ജർമ്മനിയിൽ, ദേവാലയത്തിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട് 

കഴിഞ്ഞ ഒരു വർഷത്തിനിടെ ജർമ്മനിയിൽ, ദേവാലയത്തോടു അടുത്തുനിൽക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു എന്ന് റിപ്പോർട്ട്. 2018-ൽ ഏകദേശം രണ്ടു ലക്ഷത്തോളം വിശ്വാസികളാണ് ദേവാലയവുമായുള്ള ബന്ധത്തിൽ നിന്ന് വിട്ടുനിന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസിന്റെ കണക്കുപ്രകാരം, രാജ്യത്തെ കത്തോലിക്കാ സഭയിൽ കഴിഞ്ഞ വർഷം 2,16,078 അംഗങ്ങൾ കുറഞ്ഞു. കത്തോലിക്കാ സഭയിൽ മാത്രമല്ല, പ്രൊട്ടസ്റ്റന്റ് സഭകളിലും സമാനമായ കുറവുണ്ടായതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ ആശങ്കാജനകമാണെന്നും ജർമ്മനിയിലെ സഭ, ജനങ്ങളെ ചേർത്തുനിർത്തുന്നതിനാവശ്യമായ നവീകരണപദ്ധതികൾ ഉടൻതന്നെ ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് സെക്രട്ടറി ഫാ. ഹാൻസ് ലാൻ‌ജെൻഡർഫർ വ്യക്തമാക്കി.

ആളുകൾക്ക് സഭയിലുള്ള വിശ്വാസ്യതയും സ്വീകാര്യതയും നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ അജപാലകർക്ക് കടമയുണ്ടെന്നും പൗരോഹിത്യകടമകളുടെ നിർവ്വഹണം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ഫാ. ഹാൻസ് ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായതു കൂടാതെ, ജർമ്മനിയിലെ സഭയിൽ നിന്നും ഉണ്ടാകുന്ന ദൈവവിളിയിലും കാര്യമായ കുറവ് സംഭവിച്ചു എന്നാണ് പഠനറിപ്പോര്‍ട്ട്. 2005-ൽ 122 വൈദികപട്ടങ്ങൾ ജർമ്മൻ സഭയിൽ നടന്നെങ്കിൽ 2015-ൽ അത് 58 ആയി കുറഞ്ഞുവെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.