ആഴവും അര്‍ത്ഥവുമുള്ള ജീവിതത്തിന് നിശബ്ദത അനിവാര്യം

സമൂഹത്തില്‍ ഭൂരിഭാഗം ആളുകളും സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ശ്രവിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ കുറവുമാണ്. വാക്കുകളുടെയും വാചകങ്ങളുടെയും ശബ്ദത്തിന്റെയും ബഹളത്തിന്റെയും ലോകത്തിലാണ് നാമെല്ലാം ജീവിക്കുന്നതും. അനുദിനം ആയിരക്കണക്കിന് സന്ദേശങ്ങളും വാര്‍ത്തകളും അറിവുകളും നമ്മുടെ ചെവിയില്‍ പതിയുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഇടയില്‍ നിശബ്ദത എന്ന വാക്കിന്റെ അര്‍ത്ഥവും പ്രാധാന്യവും പലപ്പോഴും ആളുകള്‍ മറന്നുപോവുന്നു.

ആത്മീയജീവിതത്തിനും ഒരാളുടെ സ്വഭാവരൂപവത്കരണത്തിനും ചിന്താശേഷിയെ വളര്‍ത്തുന്നതിനുമെല്ലാം ആവശ്യമായതാണ് നിശബ്ദത. സ്വയം നിശബ്ദത അവലംബിച്ചാല്‍ മാത്രമേ മറ്റൊരാളെ കേള്‍ക്കാനും നമുക്ക് സാധിക്കുകയുള്ളൂ. സ്‌നേഹത്തിന്റെയും ആഴമുള്ള ബന്ധങ്ങളുടെയും ഭാഷയാണ് നിശബ്ദത. എന്നാല്‍, ആധുനികലോകത്ത് അന്യമായിക്കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. പലപ്പോഴും നവമാധ്യമങ്ങളും ടെക്‌നോളജിയുമെല്ലാമാണ് നമ്മുടെ ചുറ്റിലുമുള്ള നിശബ്ദതയെ കവരുന്നത്.

നിശബ്ദത നഷ്ടപ്പെടുമ്പോഴുള്ള മറ്റൊരു പ്രശ്‌നമാണ് ആത്മാര്‍ത്ഥമായ, കാമ്പുള്ള സംഭാഷണങ്ങള്‍ ഉണ്ടാവുന്നില്ലെന്നത്. നിശബ്ദതയിലായിരിക്കുമ്പോള്‍ മാത്രമേ മറ്റൊരാളെ കേള്‍ക്കാനും സ്വയം കേള്‍ക്കാനും ഏതൊരാള്‍ക്കും സാധിക്കുകയുള്ളൂ. ഇതിനെല്ലാം അപ്പുറം, ദൈവത്തെ കേള്‍ക്കാനും ആദ്യം നാം അവലംബിക്കേണ്ടത് നിശബ്ദതയാണ്. ആത്മീയജീവിതത്തിനും വളര്‍ച്ചയും ഏറ്റവും ആദ്യം വേണ്ടതും അതു തന്നെയാണ്. നിശബ്ദതയില്‍ ദൈവത്തെ കണ്ടെത്തുന്ന ഒരാള്‍ക്ക് അതേ നിശബ്ദതയിലൂടെ ലോകത്തെയും ജീവിതത്തെയും വസ്തുക്കളെയും പുതു വെളിച്ചത്തെയും കണ്ടെത്താന്‍ സാധിക്കും. വചനം തന്നെ പറയുന്നുണ്ടല്ലോ ‘ ശാന്തമാവുക, ഞാന്‍ ദൈവമാണെന്ന് അറിയുക’ എന്ന്. അതുകൊണ്ട് പരിശ്രമിക്കാം, തിരക്കേറിയ ലോകത്തു നിന്ന് നിശബ്ദതയുടെ ലോകത്തേയ്ക്ക് ഇടയ്‌ക്കെങ്കിലും ഇറങ്ങിച്ചെല്ലാന്‍.