ജപമാല ഭക്തന്റെ അമ്മ മതില്‍

ജോസ് ക്ലെമെന്റ്

”സഭയുടെയും ജനപദങ്ങളുടെയും ആവശ്യങ്ങള്‍ക്കായുള്ള സാര്‍വ്വത്രിക പ്രാര്‍ത്ഥനയാണ് ജപമാല”    – ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ

ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് വിഖ്യാത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെത്തി പരിശുദ്ധ മറിയത്തിന്റെ അത്ഭുതചിത്രങ്ങള്‍ കാണാനും വണങ്ങാനും ആഗ്രഹിക്കുന്നവര്‍ക്ക് ജോയ്ഫുള്‍ വാര്‍ത്തയാണ് പച്ചാളം ജോയ് ഭവനിലേക്കുള്ള ക്ഷണം. ഒന്നല്ല, പത്തല്ല, നൂറല്ല, എഴുന്നൂറോളം വ്യത്യസ്ത മരിയന്‍ തിരുച്ചിത്രങ്ങളുടെ കലവറയാണ് ജോയിയെന്നറിയപ്പെടുന്ന പള്ളിപ്പറമ്പില്‍ ജോര്‍ജ് ജോണിന്റെ ഭവനം. വിളിപ്പേരുപോലെ തന്നെ ജോയി ജോയ്ഫുള്‍ ആണ് സദാ സമയവും. കാരണം, അമ്മ മതിലിന്റെ ഈ സൂക്ഷിപ്പുകാരന്‍ പരിശുദ്ധ മറിയത്തിന്റെ ചിത്രങ്ങളുടെ ശേഖരണക്കാരനും സൂക്ഷിപ്പുകാരനും മാത്രമല്ല, ജപമാല പ്രചാരകനും ഭക്തനും കൂടിയാണ്. അതിനാല്‍ അമ്മയുടെ താങ്ങും തണലും തുഷാരവും എന്നും ഈ മരിയഭക്തനൊപ്പമുണ്ട്.

മാതൃ തിരുച്ചിത്ര മതിലിനു മുന്നില്‍ ജോയി

ജോയിയുടെ ഭവനത്തിന്റെ ചുവരുകളെ പായലില്‍ നിന്നും പൂപ്പലില്‍ നിന്നും വിട ചൊല്ലി ഏഷ്യന്‍ അപ്പെക്‌സ് അള്‍ട്ടിമ പെയിന്റുകളടിച്ച് വര്‍ണാഭമാക്കേണ്ട കാര്യമില്ല. അവിടെ ഏതൊരു പെയിന്റിനേയും വര്‍ണത്തേയും നിഷ്പ്രഭമാക്കുംവിധത്തില്‍ അമ്മഭാവങ്ങളുടെ ഭക്തിതുളുമ്പുന്ന ചിത്രങ്ങളാല്‍ ചുവരുകളെല്ലാം നിറസമ്പന്നമാണ്. ഭക്തിയും സന്തോഷവും തുളുമ്പിനില്‍ക്കുന്ന ചുവരുകള്‍ക്കുള്ളില്‍ ആയിരിക്കുമ്പോള്‍ ഫാത്തിമയിലും ലൂര്‍ദ്ദിലും ഗ്വാദലൂപ്പേയിലുമൊക്കെ നില്‍ക്കുന്ന അനുഭവമാണുണ്ടാകുക. കാരണം, ഈ വിശുദ്ധസ്ഥലങ്ങളിലെ പുണ്യദര്‍ശനങ്ങളുടെ സാന്നിധ്യമാണ് ചുവരുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. മെയ്മാസ റാണിയുടെ മെയ്മാസവും ജപമാല റാണിയുടെ ഒക്‌ടോബര്‍ മാസവും മാത്രമല്ല ജോയിക്ക് മഹിതമാസങ്ങള്‍. ആണ്ടുമുഴുവന്‍ പള്ളിപ്പറമ്പില്‍ കുടുംബത്തില്‍ മരിയോത്സവമാണ്.

പരിശുദ്ധ മറിയത്തിന്റെ ഒട്ടനവധി ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ജോയിയുടെ ഭവനത്തിലെ ചുവരുകളില്‍ വിശുദ്ധിയോടെ അലങ്കരിച്ച് സ്ഥാപിച്ചിട്ടുള്ള ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തങ്ങളാണ്. ഓരോ ചിത്രത്തിനുമുണ്ട് പുണ്യം തുളുമ്പുന്ന ഓരോ ചരിത്രസത്യങ്ങള്‍. അവയൊക്കെ കാഴ്ചക്കാര്‍ക്ക് കേട്ടുകേള്‍വിപോലുമുണ്ടാകില്ല. പക്ഷേ ജോയിക്കും കുടുംബത്തിനും മനഃപാഠമാണ്. ഉണ്ണിയായ മേരിയുടെ ചിത്രം മുതല്‍ സ്വര്‍ഗാരോപിതയായി മുടി ധരിപ്പിക്കപ്പെടുന്നതുവരെയുള്ള ഇരുനൂറോളം ചിത്രങ്ങളാണ് മതിലില്‍ ദൃശ്യവത്ക്കരിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളൊക്കെ അപൂര്‍വ്വ തിരുച്ചിത്രങ്ങളാണ്.

