2050-ഓടെ ക്രൈസ്തവരുടെ എണ്ണം 346 കോടി പിന്നിടുമെന്ന് ഗവേഷണ റിപ്പോർട്ട്‌

ലോകത്താകമാനമുള്ള ക്രൈസ്തവർക്ക് സന്തോഷം പകരുന്ന ഗവേഷണ റിപ്പോർട്ടാണ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി പുറത്തുവിട്ടിരിക്കുന്നത് – ആഗോളതലത്തിൽ ക്രൈസ്തവരുടെ എണ്ണം 250 കോടി കടന്നിരിക്കുന്നു! അതു മാത്രമല്ല, ക്രൈസ്തവരുടെ വളർച്ച ലോക ജനസംഖ്യാ നിരക്കിനേക്കാൾ വേഗത്തിലാണെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ജനസംഖ്യാ സംബന്ധമായ പഠനങ്ങൾ നടത്തുന്ന ആധികാരിക ഏജൻസിയാണ് ‘സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്റ്റ്യാനിറ്റി.’

ലോക ജനസംഖ്യ വർഷംപ്രതി 1.20 % വർദ്ധിക്കുമ്പോൾ 1.27 ശതമാനമാണ് ക്രൈസ്തവ ജനസംഖ്യയുടെ വർദ്ധന. അതോടൊപ്പം, നിരീശ്വരവാദികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

2019-ന്റെ മധ്യം വരെയുള്ള കണക്കുകള്‍ പ്രകാരം, വിവിധ രാജ്യങ്ങളിലായി 252.8 (2,528,295,000) ക്രൈസ്തവർ ഉണ്ടെന്നാണ് ‘ഗ്ലോബൽ ക്രിസ്ത്യാനിറ്റി’യുടെ ഗവേഷണ റിപ്പോർട്ടിന്റെ കണ്ടെത്തൽ. 2000-ൽ ഇത് 198 (1,987,471,000) കോടിയായിരുന്നു. 19 വർഷം കൊണ്ട് സംഭവിച്ചത് അത്ഭുതാവഹമായ വളർച്ചയാണ്! 1970-ൽ ഇത് 120 കോടിയായിരുന്നു. ഈ വളർച്ച ഇതുപോലെ തുടരാനായാൽ 2025-ൽ ആഗോള തലത്തിൽ ക്രൈസ്തവരുടെ എണ്ണം 271 കോടിയും 2050-ൽ 346 കോടിയും പിന്നിടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂഖണ്ഡങ്ങളുടെ കണക്കെടുത്താൽ ആഫ്രിക്കയ്ക്കാണ് ഒന്നാം സ്ഥാനം – 2.89% വളർച്ച. രണ്ടാമത് ഏഷ്യയാണ്. ഏറ്റവും പിന്നിൽ ഓഷ്യാനിയയാണ് – 0.89%.

അതേസമയം നിരീശ്വരവാദികളുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1970-ൽ 16.5 കോടി നിരീശ്വരവാദികളുണ്ടായിരുന്നവെങ്കിൽ, ഇന്ന് അത് 13.8 കോടി മാത്രമാണ്. 2025 ആകുമ്പോഴേക്കും നിരീശ്വരവാദികളുടെ എണ്ണം 13.2 കോടിയായി ചുരുങ്ങുമെന്നാണ് ഗവേഷണ റിപ്പോർട്ടിന്റെ കണക്കുകൂട്ടൽ. അജേ്ഞയതാവാദികളുടെ എണ്ണവും ആഗോളതലത്തിൽ കുറയുകയാണ്.