ഫ്രത്തേല്ലി തൂത്തിയുടെ വിതരണം ഇന്ത്യയിലും ആരംഭിച്ചു

ഫ്രാൻസിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’യുടെ വിതരണം ഇന്ത്യയിലും ആരംഭിച്ചു. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യൻ ട്രേഡിങ് കോർപ്പറേഷൻറെ സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയിൽ ആരംഭിച്ചത്. മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വിതരണത്തിന് തുടക്കം കുറിച്ചു.

പൊതുഭവനമായ നമ്മുടെ ഭൂമിയിൽ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തിൽ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാർഢ്യത്തിൻറെയും സാഹോദര്യത്തിൻറെയും പങ്കുവയ്ക്കലിൻറെയും ഒരു സംസ്കാരം വളർത്തേണ്ടത് ഭൂമിയുടെ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് പ്രസിദ്ധീകരണത്തിൻറെ ആദ്യപ്രതി പ്രദർശിപ്പിച്ചുകൊണ്ട് കർദ്ദിനാൾ ഗ്രേഷ്യസ് വ്യക്തമാക്കി. മഹാമാരിയുടെ കെടുതിയിലും മറ്റു കാരണങ്ങളാലും പതറിനില്ക്കുന്ന മാനവികതയെ സാഹോദര്യത്തിലേയ്ക്കും സാമൂഹിക സൗഹാർദ്ദത്തിലേയ്ക്കും ക്ഷണിക്കുന്ന പാപ്പയുടെ പ്രബോധനത്തെ പിൻതുണച്ചുകൊണ്ടാണ് കർദ്ദിനാൾ ഗ്രേഷ്യസ് ഇന്ത്യൻ പതിപ്പിൻറെ പ്രസിദ്ധീകരണം പുറത്തുവിടുന്നതെന്ന് ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. സ്റ്റീഫൻ ആലത്തറ പ്രസ്താവനയിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.