മാമ്മോദീസാ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു: കാരണങ്ങൾ തേടി ക്യൂബെക് സഭ

മാമ്മോദീസാ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നതിനാൽ, അതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കുവാനും സഭയെ നവീകരണത്തിലേയ്ക്ക് നയിക്കുവാനുമുള്ള ശ്രമങ്ങൾ ആരംഭിച്ച് ക്യൂബെക് സഭ. 2012 മുതലാണ് മാമ്മോദീസാ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത്.

കുട്ടിക്കാലത്ത് വിശ്വാസം പകരുന്ന പരമ്പരാഗത രീതികളിൽ നിന്നു മാറി കുട്ടികളുടെ ആത്മീയതയെ എങ്ങനെ സമീപിക്കാമെന്ന് പുനർവിചിന്തനം ചെയ്യുകയാണ് ക്യൂബെക്ക് സഭയിലെ നേതാക്കൾ ഇപ്പോൾ. ക്യൂബെക്കിലെ മെത്രാൻസമിതി തയ്യാറാക്കിയ വിവരങ്ങളനുസരിച്ച് 2012-ൽ ജനിച്ച 88,933 കുട്ടികളിൽ 42,213 കുട്ടികളും മാമ്മോദീസാ സ്വീകരിച്ചിരുന്നു. എന്നാൽ, 2017-ൽ 30,000 കുട്ടികൾ മാത്രമാണ് മാമ്മോദീസാ സ്വീകരിച്ചത്. ഏകദേശം 28 % ത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് വൈദികരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പണ്ട് കുട്ടികളുടെ ആത്മീയകാര്യങ്ങളിൽ മുത്തശ്ശിയും മുത്തശ്ശനും ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ, ഇന്ന് കുട്ടികൾ വളര്‍ന്നതിനു ശേഷം അവർക്ക് ഇഷ്ടമാണെങ്കിൽ സ്വീകരിക്കട്ടെ എന്ന മനോഭാവം വളർന്നുവരുന്നു. അത് അപകടമാണ്. ആത്മീയകാര്യങ്ങൾ പരിചയപ്പെടുത്താതെ കുട്ടികൾ എങ്ങനെ അതിലേയ്ക്കു വരും? ക്യൂബെക്കിലെ മതബോധന കാര്യങ്ങളുടെ ഡയറക്ടർ ക്ലെമെന്റ് ചോദിക്കുന്നു. അതിനാൽ കുട്ടികൾക്ക് താല്പര്യപ്പെടുന്ന തരത്തിൽ വിശ്വാസ സത്യങ്ങളെ കോർത്തെടുക്കാനുള്ള ശ്രമത്തിലാണ് സഭാധികാരികൾ.