നൈജീരിയയിൽ ക്രിസ്ത്യൻ സന്നദ്ധ പ്രവർത്തകരെ തീവ്രവാദികൾ കൊലപ്പെടുത്തി

ബൊക്കോ ഹറാം തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയായി നൈജീരിയയിലെ ക്രിസ്ത്യൻ സന്നദ്ധ പ്രവർത്തകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തീവ്രവാദികൾ ഈ കാര്യം വെളിപ്പെടുത്തുന്നത്. ലോറന്‍സ് ഡുണാ ഡാസിഗിര്‍, ഗോഡ്ഫ്രെ അലി ഷികാഗം എന്നീ ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകരെയാണ് ഭീകരർ ദാരുണമായി കൊലപ്പെടുത്തിയത്.

മുഖംമൂടികളും ആയുധധാരികളുമായ തീവ്രവാദികള്‍ക്കു മുന്നില്‍, ഇവരെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങൾ ബൊക്കോ ഹറാം പുറത്തു വിട്ടിരുന്നു. തുടർന്നാണ് കൊലപാതകം. ഇനിയും കൊലപാതക പരമ്പര തുടരും എന്ന മുന്നറിയിപ്പും ഭീഷണിയും ഇതിലുണ്ട്. നൈജീരിയയില്‍ മുമ്പ് നടന്ന മതപരമായ കലാപങ്ങളില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ പ്രതികാരമായി, തങ്ങള്‍ പിടികൂടുന്ന എല്ലാ ക്രിസ്ത്യാനികളേയും കൊല്ലുമെന്നും, വീഡിയോയിൽ തീവ്രവാദികൾ ‘ഹൗസാ ഭാഷയില്‍’ വെളിപ്പെടുത്തുന്നു.

തീവ്രവാദികളുടെ ആക്രമണത്തിനിരയായി ഭവനരഹിതരായവര്‍ക്കു വേണ്ടി താമസ സ്ഥലങ്ങള്‍ നിർമ്മിച്ചു കൊടുക്കുകയും അതിനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ലോറന്‍സ് ഡുണാ ഡാസിഗിറും ഗോഡ്ഫ്രെ അലി ഷികാഗവും. ഇതിനിടയിലാണ് തീവ്രവാദികളുടെ പിടിയിൽ പെടുന്നതും കൊല്ലപ്പെടുന്നതും. അടക്കം ചെയ്യുവാന്‍ പോലും ഇവരുടെ മൃതദേഹങ്ങള്‍ ലഭിക്കില്ലെന്നും, ഇവരുടെ സ്മരണയ്ക്കായി ഒരു താല്‍ക്കാലിക സ്മാരകം പണിയുമെന്നും പ്രാദേശിക ക്രൈസ്തവനേതൃത്വം വ്യക്തമാക്കി. സന്നദ്ധ പ്രവർത്തനത്തിന് കൊല്ലപ്പെട്ട ഇവരുടെ പേരിൽ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത സർക്കാരിന്റെ മനോഭാവവും പ്രാദേശിക ക്രൈസ്തവരെ വേദനിപ്പിക്കുന്നു.