വി. കെറ്റവന്‍ രാജ്ഞിയുടെ തിരുശേഷിപ്പ് ഇന്ത്യ ജോര്‍ജിയക്കു കൈമാറി

ഔദ്യോഗിക സന്ദര്‍ശനത്തിനായി ജോര്‍ജിയയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ജോര്‍ജിയ ഏറെ വിലമതിക്കുന്ന ഒരു സമ്മാനവും കരുതിയിരുന്നു. ജോര്‍ജിയന്‍ ജനത ഏറെ ആഗ്രഹിച്ച, അവരുടെ ചരിത്രവുമായും ആത്മീയതയുമായും ഏറെ ബന്ധമുള്ള, അവരെ സംബന്ധിച്ച് വളരെ മൂല്യമേറിയ ഒരു സമ്മാനമായിരുന്നു അത്. 17ാം നൂറ്റാണ്ടില്‍ ജോര്‍ജിയ ഭരിച്ചിരുന്ന ക്വീന്‍ കെറ്റവന്റെ ഭൗതികാവശിഷ്ടങ്ങളായിരുന്നു അത്.

തന്നെ സ്വീകരിക്കാനെത്തിയ ജോര്‍ജിയന്‍ വിദേശകാര്യ മന്ത്രി സല്‍ക്കലിയാനിക്കാണ് ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ നിന്ന് 2005 -ല്‍ കണ്ടെത്തിയ ഭൗതികാവശിഷ്ടം ജയശങ്കര്‍ കൈമാറിയത്. 17ാം നൂറ്റാണ്ടിലെ ജോര്‍ജിയന്‍ രാജ്ഞിയായിരുന്ന കെറ്റെവന്‍, പിന്നീട് പേര്‍ഷ്യയില്‍ തടവുകാരിയാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. തടവില്‍ കഴിയുന്നതിനിടെ മതപരിവര്‍ത്തനത്തിനോ ഭരണാധികാരിയുടെ വിവാഹാഭ്യര്‍ത്ഥനക്കോ കെറ്റെവന്‍ വഴങ്ങിയിരുന്നില്ല. ആത്മീയതയില്‍ അടിയുറച്ചു നിന്ന കെറ്റെവനെ പരസ്യമായാണ് കൊല ചെയ്തത്.

രക്തസാക്ഷിയായിത്തീര്‍ന്ന കെറ്റെവനെ ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് വിശുദ്ധയുടെ ഭൗതികാവശിഷ്ടം 1627-ല്‍ ഗോവയില്‍ എത്തിച്ചതായി മനസിലാക്കിയത്. ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടങ്ങള്‍ വിശുദ്ധയുടേതാണെന്ന് തീര്‍ച്ചപ്പെടുത്തിയത് 2005 -ലെ ഡിഎന്‍എ പരിശോധനയിലൂടെയാണ്. 2017 -ല്‍ ജോര്‍ജിയയുടെ ആവശ്യപ്രകാരം ആറ് മാസത്തെ പ്രദര്‍ശനത്തിനായി ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ആറ് മാസം കൂടി ജോര്‍ജിയയില്‍ സൂക്ഷിച്ച ശേഷം 2018 സെപ്റ്റംബര്‍ 28 -ന് ഇന്ത്യയില്‍ തിരികെയെത്തിച്ചു. ഒരു കൊല്ലത്തിനിടെ ജോര്‍ജിയയിലെ വിവിധ ക്രിസ്തീയ ആരാധനാലയങ്ങളില്‍ ഭൗതികാവശിഷ്ടം പ്രദര്‍ശിപ്പിച്ചിരുന്നു.

ജോര്‍ജിയുടെ ഭാഗത്തു നിന്നുണ്ടായ നിരന്തര അഭ്യര്‍ത്ഥന മാനിച്ചും ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് ചരിത്രപരമായും മതപരമായും ആത്മീയപരമായും സെന്റ് ക്വീന്‍ കെറ്റെവനോടുള്ള ബന്ധം കണക്കിലെടുത്തും ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.