ജപമാലയെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ സംഭവിക്കുന്നത്

അത്ഭുതകരമായ ഒരു പ്രാർത്ഥനയാണ് ജപമാല. പരിശുദ്ധ അമ്മയുടെ ഈശോയിലേയ്ക്കുള്ള ഒരു തീർത്ഥയാത്രയാണത്. അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് നിരവധി അനുഗ്രഹങ്ങളാണ് ലഭിക്കുക. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവരെ എല്ലാവിധ അപകടങ്ങളിൽ നിന്നും മാതാവ് സംരക്ഷിക്കും. ഇനി ജപമാല ചൊല്ലുന്നത് ഒരു ബുദ്ധിമുട്ടോ പ്രയാസമോ ഉള്ള കാര്യമായി കരുതുന്നവരാണോ നിങ്ങൾ. എങ്കിൽ ജപമാല പതിവായി ചൊല്ലുന്ന ഒരാളുടെ ജീവിതത്തിൽ വരുന്ന അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ച് അറിയാം.

1. സ്വാർത്ഥത അകലും

ജപമാല പതിവായി ചൊല്ലുന്നവരിൽ നിന്നും സ്വാർത്ഥത, ഞാൻ എന്ന വിചാരം മുതലായവ അകന്നുപോകും. മറ്റുള്ളവരെക്കൂടെ പരിഗണിക്കുന്ന തരത്തിൽ ലാളിത്യമാർന്ന ഒരു ഹൃദയത്തിന് ഉടമകളായി അവര്‍ മാറും. അത്, ഒരാൾ എത്ര കഠിനഹൃദയനായ വ്യക്തിയായിരുന്നാലും ഓരോ ദിവസം കഴിയുന്തോറും  ജപമാലയിലൂടെ നിസ്വാർത്ഥരായി മാറും.

2. അടുക്കും ചിട്ടയും നിറയും

ജപമാല പതിവായി ചൊല്ലുന്നവരിൽ ഒരു പ്രത്യേക അടുക്കും ചിട്ടയും രൂപപ്പെടുന്നു. അലങ്കോലമായും വലിച്ചുവാരിയിടുന്ന ശീലവും പതിയെ മാറുന്നു. ശരിയായ ജീവിതശൈലിയിലേയ്ക്ക് ഇവർ കടന്നുവരുന്നു. അത് അവരുടെ ഉള്ളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. ജപമാല പ്രാർത്ഥനയിലൂടെ ഒരാളുടെ ഉള്ളിലെ പാപത്തിന്റെ കെട്ടുകൾ പൊട്ടുകയും പരിശുദ്ധാത്മാവ് പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു.

3. ഉൾക്കാഴ്ചകൾ ലഭിക്കുന്നു

ജപമാല പതിവായി ചൊല്ലി മാതാവിന്റെ മാദ്ധ്യസ്ഥത്തിന് തങ്ങളെത്തന്നെ സമർപ്പിക്കുന്നവരിൽ മാതാവ് പലതരത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. അതുവരെ തെറ്റാണെന്ന് തോന്നിയിരുന്ന പല കാര്യങ്ങളെയും സ്വീകരിക്കുവാനും, ശരിയാണ് എന്നുകരുതി തുടർന്നിരുന്ന പാപവഴികളെ ഉപേക്ഷിക്കുവാനുമുള്ള പ്രേരണ മാതാവ് നൽകുന്നു. ഒപ്പം നല്ല ഒരു ആത്മീയജീവിതം നയിക്കുവാനുള്ള സാദ്ധ്യതകൾ തുറന്നുനൽകുകയും ചെയ്യുന്നു.

4. കൂടുതൽ ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം നൽകുവാൻ സാധിക്കുന്നു

ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ഭയം നമ്മെ വിട്ടുപോകുന്നു. നാം കൂടുതൽ ധൈര്യവാന്മാരാവുകയും നമ്മുടെ വിശ്വാസത്തിന് യോജിക്കാത്ത കാര്യങ്ങളോട് ‘നോ’ പറയുവാൻ നമ്മെ ശക്തരാക്കുകയും ചെയ്യുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവരാകയാൽ നമുക്ക് ആത്മീയമായ പ്രലോഭനങ്ങളും ഭൗതികമായ ശത്രുക്കളും ഉണ്ടാകാം. പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ അതിനെ നേരിടുവാനും നമ്മുടെ ആത്മാവിനെ ബാധിക്കുന്ന തിന്മകളെ എതിർത്തു തോൽപ്പിക്കുവാനും ജപമാല ശക്തിപ്പെടുത്തുന്നു.

5. ദിവസം മുഴുവനും ശാന്തമാക്കുന്നു

പലവിധത്തിലുള്ള ആകുലതകളുടെയും വേദനകളുടെയും നടുവിലാണ് നാം. എങ്കിലും അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവരാണെങ്കിൽ ഏതൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും അവിടെയൊക്കെ ദൈവത്തിൽ ഉറച്ചുനിൽക്കുവാനും ആ ദിവസങ്ങളെ ശാന്തമായ മനസോടെ നേരിടുവാനും കഴിയും. ദൈവത്തിൽ ആശ്രയം കണ്ടെത്തുവാൻ, ആ ദൈവം എല്ലാ പ്രതിസന്ധികളിലും നമുക്കൊപ്പം ഉണ്ടാകും എന്ന വിശ്വാസത്തിലേയ്ക്ക് നയിക്കുവാനും ജപമാല പ്രാർത്ഥനയ്ക്ക് കഴിയും.

6. മുന്നറിയിപ്പ് ലഭിക്കും

ജപമാല പ്രാർത്ഥന അനുദിനം ഭക്തിപൂർവ്വം ചൊല്ലുന്നവർക്ക് ഒരു പാപത്തിലേയ്ക്ക് വീഴുന്നതിനു മുമ്പ് അതിൽനിന്ന് പിന്തിരിയുവാനുള്ള മുന്നറിയിപ്പ് മാതാവ് നൽകും. തെറ്റായ സാഹചര്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും അകന്നു നിൽക്കുവാൻ ഈ മുന്നറിയിപ്പ് അവരെ സഹായിക്കും.

7. സുഖമായി ഉറങ്ങുവാൻ കഴിയും

പലപ്പോഴും ആളുകളുടെ ഒരു പ്രധാന പ്രശ്‌നമാണ് ഉറങ്ങാൻ കഴിയുന്നില്ല എന്നത്. ജപമാല പ്രാർത്ഥിച്ചു കിടക്കുന്ന ഒരാളിൽ നിന്നും അനാവശ്യമായ ആകുലതകളും ഭയങ്ങളും മാതാവ് എടുത്തുമാറ്റുന്നു. പകരം നാളെയെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊണ്ട് കിടന്നുറങ്ങുവാൻ ഈ പ്രാർത്ഥന സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.