നിന്റെ സ്നേഹത്തിനു മുന്നില്‍

ജിന്‍സി സന്തോഷ്‌

പാപബോധമില്ലാത്തതാണ് ഈ തലമുറയുടെ ദുരന്തം. ചെയ്യുന്നതൊന്നും പാപമല്ലാതാകുന്നു. പാപം പല ആവർത്തി ചെയ്ത് ശീലമാകുന്നു നമുക്ക്. സ്വാർത്ഥതയുടെ പിറകേ പോയി ഞാൻ നിന്നിൽ നിന്നകന്നപ്പോഴും നന്ദികേടു കാട്ടി നിന്നെ വേദനിപ്പിച്ചപ്പോഴും ലോകസുഖങ്ങളിൽ കണ്ണുവച്ച് നിന്നിൽ നിന്ന് കുതറിമാറിയപ്പോഴും എന്നെ തേടിവന്ന സ്നേഹമേ, നഷ്ടപ്പെട്ട നാണയം ഞാൻ തന്നെ. കാണാതായ കുഞ്ഞാടും ഞാൻ തന്നെ. വീടുവിട്ടിറങ്ങിയ ധൂർത്ത പുത്രനും ഞാൻ തന്നെ. എന്നിട്ടും നീ എന്നെ തേടിവന്നു.

വെട്ടം തെളിച്ചുവച്ച് മുറി അടിച്ചുവാരി നാണയം തിരയാൻ ഏറെ താല്‍പര്യം കാണിക്കുന്ന വീട്ടമ്മ നീ തന്നെ. വിരിച്ച കരങ്ങളോടെ മുറ്റത്ത് എന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്നേഹം ധൂർത്തടിച്ച പിതാവും നീ തന്നെ.

ഏത് നേരമാണ് നീ എന്നോട് മിണ്ടാതിരുന്നത്? ഇഷ്ടമുള്ളത് കാണാൻ വേണ്ടി എന്റെ കണ്ണുകളെയും ഇഷ്ടമുള്ളവ കേൾക്കാൻ വേണ്ടി എന്റെ കാതുകളെയും ഞാൻ തുറന്നിട്ടപ്പോൾ എന്റെ ഇഷ്ടക്കേടുകളിലൂടെ സംസാരിച്ച നിന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. പകുത്തു നൽകിയ നിന്റെ സ്നേഹത്തിനു മാത്രം അതിർവരമ്പുകൾ ഞാൻ കണ്ടില്ല. എനിക്കു വേണ്ടി ചിന്തിയ അവസാനതുള്ളി രക്തത്തിൽപോലും നീ ചാലിച്ചുതന്ന സ്നേഹമാണ് ഇന്ന് എന്നെ ജീവിപ്പിക്കുന്നത്. “അങ്ങ് ഞങ്ങളെ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു.”

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.