മക്കളോടൊപ്പം ജപമാല ചൊല്ലണമെന്ന് പറയുന്നത് എന്തുകൊണ്ട്?

ഒരു ഭവനത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്. പലപ്പോഴും മക്കൾക്ക് അതിനുള്ള താത്പര്യം കാണില്ല. എന്നാലും, മാതാപിതാക്കൾ നിർബന്ധിക്കുന്നതുകൊണ്ട് അവർ മനസില്ലാമനസോടെ പ്രാർത്ഥനയിൽ പങ്കുചേരാറുണ്ട്. അത് ചിലപ്പോൾ ഒരു യാത്രയിലാകാം, മറ്റ് ചിലപ്പോൾ ഒരുമിച്ച് എന്തെങ്കിലും ഒരു ജോലി ചെയ്യുമ്പോഴാകാം. മക്കളോടൊപ്പം ഒന്നിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് പരിശോധിക്കാം.

ജപമാല ഒരു സമ്മാനമാണ്

പരിശുദ്ധ അമ്മ ഈ ലോകത്തിന് നൽകിയ ഒരു സമ്മാനമാണ് ജപമാല പ്രാർത്ഥന. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, തകർന്ന് പോകുന്ന നിമിഷങ്ങളിൽ ഒക്കെ പരിശുദ്ധ അമ്മയും ജപമാലയും നമുക്ക് ശക്തിയും ആശ്വാസവും പകരും. കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ ഈ ഒരു ബോധ്യം മക്കൾക്ക് നൽകണം. ദൈവാശ്രയ ബോധത്തിൽ വളരുവാൻ അവരെ പഠിപ്പിക്കണം. ഇന്ന് മാതാപിതാക്കളെ ആശ്രയിച്ച് വളരുന്ന മക്കൾ ദൈവത്തിലാണ് ആശ്രയിക്കേണ്ടതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം.

ആ ദിവസം വരുമ്പോൾ, നിങ്ങളെ സഹായിക്കാനും പിന്തുണയ്ക്കാനും ഞാൻ ഉണ്ടാകണമെന്നില്ല. പക്ഷേ, എന്നെക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിക്കുന്ന മറ്റൊരാൾ അവിടെയുണ്ടാകും. മുതിർന്നു കഴിയുമ്പോൾ ആശ്രയത്തിന് പരിശുദ്ധ അമ്മ കൂട്ടിനുണ്ടാകും. അതിനായി മക്കളെ ജപമാല പ്രാർത്ഥന ചൊല്ലുവാനും അതിന്റെ ശക്തി മനസിലാക്കിക്കുവാനും നമുക്ക് കഴിയണം. അവളുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ആരെയും സഹായിക്കാതെ ഇരുന്നതായി ഒരിക്കലും കേട്ടിട്ടില്ല. ജപമാല പ്രാർത്ഥന സംരക്ഷണത്തിന്റെ അടയാളമാണ്.

സ്വർഗ്ഗത്തിലേക്കുള്ള ഒരു ലൈഫ് ലൈൻ

അനുദിന ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ, ജീവിതം കൈവിട്ടുപോയി എന്ന് തോന്നുമ്പോൾ ജപമാലയിൽ മുറുകെ പിടിക്കുക. ജപമാല സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു ജീവനാഡിയാണ്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിടത്ത് ദൈവത്തിലേക്ക് അടുക്കുവാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ജപമാല പ്രാർത്ഥന. ജപമാലയിലൂടെ അമ്മ നമ്മെ സഹായിക്കും. സ്വർഗ്ഗത്തിലേക്ക് കയറാനുള്ള ചവിട്ടുപടിയാണ്‌ ഈ പ്രാർത്ഥന. സാത്താന്റെ എല്ലാവിധ പ്രലോഭനങ്ങളിൽ നിന്നും ഈ പ്രാർത്ഥന നമ്മെ കാത്ത് സൂക്ഷിക്കും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.