2020 -ൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യൻ സന്യാസിനിയും

2020 -ലെ പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഇന്ത്യയിൽ നിന്നുള്ള സന്യാസിനിയും. ഓസ്ട്രിയൻ മാസികയായ ‘ദി ഓം’ പുറത്തു വിട്ട പട്ടികയിൽ ആണ് പൂനെ ആസ്ഥാനമായുള്ള മഹേറിന്റെ സ്ഥാപക ഡയറക്ടർ സിസ്റ്റർ ലൂസി കുര്യൻ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ പന്ത്രണ്ടാം സ്ഥാനമാണ് സി. ലൂസി കുര്യന്. ഫ്രാൻസിസ് പാപ്പായും ദലൈ ലാമയും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അഞ്ചാം പ്രാവശ്യമാണ് ഓം മാസിക ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ആളുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു വർഷമായിരുന്നു 2020 എന്നും മറ്റു വർഷങ്ങളിലേതിനേക്കാൾ വ്യത്യസ്തമായിരുന്നു ഈ വർഷം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെയാണ് മാസിക തിരഞ്ഞെടുത്തത്. ലോകത്തിന് ഒരു പുതിയ പ്രതീക്ഷ നൽകിയ ജർമ്മൻ ശാസ്ത്രജ്ഞനും കോവിഡ് -19 വാക്സിൻ വികസിപ്പിച്ചെടുത്ത വ്യക്തിയും ആയ ഉഗുർ സാഹിൻ ആണ് പട്ടികയിൽ ഒന്നാമത്.

തന്റെ സഹായ സംഘടനയായ മഹേറിനൊപ്പം ആയിരക്കണക്കിന് കുട്ടികളെ തെരുവിൽ നിന്ന് കരകയറ്റിയ സി. ലൂസി കുര്യനെ ആധുനിക ലോകത്തിന്റെ നായികയായി പട്ടിക ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ ആണ് ഈ പട്ടികയിൽ ഇടം നേടുവാൻ കാരണമായി മാറിയത്. ലോക് ഡൌൺ പ്രഖ്യാപിച്ച സമയത്ത് 25,000 -ത്തോളം അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുവാൻ സിസ്റ്ററിനും സംഘത്തിനും കഴിഞ്ഞു. കൂടാതെ ഇവരുടെ സ്ഥാപനത്തിന് ചുറ്റുമുള്ള പാവങ്ങളായ 600 -ഓളം പേർക്ക് ദിവസേന ഭക്ഷണം നൽകുകയും ചെയ്തു. 21 ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാലായിരത്തോളം ജനങ്ങളിലേയ്ക്ക് എത്തുവാനും പാവപ്പെട്ട കുടുംബങ്ങൾക്ക് അണുനാശിനികളും മാസ്കും മറ്റും എത്തിക്കുവാനും സി. ലൂസി കുര്യന് കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.