ജപമാല പ്രാർത്ഥന ശക്തിയേറിയതായി മാറുവാൻ എട്ടു കാരണങ്ങൾ

സൗത്ത് കരോലിനയിലെ പരിശുദ്ധ ജപമാല രാജ്ഞിയുടെ സഭാംഗമായ ഫാ. ഡ്വൈറ്റ് ലൊങ്ങേനെകർ ജപമാലയുടെ ശക്തിയെക്കുറിച്ച് നടത്തിയ പഠനമാണിത്. വിശുദ്ധരും മാർപ്പാപ്പാമാരും പറയുന്നത് ജപമാല തിന്മയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമാണെന്നാണ്. പക്ഷേ അത് എങ്ങനെയൊക്കെയാണെന്നാണ് ഫാ. ലോങ്ങനെകർ വിശദമാക്കുന്നത്. തിന്മയ്‌ക്കെതിരെയുള്ള പ്രവർത്തനത്തിൽ ജപമാല നൽകുന്ന വലിയ ശക്തിയെക്കുറിച്ച് വിശദമാക്കുന്ന പഠന കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

1. ജപമാലയിലൂടെ നാം നമ്മുടെ സന്നദ്ധത അറിയിക്കുന്നു

ദൈവത്തിന്റെ ശക്തി അപരനെ അറിയിക്കുവാനുള്ള ഏറ്റവും വലിയ മാധ്യമമാണ് ജപമാല. നന്മയും തിന്മയും തിരിച്ചറിയുവാനുള്ള ഏറ്റവും വലിയ ആയുധമായി ജപമാലയെ നമുക്ക് ആശ്രയിക്കാവുന്നതാണ്. തിന്മയുടെ ശക്തി നമ്മെ അടിമകളാക്കുന്നതിലുപരി ജപമാല ചൊല്ലി ദൈവത്തോട് രമ്യതപ്പെടുവാനുള്ള അവസരത്തെ നാം വിനിയോഗിക്കണം. ഈ ഒരു സന്നദ്ധത  അറിയിക്കുമ്പോളാണ് ദൈവത്തിന്റെ ശക്തിയുടെ ഉറവിടം നാം കണ്ടെത്തുന്നത്.

2. ജപമാല- ആത്മീയതയുടെ ഭൗതിക തലം

പ്രാർത്ഥനയുടെ ഭൗതികപരമായ പ്രകടനമാണ് ജപമാല ചൊല്ലുന്നതിലൂടെ നാം നടത്തുന്നത്. തിന്മയുടെ ശക്തിയെ ചെറുക്കുന്നതിനായി വിശുദ്ധ വസ്തുക്കളായ മെഴുകുതിരി, ഹന്നാൻ ജലം, കുന്തുരുക്കം, വിശുദ്ധരുടെ ചിത്രങ്ങൾ, പ്രതിമകൾ ഒക്കെ നാം സൂക്ഷിക്കാറുണ്ട്. ഇതുപോലെ തന്നെ ജപമാലയും ഏറ്റവും വലിയ ഒരു ആയുധമാണ്.

3. ജപമാല – ഭാഷാപരമായ പ്രവർത്തനം 

സാത്താന് ശാരീരികമായി സംസാരിക്കുവാനുള്ള മാർഗ്ഗങ്ങളില്ല. പക്ഷേ മനുഷ്യർക്ക് ദൈവത്തിനെ സ്തുതിക്കുവാൻ നാവ് നൽകിയിരിക്കുന്നു. അതിനാൽ തന്നെ നാവുകൊണ്ടും ശ്വാസം കൊണ്ടും ദൈവത്തെ സ്തുതിക്കുവാൻ മനുഷ്യർക്ക് സാധിക്കും. അതിനാൽ തന്നെ ഉച്ചത്തിൽ ദൈവത്തെ ജപമാലയിലൂടെ സ്തുതിക്കുമ്പോൾ നമ്മുടെ ദേഹവും ബുദ്ധിയും ഒരുപോലെ ദൈവത്തെ സ്തുതിക്കുകയാണ് ചെയ്യുന്നത്.

