“ഈ നാലുമക്കളാണ് എന്റെ സ്വർണ്ണ മെഡലിനേക്കാൾ എനിക്ക് പ്രധാനം”- ഒളിംപിക്സ് ജേതാവായ ഒരമ്മയുടെ വാക്കുകൾ

ഡൊമിനിക് ഡേവ്സ് എന്ന ജിംനാസ്റ്റിനു ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. അവരുടെ അർപ്പണബോധവും പോസിറ്റീവ് മനോഭാവവും കഴിവുകളും കൊണ്ട് സഹതാരങ്ങളും അവളെ അഭിന്ദിക്കുന്നതിൽ മടി കാട്ടിയിരുന്നില്ല. അവളുടെ പ്രകടനത്തിന് ‘ഗംഭീരം’ എന്നതിൽ കുറഞ്ഞ ഒരു വാക്കും ചേരില്ലായിരുന്നു. അങ്ങനെ 1996 -ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ‘മാഗ്നിഫിഷ്യന്റ് സെവൻ’ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്തു അവർ. തിളങ്ങുന്ന ആ ഓർമ്മകൾ മനസ്സിലുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം തന്റെ ഇപ്പോഴത്തെ ജീവിതലക്ഷ്യത്തെ വിശദമാക്കുകയാണ് മൂന്നു തവണ ഒളിമ്പിക്സിൽ പങ്കെടുത്ത ഈ വനിത…

ഡൊമിനിക് ഡേവ്സ്‌ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച വാചകങ്ങൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. “സ്വർണ്ണ മെഡലിനേക്കാളുപരി പൂർത്തീകരിക്കപ്പെട്ട എന്റെ ലക്ഷ്യമാണ് ഈ നാല് മക്കൾ. കാറ്റെറി, ക്വിൻ, പിന്നെ ഇരട്ടകളായ ലിങ്കണും ഡക്കോട്ടയും.” കരിയറിനു വേണ്ടി കുടുംബത്തെയും മക്കളെയും ഉപേക്ഷിക്കുന്നവർക്കുള്ള വലിയൊരു സന്ദേശമാണ് അവർ നൽകിയിരിക്കുന്നത്. ഇത് വെറുമൊരു ഉപദേശമല്ല. മൂന്ന് ഒളിമ്പിക്സുകളിൽ പങ്കെടുക്കുകയും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേടുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായി ലോകചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്ത നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീയുടെ വാക്കുകളാണിവ. ഒരു കത്തോലിക്കാ സ്‌കൂൾ അദ്ധ്യാപകനെ വിവാഹം ചെയ്ത ഡേവ്സ്‌ പറയുന്നു: “എന്റെ നാലു കുട്ടികളെ വളർത്താനുള്ള കഴിവിനേക്കാൾ അവിശ്വസനീയമായ മറ്റൊന്നില്ല. അവരെ കഴിയുന്നത്ര മികച്ച വ്യക്തികൾക്കാൻ ശ്രമിക്കുകയും ലോകത്തിൽ നല്ല സ്വാധീനം ചെലുത്താൻ പ്രാപ്തരാകുകയും ചെയ്യുന്നത് എനിക്ക് ഇന്നുവരെ സങ്കല്പിക്കാവുന്നതിലും വെച്ച് ഏറ്റവും മികച്ച നേട്ടമാണ്.”

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഡേവ്സ് തന്റെ കായികജീവിതത്തിനു നൽകിയ അഭിനിവേശവും അർപ്പണബോധവും തന്റെ മാതൃത്വത്തിലേക്കും ചേർത്തുവയ്ക്കുകയാണ്. ഏറ്റവും കഠിനമായ പരിശീലനങ്ങളിലൂടെ കടന്നുപോയതാണ് ഇവർ. തന്റെ പരിശീലനത്തിന്റെ സമയം കണക്കാക്കുകയാണെങ്കിൽ ഏകദേശം 8000 മണിക്കൂറുകൾ ഉണ്ടായേക്കുമെന്ന് അവർ പറയുന്നു. എങ്കിൽ പോലും ഒരു വീട്ടിൽ അമ്മയായി ജീവിക്കുന്നതിനോട് മറ്റൊന്നിനും മത്സരിക്കാനാവില്ലെന്നു അവർ പറയുന്നു. “ഒരു അമ്മയായതിനാൽ ഞാൻ ഒരിക്കൽ പോലും കൂടുതൽ ക്ഷീണിതയായിട്ടില്ല. എനിക്ക് ഇതിലും വലുതായി മറ്റൊരു ജീവിതവുമില്ല” – ഡേവ്സ് വാചാലയാകുന്നു.

വളരെ തിരക്കുകളുള്ള ഈ അമ്മ ഇന്ന് നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. അതു കൂടാതെ പെൺകുട്ടികളുടെ സ്കൗട്ട് പ്രസ്ഥാനത്തിന്റെ വക്താവും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫിറ്റ്നസ് സംരംഭങ്ങളും നടത്തുന്നുണ്ട്. മികച്ച അമ്മയാകുക എന്നതിനോടൊപ്പം ഏറ്റവും സമൂഹത്തെയും തന്നോടൊപ്പം ചേർത്തുനിർത്തുവാൻ ഇവർ തല്പരയാണ്. “ജിംനാസ്റ്റിക് മേഖലയിൽ എനിക്ക് മികച്ച നേട്ടങ്ങൾ ദൈവം നൽകിയിട്ടുണ്ട്. കാരണം അതെന്റെ അഭിനിവേശമായിരുന്നു. എങ്കിലും എന്റെ ജീവിതലക്ഷ്യമെന്നത് എന്റെ കഴിവുകൾ കൊണ്ടും എനിക്ക് ലഭിച്ചിരിക്കുന്നവയെക്കൊണ്ടും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.”

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.