ന സന്യാസജീവിതത്തിൽ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് സി. തെരേസീന. പാലക്കാട് സെറാഫിക് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ആണ് ഇപ്പോള്‍ സിസ്റ്റര്‍.

തുടർന്നുള്ള മൂന്നു വിളികളും പ്രത്യുത്തരങ്ങളും

പിന്നീടങ്ങോട്ട് ദൈവം പ്രത്യേകമായി ബാക്കിയുള്ള സഹോദരിമാരുടെ ജീവിതത്തിലും ഇടപെടുകയായിരുന്നു. സി. ജെസിയയും സി. കാതറിനും സി. കരോളിനുമെല്ലാം ദൈവത്തിനായി ജീവിതം സമർപ്പിച്ചു. മൂന്നു പേരിൽ സി. ജെസിയയും സി. കരോളിനും ഡിഗ്രി കഴിഞ്ഞതിനു ശേഷമായിരുന്നു മഠത്തിൽ ചേരുന്നത്. എന്നാൽ സി. കാതറിന് തന്റെ വിളിയെ വച്ചുതാമസിപ്പിക്കാൻ സാധിച്ചില്ല. ഡിഗ്രി രണ്ടാം വർഷമായപ്പോഴേക്കും സിസ്റ്റർ മഠത്തിൽ ചേർന്നു. സി. ജെസിയ മാത്രം മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസ സഭയിലാണ് അംഗമായത്. ബാക്കി മൂന്നു പേരും എഫ്.സി.സി യിലും. അതിന് ജെസിയ സിസ്റ്ററിനു പറയാൻ ഒരു കാരണവുമുണ്ട്.

വീടിനടുത്തുള്ള ആശുപത്രി നടത്തിയിരുന്നത് എം എസ് ജെ സിസ്റ്റേഴ്സ് ആയിരുന്നു. ചെറുപ്പം മുതൽ അവിടെ പോകുമ്പോൾ അവർ ചെയ്യുന്ന സേവനങ്ങളും ശുശ്രൂഷകളും സിസ്റ്ററിന്റെ മനസ്സിൽ ഉടക്കിയിരുന്നു. അത്തരത്തിലുള്ള ശുശ്രൂഷകൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിൽപ്പോലും സന്യാസം തന്റെ വഴിയായി തിരഞ്ഞെടുക്കുമെന്ന് ഒരിക്കലും സിസ്റ്റർ കരുതിയിരുന്നതേയില്ല. ബി എസ് സി കഴിഞ്ഞ് എറണാകുളം സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ടൂറിസം മാനേജ്‌മന്റ് മൂന്നാം റാങ്കോടെ സിസ്റ്റർ പാസ്സായി.

ഓൾ ഇന്ത്യ റേഡിയോയിലെ റേഡിയോ ജോക്കിയായി പാർട്ട് ടൈം ജോലി

ടൂറിസം മാനേജ്മന്റ് കോഴ്സ് പഠിക്കുമ്പോൾ സഹോദരന്റെ വീട്ടിലായിരുന്നു സിസ്റ്റർ താമസിച്ചിരുന്നത്. ആ സമയത്ത് ഉച്ച വരയേ ക്ലാസ്സുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഓൾ ഇന്ത്യ റേഡിയോ കൊച്ചി എഫ്.എം. സ്റ്റേഷനിൽ പാർട്ട് ടൈം ആയി അവതാരകരെ ആവശ്യമുണ്ടെന്ന് കേൾക്കുന്നത്. സ്ഥിരമായി റേഡിയോ പരിപാടികൾ ശ്രദ്ധിച്ചിരുന്നതിനാൽ സിസ്റ്റർ സഹോദരനുമായി ഇത് സംസാരിച്ചു. “ക്ലാസ് കഴിഞ്ഞ് ഇഷ്ടം പോലെ സമയം ബാക്കിയുണ്ടല്ലോ. പിന്നെന്താണ് ഒന്ന് ശ്രമിച്ചാൽ എന്ന് ചേട്ടൻ പറഞ്ഞു. അപ്പോൾ ഒന്ന് ശ്രമിക്കാമെന്നു ഞാനും കരുതി. ഓഡിഷന് പോയി. ജോലിയും കിട്ടി. ക്ലാസ് കഴിഞ്ഞു നേരെ റേഡിയോയിൽ, പിന്നെ നാലു മണിക്കൂർ അവിടെ ജോലി” – സിസ്റ്റർ ചിരിക്കുകയാണ്.