4. ജപമാല- ഭാവനയുടെ തലത്തിലും ദൈവത്തെ ഏറ്റു പറയുന്നു

തിന്മയുടെ ശക്തി നമ്മുടെ ഭാവനയിലും ചിന്തയിലും മോശമായ രീതിയിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർക്കുവാൻ ശ്രമിക്കാറുണ്ട്. പക്ഷേ ജപമാല രഹസ്യങ്ങൾ ധ്യാനിക്കുന്നതിലൂടെ ഭാവനയിൽപോലും ദൈവികമായ സാന്നിധ്യം അനുഭവിക്കുവാൻ നമുക്ക് സാധിക്കുന്നു.

 5. ജപമാലയുടെ ഭാഷ ധ്യാനത്തിലേക്ക് നയിക്കുന്നു

ഭാഷാപരമായി ഉയർന്നു നിൽക്കുന്ന മനുഷ്യന് ജപമാല നൽകുന്നത് ധ്യാനത്തിലൂടെ മനസ്സിനെ വിമലീകരിക്കുവാനുള്ള സാധ്യതയാണ്. ജപമാല പ്രാർത്ഥന ശരീരവും മനസും മലിനമാക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു.

6. ജീവിതത്തിലെ മോശം അനുഭവങ്ങളെ സുഖപ്പെടുത്തുന്ന ജപമാല

നമ്മുടെ ഭാഷാപരമായ വളർച്ച ആരംഭിക്കുന്നതിനു മുൻപ് തന്നെ നമ്മുടെ ഉള്ളിൽ മുറിവുകൾ രൂപപ്പെടാം. ഇത്തരം ആന്തരിക മുറിവുകളെ ജപമാലയിലൂടെ പരിശുദ്ധ അമ്മ സുഖപ്പെടുത്തും. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ തന്നെ ഏൽക്കപ്പെട്ട ഇത്തരത്തിൽ സംഭവിച്ച  മോശപ്പെട്ട മുറിവുകളെ പരിശുദ്ധ കന്യകാ മറിയം സുഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ലേഖകൻ അഭിപ്രായപ്പെടുന്നത്.

7. സൗഖ്യം നൽകുന്ന രഹസ്യങ്ങൾ

ആന്തരിക സൗഖ്യത്തിനു ജപമാല പ്രാർത്ഥന ഏറ്റവും അഭികാമ്യമാണ്‌. യേശുവിന്റെ ജനനവും പരസ്യജീവിതവും മരണവും ഉത്ഥാനവുമാണ് നാം ധ്യാനിക്കുന്നത്. പരിശുദ്ധാത്മാവ് നമ്മുടെ ആന്തരികമായ എല്ലാ ആവശ്യങ്ങളെയും മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്നു.’യേശു എന്ന ഡോക്ടറും മേരിയെന്ന നഴ്‌സും നിങ്ങളുടെ എല്ലാവിധ ആശങ്കകളെയും മുറിവുകളെയും സുഖപ്പെടുത്തും ‘- ലോങ്ങനേക്കർ പറയുന്നു.

8. ആത്മീയ യുദ്ധത്തിന്റെ അനുയോജ്യമായ  ആയുധം

പരിശുദ്ധ അമ്മയെയും ജപമാലയെയും തിരുവചനത്തെയും സാത്താൻ വെറുക്കുന്നു. അവൻ യേശുവിനെ വെറുക്കുന്നു. അതിനാൽ തന്നെ പ്രാർത്ഥനയും ആരാധനയും വെറുക്കുന്നു. നിങ്ങളെ ദൈവത്തോടടുപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ദൂരത്തേക്ക് കൊണ്ടുപോകുവാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും. തിന്മയുടെ ശക്തിക്കെതിരെയുള്ള യുദ്ധത്തിൽ ഏറ്റവും അഭിലഷണീയമായ ആയുധമാണ് ജപമാല. എല്ലാവർക്കും ഒരുപോലെ സമീപിക്കാവുന്ന ഒരു മാധ്യമമാണ് അത്. ഏറ്റവും ലളിതവും ഏതു സമയത്തും ആർക്കും ചൊല്ലുവാൻ കഴിയുന്നതുമായ ശക്തമായ പ്രാർത്ഥനയാണ് ജപമാല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.