മറ്റുള്ളവരോടുള്ള വിദ്വേഷം അകറ്റാം ഈ മാർഗ്ഗങ്ങളിലൂടെ 

ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ് ഈശോ പഠിപ്പിക്കുന്നതു തന്നെ. എന്നാൽ ചില സമയങ്ങളിലെങ്കിലും അയൽക്കാരെ സ്നേഹിക്കുന്നതിൽ അൽപം വിമുഖത കാണിക്കേണ്ടതായി വരുന്ന ആളുകളുണ്ട്. ചില നിസാരപ്രശ്നങ്ങൾ മൂലം അയൽക്കാരെ അല്ലെങ്കിൽ സഹോദരങ്ങളെയോ, കൂട്ടുകാരെയോ ഇഷ്ടമില്ലാത്ത, സ്നേഹിക്കാൻ കഴിയാത്ത അവസ്ഥ. ഇനി അതുമല്ലെങ്കിൽ വെറുപ്പ്. ഇത് പലരുടെയും ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. ഈ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മനോഭാവങ്ങൾ മാറ്റാനും നമുക്ക് ഇഷ്ടമില്ലാത്തവരെ പോലും സ്നേഹിക്കാനും നമ്മെ സഹായിക്കുന്ന മൂന്നു മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

ഓർക്കുക സ്‌നേഹിക്കുമ്പോൾ നമ്മുടെ ഹൃദയം സ്വാതന്ത്രമാവുകയാണ്. വിദ്വേഷം നമ്മുടെ ജീവിതത്തിലും പ്രവർത്തികളിലും പിടിച്ചുകെട്ടലുകളും സ്വാതന്ത്ര്യക്കുറവും മാത്രമാണ് സൃഷ്ടിക്കുക.

1. സ്നേഹം എന്താണെന്ന് ഓർക്കുക 

സ്നേഹം എന്നതിന് ധാരാളം നിർവചനങ്ങൾ ലോകം നൽകുന്നുണ്ട്. എന്നാൽ ക്രിസ്തീയജീവിതത്തിൽ സ്നേഹത്തിനു നൽകുന്ന നിർവചനം എന്താണെന്നാണ് നാം ചിന്തിക്കേണ്ടതുണ്ട്. വി. തോമസ് അക്വീനാസ് പറയുന്നു: “മറ്റുള്ളവരുടെ നന്മക്കായി ചെയ്യുന്നത് സ്നേഹമാണ്.”

നമുക്ക് ചിലരോട് ദേഷ്യം തോന്നുന്നതും ഇഷ്ടമില്ലാത്തതും അവരുടെ തന്നെ പ്രവർത്തികൾ കൊണ്ടാകാം. എന്തു തന്നെ ആയാലും വിദ്വേഷം മാറ്റിവച്ച് സ്നേഹത്തിന്റെ മനോഭാവം കൊണ്ടുവരാം. അവരുടെ നന്മക്കായി പ്രാർത്ഥിക്കാം.

2. പ്രാർത്ഥിക്കുക 

നമുക്ക് ആരോടെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ, ആരെയെങ്കിലും സ്നേഹിക്കാൻ കഴിയുന്നില്ലായെങ്കിൽ അവർക്കായി നമുക്ക് പ്രാർത്ഥിക്കാം. അവരോടുള്ള ദേഷ്യത്തിന്റെ മറ സാത്താൻ നമ്മിൽ സൃഷ്ടിക്കുന്നതാണെന്നു തിരിച്ചറിയാം. കാരണമെന്താണെങ്കിലും പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറച്ചുകൊണ്ട് വിദ്വേഷത്തിന്റെ വിത്തുകൾ നമ്മിൽ നിന്ന് നീങ്ങാനും ആ വ്യക്തിക്ക് ജീവിതത്തിൽ നല്ലത് സംഭവിക്കാനും നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ അവരുടെ ജീവിതത്തിൽ മാത്രമല്ല, നമ്മുടെ ജീവിതത്തിലും അനുഗ്രഹങ്ങൾ വന്നുചേരും.

3. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങൾ എന്ന് തിരിച്ചറിയാം 

നാമും നമുക്ക് ഇഷ്ടമില്ലാത്ത ആ വ്യക്തിയും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന തിരിച്ചറിവ് വളരെ വലുതാണ്; അതായത് സഹോദരങ്ങൾ. ക്രിസ്തീയസ്നേഹത്തിന്റെ മൂല്യം ഉദാരമായ സഹോദരസ്നേഹത്തിലാണ് അടങ്ങിയിരിക്കുന്നത്. അത് നമുക്ക് അറിയാവുന്നതുമാണ്. അതിനാൽ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും നിങ്ങൾക്ക് ഉള്ളിൽ ദേഷ്യം തോന്നുന്ന ആ വ്യക്തിയെ കാണുമ്പോൾ ക്രിസ്തുവിൽ സഹോദരനാണെന്ന് മാനിച്ചുകൊണ്ട് ഒരു പുഞ്ചിരി സമ്മാനിക്കുക. ആ വ്യക്തിയുടെ അല്ലെങ്കിൽ വ്യക്തികളുടെ നന്മക്കായി ഉതകുന്ന കാര്യങ്ങൾ ചെയ്യാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.