ക്രിസ്തുമസ് ഒരുക്കത്തിനിടെ ആസാമിൽ ദേവാലയത്തിൽ സർവ്വനാശം വിതച്ച് അക്രമികൾ

ക്രിസ്തുമസിന് ഒരാഴ്ച മാത്രം ശേഷിക്കേ, ഇന്ത്യയിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനമായ ആസാമിൽ തിരിച്ചടി നേരിട്ട് ക്രൈസ്തവർ. ദിബ്രുഗർ രൂപതയുടെ കീഴിലുള്ള ചാപതോളി ഗ്രാമത്തിലെ സെന്റ് തോമസ് കത്തോലിക്കാ ദേവാലയവും ഗ്രോട്ടോയും നശിപ്പിക്കപ്പെട്ട കാഴ്ചയാണ് ശനിയാഴ്ച രാവിലെ ഗ്രാമവാസികൾക്ക് കാണാനായത്.

ജോലിയ്ക്കായി പുറത്തേയ്ക്കിറങ്ങിയ ഗ്രാമവാസികളാണ് ഈ ദാരുണ കാഴ്ച ആദ്യമായി കണ്ടത്. ദേവാലയത്തിന്റെ വാതിൽ തുറന്നും ഗ്രോട്ടോയിലെ മാതാവിന്റെ രൂപം നിലത്ത് തകർന്നും കിടക്കുകയായിരുന്നു. ദേവാലയത്തിനുള്ളിലെ ഒരു ക്രൂശിത രൂപവും അക്രമികൾ തകർത്തിരുന്നു. വാർത്ത പരന്നതോടെ സമീപദേശങ്ങളിൽ നിന്ന് ആളുകൾ ഇവിടേയ്ക്ക് ഒഴുകി.

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ലെജിസ്ലേറ്റർ, തെറോഷ് ഗോവാല സംഭവത്തിൽ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തകർക്കപ്പെട്ട രൂപങ്ങളും ചിത്രങ്ങളും പുനസ്ഥാപിക്കാൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് വിദഗ്ധാന്വേഷണം വേണമെന്നും കുറ്റവാളികളെയും അവരുടെ പിന്നിൽ പ്രവർത്തിച്ചവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രാദേശിക മെത്രാൻ ജോസഫ് അയിന്ത് പറഞ്ഞു. ക്രിസ്തുമസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ക്രൈസ്തവർക്ക് സുരക്ഷയും സമാധാനവും ഉറപ്പ് വരുത്താൻ വേണ്ടത് ഉടനടി ചെയ്യണമെന്ന് സർക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം തന്നെ ജൂണിലും 2016 ജൂണിലും 2015 ഓഗസ്റ്റിലുമെല്ലാം സമാനമായ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്രമങ്ങൾ നടന്നിരുന്നു. 2011 ലെ സെൻസസ് പ്രകാരം ആസാമിലെ ജനസംഖ്യയുടെ 3.74 ശതമാനമാണ് ക്രൈസ്തവർ ഉള്ളത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.