ജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ കണ്ടെത്തുന്നതിൽ പരിശുദ്ധ അമ്മയെ മാതൃകയാക്കാം: പാപ്പാ

ജീവിതത്തിലുണ്ടാകുന്ന ചെറിയ സന്തോഷങ്ങളെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നതിൽ പരിശുദ്ധ അമ്മയെ മാതൃകയാക്കണം എന്ന് റൊമാനിയയിലെ വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. റൊമാനിയൻ അപ്പസ്തോലിക സന്ദർശനത്തിന്റെ ആദ്യദിനത്തിൽ റൊമാനിയയിലെ ബുച്ചാറെസ്റ്റിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

മറിയം യാത്ര ചെയ്യുകയും സംവദിക്കുകയും ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്തു. കാരണം, അവൾ ദൈവത്തെ – അനുഗ്രഹത്തെ വഹിക്കുന്നവളായിരുന്നു. ആ പരിശുദ്ധ അമ്മയെപ്പോലെ റൊമാനിയയ്ക്കു ആവശ്യമായ അനുഗ്രഹങ്ങൾ വഹിക്കുന്നതിൽ നിങ്ങൾ ഭയപ്പെടരുത്. പാപ്പാ കൂട്ടിച്ചേർത്തു.

ദൈവം ശക്തമായ രക്ഷകനായി നമ്മുടെ ഇടയിലുണ്ട്. ഈ ഒരു യാഥാർഥ്യം മനസിലാക്കിക്കൊണ്ട് മറിയത്തെപ്പോലെ അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും വേണം. അതാണ് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതനിയോഗം. പരിശുദ്ധ അമ്മയുടെ ത്യാഗപൂർവ്വമായ ജീവിതത്തെയും സമർപ്പണത്തെയും  എളിമയെയും കുറിച്ച് ധ്യാനിക്കുന്നത് അനേകം അമ്മമാർക്കും മുത്തശ്ശിമാർക്കും കുടുംബജീവിതത്തിലെ പ്രതിസന്ധിവേളയിൽ സഹായകമാകുന്നുണ്ട്.

ജീവിതത്തിലെ ചെറിയ കാര്യങ്ങളിലൂടെയും സഹനങ്ങളിലൂടെയും സ്നേഹം വളരുകയാണ് എന്ന് പരിശുദ്ധ അമ്മയ്ക്ക് അറിയാമായിരുന്നു. അതിനാൽത്തന്നെ തന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളിലും മറിയം, ദൈവത്തിന്റെ സഹായം തേടി. അവിടുന്നിൽ ശരണംവച്ചു. അമ്മയുടെ ഈ മാതൃക നമുക്കും അനുകരിക്കാൻ ശ്രമിക്കാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.