കുമ്പസാരക്കൂടുകള്‍ ഒഴിഞ്ഞു കിടക്കാതിരിക്കട്ടെ

പാപം ചെയ്യാത്ത മനുഷ്യരില്ല. എന്നാല്‍ ചെയ്യുന്ന പാപത്തിന്റെ ഗൗരവവും അതിന്റെ ആവര്‍ത്തനവും അതിനോട് പുലര്‍ത്തുന്ന മനോഭാവവും അനുസരിച്ച് ആളുകള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ പാപത്തില്‍ നിന്ന് തിരിച്ചുവരാന്‍ എല്ലാവര്‍ക്കും ദൈവം ഒരേ അവസരങ്ങളാണ് നല്‍കുന്നത്. ആത്മാവിനെ തിരിച്ചുപിടിക്കാനും വിശുദ്ധിയില്‍ പരിപാലിക്കാനും സഹായിക്കുന്ന സഭയിലെ വളരെ പ്രധാനപ്പെട്ട കൂദാശയാണത് – വിശുദ്ധ കുമ്പസാരം.

എന്നാല്‍ പലപ്പോഴും പല ആളുകളും കുമ്പസാരത്തോട് അകല്‍ച്ച കാണിക്കാറുണ്ട്. കുമ്പസാരം എന്ന അമൂല്യ കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച്, അത് നമ്മുടെ മുമ്പിലേയ്ക്ക് വയ്ക്കുന്ന അവസരങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഇല്ലാത്തതാണ് ഈ അകല്‍ച്ചയ്ക്കു കാരണം. ദൈവഭവനത്തില്‍ നിന്ന്, പിതാവില്‍ നിന്ന് പാപം നമ്മെ അകറ്റുകയാണെന്നും അനാഥരെപ്പോലെ ജീവിക്കാന്‍ അത് നമ്മെ വിടുകയാണെന്നും കാന്‍സര്‍ പോലെ അത് നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും കാര്‍ന്നു തിന്നുകയാണെന്നും നാം മനസിലാക്കണം.

വിശുദ്ധ കുമ്പസാരവും ശേഷമുള്ള വിശുദ്ധ കുര്‍ബാന സ്വീകരണവും കൊണ്ടു മാത്രമേ ആത്മാവിനെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്ന് എല്ലാവരും മനസിലാക്കാന്‍ തയാറായാല്‍ ഒരിക്കലും നമ്മുടെ കുമ്പസാരക്കൂടുകള്‍ ഒഴിഞ്ഞു കിടക്കില്ല. പാപത്തിന്റെ ഭീകരതയെക്കുറിച്ചും കുമ്പസാരം നല്‍കുന്ന വിടുതലിനെയും ആനന്ദത്തെയും കുറിച്ച് തിരിച്ചറിവുണ്ടായാല്‍ വൈദികരുടെ ചുറ്റും അനുതാപികള്‍ നിറയും.

എന്തിനാണ് അടുത്തടുത്ത് കുമ്പസാരിക്കുന്നത്, വര്‍ഷത്തില്‍ ഒരു തവണ കുമ്പസാരിച്ചാല്‍ പോരേ എന്ന് സംശയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. ഒരു മുറി വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ അത് അടുത്തടുത്ത് തുടച്ച് മാറാല നീക്കിയാലല്ലേ സാധിക്കൂ. മറിച്ച് വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. തുരുമ്പും അഴുക്കും കൊണ്ട് അത് ജീര്‍ണ്ണിക്കുകയും കീടങ്ങളും ഇഴജന്തുക്കളും പോലും അവിടെ വാസമുറപ്പിച്ചിട്ടുമുണ്ടാവും. ഇതു തന്നെയാണ് വിശുദ്ധ കുമ്പസാരത്തോട് സ്വീകരിക്കേണ്ട മനോഭാവവും. ആത്മാവിനെ വൃത്തിയും വിശുദ്ധിയുമുള്ളതായി കാത്തുസൂക്ഷിക്കാന്‍ കുമ്പസാരം എന്ന കൂദാശയെ കൂട്ടുപിടിക്കാം.