വി. യൗസേപ്പിന്റെ വർഷത്തിൽ ചിലിയിൽ 23 സ്ഥിര ഡീക്കന്മാർ അഭിഷിക്തരായി

ആഗസ്റ്റ് 14 -ന് ചിലിയിലെ സാൻ ജോസ് ഡെ റ്റെമുക്കോ രൂപത ഒരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. വി. യൗസേപ്പിതാവിന്റെ വർഷത്തിൽ 23 സ്ഥിര ഡീക്കന്മാരാണ് രൂപതയിൽ അഭിഷിക്തരായത്. അഞ്ചു വർഷത്തെ പഠനത്തിനും ഒരുക്കത്തിനും ശേഷം വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19 -ന് ഡീക്കൻ പട്ടത്തിന്റെ ചടങ്ങ് നടത്താനിരുന്നെങ്കിലും കോവിഡ് 19 -ന്റെ സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. രൂപതയുടെ രക്ഷാധികാരിയും പ്രത്യേക മദ്ധ്യസ്ഥനുമായ വി. യൗസേപ്പിതാവിന്റെ വർഷത്തിൽ രൂപതയിൽ 50 വർഷത്തിനു ശേഷം ആദ്യമായാണ് ഡീക്കന്മാരുടെ അഭിഷേകം നടക്കുന്നത്.

ഡീക്കൻ എന്ന വാക്കിന്റെ അർത്ഥം ‘സേവിക്കുന്നവൻ’ എന്നാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിലാണ് അത്മായരുടെ ഡീക്കൻ പദവിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ രൂപീകരിച്ചത്. 35 വയസ്സിനു മുകളിലും 60 വയസ്സിനു താഴെയും പ്രായമുള്ളവർക്കേ ഇത് സാധ്യമാകുകയുള്ളൂ. അഞ്ചു വർഷമെങ്കിലും കുടുംബജീവിതം നയിച്ച വിവാഹിതരായവർക്കും ഡീക്കൻ പദവി ലഭിക്കും. ഭാര്യ മരിച്ചുപോയവർക്ക് പുനർവിവാഹം ചെയ്യാൻ സാധ്യമാകില്ല. വിവാഹിതരായവർക്ക് ഭാര്യയുടെ സമ്മതം ആവശ്യമാണ്. വിശുദ്ധ ബലിയർപ്പണം, കുമ്പസാരം എന്നീ കൂദാശകൾ പരികർമ്മം ചെയ്യാൻ ഡീക്കന്മാർക്ക് അനുമതിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.