ഒക്ടോബർ അവസാനം അമേരിക്കൻ പ്രസിഡന്റ് മാർപാപ്പായെ സന്ദർശിക്കുമെന്ന് സൂചന

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒക്ടോബർ 29 -ന് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുമെന്ന് അപ്പസ്തോലിക കൊട്ടാരത്തിൽ നിന്നുള്ള ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തി. രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ നയതന്ത്രത്തിനുള്ള അവസരങ്ങളാണെങ്കിലും അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ചക്കുള്ള തയ്യാറെടുപ്പുകൾ ആരഭിച്ചുവെന്നാണ് ലഭിക്കുന്ന സൂചന.

രാഷ്ട്രത്തലവന്മാരുടെ സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ സാധാരണയായി മുൻകൂട്ടി അറിയിപ്പ് നൽകാറില്ല. പൊതുവെ, മീറ്റിംഗുകൾ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വിവരങ്ങൾ നൽകുന്നത്. രാഷ്ട്രത്തലവൻ ഔദ്യോഗികപ്രഖ്യാപനം നടത്തിയതിനു ശേഷം മാത്രമേ ഇത്തരം സന്ദർശനങ്ങൾ സ്ഥിരീകരിക്കുകയുള്ളൂ.

റിപ്പോർട്ടുകൾ അനുസരിച്ച് പ്രസിഡന്റ് ബൈഡന്റേത് ഒരു ഔദ്യോഗിക സന്ദർശനമായിരിക്കും. ആദ്യം, പ്രസിഡന്റ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറി, വത്തിക്കാൻ വിദേശകാര്യമന്ത്രിക്കു തുല്യമായ ആർച്ചുബിഷപ്പ് പോൾ ഗല്ലാഗർ എന്നിവരുമായി സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.

പ്രസിഡന്റ് ബൈഡൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒക്ടോബർ അവസാനം യൂറോപ്പിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.