കാരണം ഞങ്ങളുടെ സംസാരത്തിനിടയിൽ ശബ്ദത്തിന്റെ ഭംഗിയെക്കുറിച്ച് സംസാരിച്ചപ്പോഴാണ് കോൺവെന്റിൽ പോലും ആർക്കും അറിയാത്ത ഈ രഹസ്യം പുറത്തുവന്നത്. പിന്നീട് പഠനം കഴിഞ്ഞ് മൂന്നു പേർക്ക് സൗജന്യമായി ജർമ്മനിയിൽ ഒരു എയർവെയ്‌സിൽ ട്രെയ്‌നിങ്ങിന് അവസരമുണ്ടായിരുന്നു. അതിനു പോകാൻ തയ്യാറാകുന്നതിനു മുന്നോടിയായി അവധിസമയത്ത് വീട്ടിൽ വന്നിരുന്നു. അവിടെ വച്ച് സിസ്റ്റർ ഒരു ധ്യാനത്തിനു പോയി.

ധ്യാനം മാറ്റിമറിച്ച ജീവിതവഴി

“മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലായിരുന്നു ധ്യാനം കൂടാൻ പോയത്. സത്യം പറഞ്ഞാൽ അവിടെ വച്ചായിരുന്നു ദൈവം എന്നെയും വിളിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്” – സിസ്റ്റർ വെളിപ്പെടുത്തി. പിന്നീട് സിസ്റ്റർ പോയത് ജർമ്മനിയിലേക്കായിരുന്നില്ല. മുൻപ് ജോലി ചെയ്തിരുന്ന റേഡിയോ സ്റ്റേഷന്റെ തൊട്ടടുത്തുള്ള എം എസ് ജെ കോൺവെന്റിലേയ്ക്കായിരുന്നു. അന്നവിടെ ജോലി ചെയ്യുമ്പോൾ ഒരിക്കൽപോലും അടുത്തുള്ള കോൺവെന്റിൽ താൻ എത്തിച്ചേരുമെന്ന് സിസ്റ്റർ ഓർത്തിരുന്നില്ല. എങ്കിലും വളരെ പെട്ടന്നു തന്നെ ദൈവം സിസ്റ്ററിനെ അവിടെ എത്തിച്ചു.

“എന്റെ കൂട്ടുകാരൊക്കെ ഓർത്തിരുന്നത്, ഞാൻ പോയിട്ട് തിരികെ വരുമെന്നായിരുന്നു. കാരണം പഠനം, ജോലി, പണം ഒക്കെ നേടിക്കഴിഞ്ഞ ഒരാൾ മഠത്തിൽ പോയാൽ നിൽക്കുമോ എന്ന ആശങ്കയായിരുന്നു അതിനു പിന്നിൽ. എന്നാൽ ഞാൻ കരുതുന്നത്, ഇതൊക്കെ ഇത്രയേ ഉള്ളു എന്ന് എന്നെ പഠിപ്പിക്കാൻ ദൈവം ഒരുക്കിയതാണെന്നാണ്. കാരണം സന്യാസം എന്നു പറയുന്നത് നമ്മുടെ മാത്രം ഇഷ്ടമല്ല, കർത്താവിന്റെ കൂടെ ഇഷ്ടമാണ്. അതിനോട് നമ്മൾ ഒന്ന് സഹകരിച്ചുകൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം അവിടുന്ന് നോക്കിക്കൊള്ളും” – തെളിമയാർന്ന ശബ്ദത്തിൽ സിസ്റ്റർ പറയുകയാണ്.

പിന്നീട് സിസ്റ്റർ എം എസ് ഡബ്ള്യു ചെയ്തു. അതിനു ശേഷം എം ഫില്ലും പൂർത്തിയാക്കി. 2007 മുതൽ എറണാകുളത്തെ കാക്കനാട്ടുള്ള സന്യാസ സഭയുടെ തന്നെ മനസികാരോഗ്യകേന്ദ്രമായ കുസുമഗിരി മെന്റൽ ഹെൽത്ത് സെന്ററിൽ കൗൺസിലർ ആയി സേവനം ചെയ്യാൻ ആരംഭിച്ചു.

