ഒറീസയിൽ, ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെട്ടത് നാല് കുടുംബങ്ങൾ

ഒറീസയിലെ കാണ്ഡമാൽ ജില്ലയിൽ ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെട്ടത് നാല് കുടുംബങ്ങൾ. കിണറ്റിൽ നിന്നും വെള്ളമെടുക്കുന്നത് ഉൾപ്പെടെ തടയുകയും ഇവരുടെ വീടുകൾ തകർക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിൽ, താമസിക്കാനായി ചിലർ കാടിനെയാണ് അഭയം പ്രാപിച്ചത്.

ഈ കുടുംബങ്ങൾ ക്രിസ്ത്യാനികൾ ആയതുകൊണ്ടാണ് ഇപ്രകാരമുള്ള പീഡനങ്ങൾക്ക് ഇരകളാവുന്നത്. അവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കാനായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. 2008 -ൽ ക്രിസ്ത്യാനികൾക്കെതിരെ ഗുരുതരമായ പീഡനങ്ങൾ നടന്ന ഒറീസയിലെ കാണ്ഡമാൽ ജില്ലയിലെ ലഡാമിലയിലാണ് ഇത് സംഭവിച്ചത്.

സെപ്റ്റംബർ 19 -നാണ് സംഭവങ്ങളുടെ തുടക്കം. പ്രധാന കിണറ്റിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് തടഞ്ഞതിനാൽ ഈ സ്ത്രീകൾ നെൽവയലിൽ വെള്ളമെടുക്കാൻ പോയി. ഇതിനെ തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ ഒരു കൂട്ടം സ്ത്രീകൾ ക്രിസ്ത്യാനികളുടെ വീടുകളിൽ അതിക്രമിച്ചു കയറുകയും ആക്രമിക്കുകയുമായിരുന്നു. ഇവർ എടുത്തുകൊണ്ടു വന്ന വെള്ളം പാത്രത്തോടെ നശിപ്പിച്ചു. ഇതിനെ തുടർന്ന് രണ്ട് കുടുംബങ്ങൾ കാട്ടിലേക്ക് പലായനം ചെയ്തു. മറ്റ് രണ്ട് കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് ഓടി അടുത്തുള്ള ഗ്രാമത്തിലെ ചില ബന്ധുക്കളുടെ വീട്ടിൽ അഭയം കണ്ടെത്തി. ഇന്ത്യൻ പെന്തക്കോസ്ത് ഗ്രൂപ്പായ ജീസസ് കോൾസ് പ്രയർ ടവറിൽ പെട്ട ദളിത് കുടുംബങ്ങളാണ് ഇവർ. രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഇവർ തങ്ങളുടെ വീടുകളിൽ തിരിച്ചെത്തിയപ്പോൾ അവ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ക്രിസ്ത്യാനികളായതിനാൽ ആ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഗ്രാമവാസികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കട്ടക്ക് – ഭുവനേശ്വർ ആർച്ചുബിഷപ്പ് ജോൺ ബർവ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “വിവേചനപരവും ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റമാണിത്. ക്രിസ്ത്യാനികൾക്കെതിരായ ഇത്തരം ആക്രമണവും ഭീഷണിയും തടയാൻ ആർക്കും കഴിയുന്നില്ല എന്നത് വേദനാജനകവും ലജ്ജാകരവുമാണ്. സഹപൗരന്മാർക്ക് കുടിവെള്ളം പോലും നിഷേധിക്കുന്ന ആളുകളെക്കുറിച്ച് എന്താണ് പറയാൻ കഴിയുക?”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.