വത്തിക്കാനിലെ പുൽക്കൂടുകളുടെ ഉദ്‌ഘാടനച്ചടങ്ങുകൾ ഇന്ന്

വത്തിക്കാനിലെ പുൽക്കൂടുകളുടെ ഉദ്‌ഘാടനച്ചടങ്ങുകൾ ഇന്ന് നടക്കുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. വത്തിക്കാൻ ഗവർണ്ണർ ആർച്ചുബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയും ഗവർണ്ണറേറ്റ് സെക്രട്ടറി സിസ്റ്റർ റാഫേല്ല പെത്രീനിയും ചേർന്ന് ഇന്ന് വൈകുന്നേരം, പ്രാദേശിക സമയം അഞ്ചു മണിക്ക് തിരുപ്പിറവിയുടെ ദൃശ്യങ്ങളും ദീപാലങ്കാരങ്ങളോടു കൂടിയ ക്രിസ്തുമസ് ട്രീയും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.

പെറുവിൽ നിന്ന് കൊണ്ടുവന്നിട്ടുള്ള രൂപങ്ങളും അലങ്കാരങ്ങളുമുള്ള പുൽക്കൂട് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. പെറുവിലെ ഹ്വാൻകവേലിക്ക രൂപതയുടെ മെത്രാൻ അഭിവന്ദ്യ കാർലോസ് സൽസെദോ ഒഹേദ, പെറുവിന്റെ വിദേശകാര്യ മന്ത്രി ഓസ്‌കാർ മൗർതുവ ദേ റൊമാഞ്ഞ എന്നിവർ സന്നിഹിതരായിരിക്കും.

ക്രിസ്തുമസ് മരം കൊണ്ടുവന്നിരിക്കുന്ന ഇറ്റലിയിലെ ത്രെന്തോ പ്രദേശത്തെ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ലൗറോ തിസിയും, ആന്തലോ നഗരത്തിന്റെ മേയർ ആൽബെർത്തോ പേർളിയും അതോടൊപ്പം വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഇത്തവണ ക്രിസ്തുമസ് ക്രിബ് ഒരുക്കിയ ഇറ്റലിയിലെ വിച്ചെൻസ പ്രദേശത്തു നിന്നുള്ള വി. ബർത്തലോമിയോ ഇടവകയിൽ നിന്നുള്ള ആളുകളും ചടങ്ങുകളിൽ സംബന്ധിക്കും. എല്ലാവരെയും ഫ്രാൻസിസ് പാപ്പാ ഇന്ന് രാവിലെ വത്തിക്കാനിൽ സ്വീകരിക്കും.

വി. പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ പുൽക്കൂട് 2022 ജനുവരി ഒൻപതു വരെ വി. പത്രോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുമ്പിൽ ഉണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.