“ജീവിതത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് ബോധ്യം വന്നത് ഇവിടെ എത്തിയപ്പോഴാണ്. കാരണം ഈ ലോകത്ത് മാനസികമായി ഇത്രയധികം അസ്വസ്ഥതകളുള്ള ആളുകൾ ജീവിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടായത് അവിടെ നിന്നാണ്. ഈ ലോകത്ത് സൗഖ്യത്തിന്റെ ഒരു സാമീപ്യമായിട്ടാണ് നാം ജീവിക്കേണ്ടതെന്നു ബോധ്യം വന്ന നാളുകളായിരുന്നു അത്. രോഗീശുശ്രൂഷയെന്ന കോൺഗ്രിഗേഷന്റെ ചൈതന്യത്തിന് എത്രകാലം കഴിഞ്ഞാലും മങ്ങലേൽക്കില്ല. കാരണം ഇന്ന് ലോകമെമ്പാടും രോഗം ബാധിച്ചിരിക്കുകയാണല്ലോ. കോവിഡിനു ശേഷമുള്ള മാനസികാരോഗ്യനില വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അത്തരത്തിലുള്ള കേസുകൾ വളരെയധികം കൂടുതലാണിപ്പോൾ. ശരീരത്തിലൂടെ ആത്മാവിലേക്ക് ഒരു സൗഖ്യമായി മാറുക എന്ന വലിയ ചിന്തയെ പ്രാവർത്തികമാക്കാനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്” – സിസ്റ്റർ പറയുന്നു.

ആഗസ്റ്റ് ആറാം തീയതി മുതൽ സിസ്റ്റർ ഒരു ഡോക്ടറും കൂടിയാണ്. ‘കുട്ടികളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് PhD ബിരുദം സിസ്റ്ററിനു ലഭിച്ചു.

വിളി ലഭിച്ചെത്തിയെങ്കിലും സന്യാസ സമൂഹത്തിന്റെ സ്നേഹവും അധികാരികളുടെ കൃത്യമായ മാർഗ്ഗനിർദ്ദേശവുമൊക്കെയാണ് ജീവിതവഴികളിൽ എന്നും താങ്ങും തണലുമായിട്ടുള്ളതെന്നു സിസ്റ്റർ ഉറപ്പിച്ചു പറയുകയാണ്. “വേണ്ട സമയത്ത് കൃത്യമായ വെള്ളവും വളവും നൽകപ്പെട്ട ഒരു ചെടിയാണ് ഞാൻ. സന്യാസം എന്നത് എളുപ്പമുള്ള വഴിയല്ലെങ്കിലും അവിടുത്തെ ജീവിതത്തോടും കുരിശിനോടും നമ്മെയും ചേർത്തുവയ്ക്കുമ്പോൾ നമുക്കു മുൻപോട്ട് പോകുവാൻ സാധിക്കും. ദൈവം വിളിക്കുന്ന സമയമാണ് യഥാർത്ഥ സമയം. അത് നേരത്തെയെന്നോ, വൈകിയെന്നോ ഇല്ല. അവിടുത്തേയ്ക്ക് ആവശ്യമുള്ള സമയത്താണ് നമ്മെ വിളിക്കുന്നത്” – സിസ്റ്റർ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് സംസാരിക്കുകയാണ്.

മറ്റു മൂന്നു സഹോദരിമാരും പി ജിയും MEd ഉം കഴിഞ്ഞ് അധ്യാപന ശുശ്രൂഷ ചെയ്തിരുന്നവരും ചെയ്യുന്നവരുമാണ്. സി. കാതറിൻ FCC കഴിഞ്ഞ 10 വർഷമായി സമർപ്പിതാർത്ഥികളുടെ പരിശീലനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിസ്റ്റർ റോമിൽ നിന്ന് ഫോർമേഷൻ സ്പിരിച്വാലിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കിയിരുന്നു. സി.കരോളിൻ പാലക്കാടുള്ള സന്യാസ സഭയുടെ സ്‌കൂളിന്റെ വൈസ് പ്രിൻസിപ്പാളും ഹയർ സെക്കന്ററിയിൽ കോമേഴ്‌സ് വിഭാഗത്തിൽ അക്കൗണ്ടൻസി അദ്ധ്യാപികയുമാണ്.

