നിശബ്ദത എങ്ങനെയാണ് ആത്മീയ ജീവിതത്തെ സ്വാധീനിക്കുന്നത്?

സഭാപ്രസംഗകന്റെ പുസ്തകത്തില്‍ ഇങ്ങനെ കാണുന്നു, ‘ മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം (3:7)’. നാം ആദ്യഭാഗം ഒഴിവാക്കും. രണ്ടാമത്തെ ഭാഗം മാത്രം അനുസരിക്കും. അതാണ് പതിവ്. അതുകൊണ്ടു തന്നെ ലോകം ശബ്ദങ്ങളാല്‍, ബഹളങ്ങളാല്‍ നിറഞ്ഞതാണ്. എന്നാല്‍ ശബ്ദം പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയല്ലാതെ ഒന്നും ശാന്തമാക്കുന്നില്ലെന്ന് നാം മനസിലാക്കുന്നില്ല.

എന്നാല്‍ മൗനത്തിന്, നിശബ്ദതയ്ക്ക്, ലോകത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ച ഒരു സന്ന്യാസിയായിരുന്നു, പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ബ്രൂണോ. അദ്ദേഹം പറഞ്ഞിട്ടുണ്ട്, ‘ നിശബ്ദതയേയും ഏകാന്തതയേയും അറിഞ്ഞിട്ടുള്ളവര്‍ക്ക് മാത്രമേ, ആത്മീയ ആനന്ദം എന്താണ് എന്ന് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ’ എന്ന്.

നിസാരമായി സാധിക്കുന്ന ഒന്നല്ല, നിശബ്ദത പാലിക്കുക എന്നത് എന്ന് അതിനായി പരിശ്രമിച്ചിട്ടുള്ളവര്‍ക്ക് മനസിലാവുകയും ചെയ്യും. ദൈവത്തോട് ചേര്‍ന്ന് ആയിരിക്കുന്ന അവസ്ഥ കൂടിയാണ് നിശബ്ദതയും മൗനവും. തിരുവചനങ്ങളും അതിന് സാക്ഷ്യം നല്‍കുന്നു,

‘നീ ചെന്ന് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക, അവിടുന്ന് അരുളിച്ചെയ്തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുന്‍പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തുംകൊണ്ടു കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു. ഭൂകമ്പത്തിനുശേഷം അഗ്‌നിയുണ്ടായി. അഗ്‌നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്‌നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരംകേട്ടു. അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു, പുറത്തേക്കുവന്ന്, ഗുഹാമുഖത്തുനിന്നു. (1 രാജാക്കന്‍മാര്‍ 19 : 11-13)’.