വർണ്ണവിസ്മയങ്ങളിൽ അമലോത്ഭവം  

സ്പെയിനിൽ നിന്നുമുള്ള ബർത്തൊ ലോമെ എസ്ത്തെബാൻ മുറില്ലൊ (മുറില്ലൊ) 1679 കാലഘട്ടത്തിൽ വരച്ച ആകർഷകമായ ചിത്രമാണ് “അമലോത്ഭവം.” മാതാവിന്റെ അമലോത്ഭവത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രമാണിത്. ഇന്ന് ഈ ചിത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് സ്പെയിനിലെ മാഡ്രിഡ് പട്ടണത്തിലെ പ്രാദൊ എന്ന ആർട്ട് ഗാലറിയിലാണ്. മുറില്ലൊ എന്ന ചിത്രകാരൻ സാക്ഷാത്കരിച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും അവസാനത്തേതും ഒപ്പം ആകർഷകവുമായ ചിത്രമാണ് ഇത് എന്നത് ഇതിന്റെ മാഹാത്മ്യം കൂട്ടുന്നു.

ഇങ്ങനെ ഒരു ചിത്രം വരക്കുന്നതിന് മുറില്ലോയ്ക്ക് പ്രചോദനമായത് ഒരുപക്ഷേ, 1650 കാലഘട്ടത്തിൽ നിലനിന്നിരുന്ന “ഇമ്മാകൊളാത്ത മോണുമെന്താലെ” (Immacolata monumentale) എന്ന ചിത്രത്തിന്റെ ചുവടു പിടിച്ചാവാം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, മാതാവിനെ കൂടുതൽ യുവത്വം തുളുമ്പുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ പഴയതിൽ നിന്നും വ്യത്യസ്തമായി മാതാവിനെ ചിത്രീകരിച്ചിരിക്കുന്ന ഇടം (space) പരിമിതമാണ് എന്നത് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ്. കാരണം ഈ ചിത്രത്തിൽ കൂടുതൽ ഇടം കൊടുത്തിരിക്കുന്നത് മാതാവിന് പശ്ചാത്തലമൊരുക്കിയിരിക്കുന്ന സ്വർഗ്ഗത്തിനും സ്വർഗ്ഗവാസികളായ മാലാഖവൃന്ദത്തിനുമാണ്.

ചിത്രം പറയാൻ ശ്രമിക്കുന്നത്

വിശുദ്ധിയുടെ പരിമളം പരത്തുന്ന സ്വർഗ്ഗത്തിന്റെ പശ്ചാത്തലത്തിൽ ഒരു സുന്ദരിയായ യുവതിയുടെ രൂപത്തിലാണ് മറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്. വെള്ള വസ്ത്രവും, നീല മേലങ്കിയും ധരിച്ച മറിയം വിശുദ്ധിയുടെ പ്രതീകമായി നിലകൊള്ളുന്നു. വെള്ള വസ്ത്രം, മറിയത്തിന്റെ കറപുരളാത്ത ജീവിതത്തിന്റെ തന്നെ അടയാളമാണ്.

മറിയത്തിന്റെ പാദത്തിനടിയിൽ കാണപ്പെടുന്ന ചന്ദ്രൻ തികച്ചും പ്രതീകാത്മകമാണ്. തീർച്ചയായും വെളിപാട് പുസ്തകത്തിലെ വിവരണം തന്നെയാണ് ഇതിന്റേയും പശ്ചാത്തലം. ഇത് പ്രപഞ്ചസൃഷ്ടികളെ അതിശയിപ്പിക്കുന്ന മറിയത്തിന്റെ ശ്രേഷ്ഠതയെ സൂചിപ്പിക്കുന്നു; ഒപ്പം സഭയുടേയും.

മാതാവിൽ തുളുമ്പിനിൽക്കുന്ന വിശുദ്ധി അവളെ മാനുഷികതയിൽ നിന്നും അൽപം ഉയർത്തിനിർത്തുന്നു എന്നു പറഞ്ഞുവയ്ക്കാൻ ശ്രമിക്കുകയാണ് ചിത്രകാരൻ. മറിയത്തിന്റെ നോട്ടവും ഭാവങ്ങളും തന്നെ ഇത് വെളിപ്പെടുത്തുന്നുമുണ്ട്. കാരണം, ഇവിടെ  മറിയം സ്വർഗ്ഗദൂരത്തേയ്ക്ക് കണ്ണും നട്ട് നിൽക്കുന്ന രീതിയിലാണ് ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നത്.

തീക്ഷ്ണവും സമുന്നതവുമായ അവളുടെ അംഗവിന്യാസം കാഴ്ചക്കാരനിലേക്ക് പകരുന്ന അനുഭവം മനുഷ്യപ്രകൃതിയിൽ നിന്നും വിടുതൽ നേടി നിൽക്കുന്ന മറിയത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള ചിന്തകളാണ്. ഒപ്പം മാലാഖവൃന്ദത്തെ വിന്യസിച്ചിരിക്കുന്ന രീതി വളരെ റിയലിസ്റ്റിക്കും ജീവസുറ്റതുമാണ്. മേഘച്ചുരുളുകളുടെ സാന്നിധ്യവും കാഴ്ചക്കാരന്റെ മനസ്സിന് ഒരു കുളിർമ്മയും സ്വർഗ്ഗീയാനുഭൂതിയും നൽകുന്നു.

ഇഹലോക ജീവിതത്തിന്റെ തിന്മകൾ തീണ്ടാത്ത പരിശുദ്ധ കന്യകാമറിയം ഒരു വിസ്മയവും വിണ്ണിന്റെ വിശുദ്ധി പൂകാനുള്ള യാത്രയിൽ എന്നും പ്രചോദനവുമാണ്. പുണ്യത്തിന്റെ പ്രഭ ചൊരിയുന്ന മുറില്ലൊയുടെ ഈ ചിത്രത്തിലേക്കു നോക്കി നമുക്കും ധ്യാനിക്കാം.

അമലോത്ഭവ തിരുനാളിന്റെ ഓർമ്മകൾ മിന്നിമറയുന്ന ഈ ദിനത്തിൽ മനസ്സിൽ നിറയുന്ന ചെറുജപങ്ങൾക്ക് ഈ ചിത്രം ഒരു ഊർജ്ജമാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.