“ഞങ്ങൾ ഒരിക്കൽ പോലും ഞങ്ങളുടെ ദൈവവിളിയെക്കുറിച്ച് പരസ്പരം സംസാരിച്ചിരുന്നില്ല. തീരുമാനം എടുത്തതിനു ശേഷം മാത്രമേ എല്ലാവരോടും പറയുകയുണ്ടായിരുന്നുള്ളൂ. വീട്ടിൽ നിന്ന് മാതാപിതാക്കൾക്ക് എതിർപ്പില്ലായിരുന്നെങ്കിലും മറ്റു ബന്ധുക്കൾക്ക് വിഷമം ഉണ്ടായിരുന്നു. കാരണം നാലു പേരൊക്കെ മഠത്തിൽ പോകുക എന്നത് അവരെ സംബന്ധിച്ച് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ചെറുപ്പം മുതൽ ഞങ്ങൾക്ക് നല്ല സ്വാതന്ത്ര്യം നൽകിയായിരുന്നു വളർത്തിയിരുന്നത്. പഠിക്കുമ്പോൾ പോലും ട്രെയിനിലൊക്കെ ഒറ്റക്കായിരുന്നു കോളേജിലേക്കൊക്കെ പോകാൻ അയച്ചിരുന്നത്. അതിനാൽ തന്നെ ഞങ്ങൾക്ക് തന്നിരുന്ന സ്വാതന്ത്ര്യം ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. അവർ ഞങ്ങളെ വിശ്വസിച്ചത് ഞങ്ങളുടെ ഉത്തരവാദിത്വമായി ഞങ്ങൾ കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് വളരെയധികം തിരക്കുണ്ടെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ എല്ലാം ദൈവമഹത്വത്തിനായി ചെയ്യുന്ന പ്രവർത്തികളാണ്. അതിൽ വളരെയധികം സന്തോഷമേ ഉള്ളൂ.

സഹോദരങ്ങൾ പരസ്പരം കാണലും സംസാരിക്കലും കുറവാണ്. ഞങ്ങൾക്കിടയിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഒഴിവാക്കിയിട്ട് മറ്റുള്ളവർക്ക് നാം ലഭ്യമായിരിക്കുക എന്ന ചിന്തയാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ചാച്ചനും അമ്മച്ചിയും ഞങ്ങളെ പഠിപ്പിച്ചുതന്നതും അതു തന്നെയായിരുന്നു. ഞങ്ങളുടെ വിളിയിൽ ഞങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളൂ. വി ആർ പ്രൗഡ് ഓഫ് ദാറ്റ്. ഞങ്ങൾക്ക് അഭിമാനമുണ്ട്. എല്ലാം ദൈവമഹത്വത്തിനായി.”

സന്തോഷം നിറഞ്ഞ ആ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സും അറിയാതെ നിറഞ്ഞുകവിയും. കാരണം ആ വാക്കുകളിലും ആർജ്ജവമുള്ള ആ സംസാരത്തിലും എല്ലാം അടങ്ങിയിട്ടുണ്ട്. തന്റെ വിളിയിൽ സിസ്റ്റർ എത്രത്തോളം തൃപ്തയാണെന്ന് കൂടുതൽ വിവരണങ്ങൾ ആവശ്യമില്ല. ആ സംസാരത്തിലുണ്ട്, ചിരിയിലുണ്ട്, അഹോരാത്രമുള്ള പ്രവർത്തനങ്ങളിലും മനോഭാവങ്ങളിലുമുണ്ട് ലഭിച്ച വിളിയുടെ മഹത്വവും സന്തോഷവും. സി. ജെസിയക്കു മാത്രമല്ല സി. തെരേസിനായ്ക്കും സി. കാതറിനും സി. കരോളിനും എല്ലാം പറയാൻ ഒരേ കാര്യം തന്നെയാണുള്ളത് – “വി ആർ പ്രൗഡ് ഓഫ് ദാറ്റ്.”

ദൈവം കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിൽ അവിടുത്തെ വിളിക്ക് പ്രത്യുത്തരം നൽകിയ അനേകായിരം സമർപ്പിതരുടെ ജ്വലിക്കുന്ന പ്രതിനിധികളാണ് ഈ നാല് സിസ്റ്റർമാർ. കർത്താവിന്റെ സമയത്ത് അവിടുന്ന് വിളിച്ചപ്പോൾ അവിടുത്തേക്കു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിത്തിരിച്ച നാല് മിടുക്കികൾ. ഇന്നവർ ഭൂമിയിൽ ദൈവത്തിന്റെ കണ്ണും കരങ്ങളും ഹൃദയവുമായി ശുശ്രൂഷ ചെയ്യുകയാണ്. ചെയ്യുന്ന ഏതൊരു കാര്യവും അവിടുത്തെ മഹത്വത്തിനായി സമർപ്പിക്കുന്ന ഈ നാല് സഹോദരിമാർ ലോകത്തിനും സ്വർഗ്ഗത്തിനും ഒരുപോലെ പ്രിയപ്പെട്ടവരായി മാറട്ടെ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.