തികച്ചും വ്യത്യസ്തങ്ങളായ മരിയന്‍ ചിത്രങ്ങളാല്‍ അലംകൃതമായ ഈ ഭവനം തീര്‍ത്തും ഒരു മരിയാലയം തന്നെയാണ്. ഈ മരിയാലയത്തിലെ അന്തേവാസികളായ നാല്‍വര്‍ സംഘം ജപമാല ഭക്തരും ജോയ്ഫുള്ളുമാണ്. ഇവിടേക്ക് അമ്മ മതില്‍ സന്ദര്‍ശിക്കാനും ഈ മതിലിന്റെ സൂക്ഷിപ്പുകാരന്‍ ജോയിയെ തേടിയെത്തുന്നവരും ജോയ്ഫുള്‍ ആകുന്നു. കാരണം, ഇത് അമ്മത്തണലേകുന്ന മാതൃസ്ഥാനം തന്നെയാണ്. ഇവിടേക്ക് കയറിവരുന്നവരുടെ കാതുകളില്‍ പ്രതിധ്വനിക്കുന്ന ഒരു വചനമുണ്ട്: ”നിങ്ങളുടെ ഹൃദയങ്ങള്‍ എന്റെ മുമ്പില്‍ തുറക്കുക. നിങ്ങളുടെ വിഷമങ്ങള്‍ എനിക്കു തരുക. ഈ അമ്മ നിങ്ങളെ സഹായിക്കും.” ഈ ഭവനത്തിലെ ചുവരുകളില്‍ പതിപ്പിച്ചിട്ടുള്ള പരിശുദ്ധ അമ്മയുടെ പുഞ്ചിരിക്കുന്നതും കണ്ണീരൊഴുക്കുന്നതുമായ ചിത്രങ്ങളോരോന്നും ആഗതരെ നോക്കി മന്ത്രിക്കുന്നതായ അനുഭവം സന്ദര്‍ശകര്‍ക്കുണ്ടാകുന്നു. 2011 ജനുവരി രണ്ടിന് മിര്‍ജാനയ്ക്ക് നല്‍കിയ സന്ദേശ വചനങ്ങളാണിത്.

59-കാരനായ ജോയിയില്‍ നാലുവയസില്‍ മൊട്ടിട്ടതാണ് മരിയഭക്തി. മരണത്തെ മുഖാമുഖം കണ്ട ബാല്യത്തെ അതിജീവിച്ച് കൗമാര, യൗവ്വന കാലഘട്ടങ്ങള്‍ പിന്നിട്ട് അറുപതിന്റെ പൂമുഖപടിക്കല്‍ തന്നെ എത്തിച്ചു നിര്‍ത്തിയിരിക്കുന്നത് പരിശുദ്ധ കന്യാമറിയമാണെന്ന ഉറച്ചബോധ്യം ജോയിക്കുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മൃതപ്രായനായ കുഞ്ഞുജോയിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്റെ സഹായത്താല്‍ ശ്വസനക്രിയ നടത്തി ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വൈദ്യശാസ്ത്രം കിണഞ്ഞു ശ്രമിക്കവേയാണ് മരിയശാസ്ത്രത്തിന്റെ വിജയം ജോയിയിലുണ്ടാകുന്നത്. അതിനുകാരണമോ? അമ്മൂമ്മ ഫിലോമിനയും. മരിയാത്ഭുതത്തിന്റെ അഞ്ചരപതിറ്റാണ്ട് പിന്നിട്ട ആ ഓര്‍മ്മകള്‍ ഇന്നും ജോയിയില്‍ തീക്ഷ്ണമായി ജ്വലിച്ചു നില്‍ക്കുന്നു.

ജോയിയുടെ ജീവന്‍ അപകടത്തിലാണെന്ന് ബോധ്യപ്പെട്ട ഫിലോമിനാമ്മൂമ്മ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിലെ നിത്യസഹായ മാതാവിന്റെ സന്നിധിയിലെത്തി ജപമാലയര്‍പ്പിക്കാനാരംഭിച്ചു. ജപമാല സമര്‍പ്പണമായപ്പോഴേക്കും ആശുപത്രിക്കിടക്കയിലെ കുഞ്ഞുജോയി ചാടിയെഴുന്നേറ്റു. അതോടെ ഓക്‌സിജന്‍ മാറ്റുകയും കുഞ്ഞ് അതിവേഗം സുഖപ്പെടുകയും ചെയ്തു. തിരിച്ചു കിട്ടിയ ജീവിതം പരിശുദ്ധ ജപമാല മാതാവിന് സമര്‍പ്പിച്ചുകൊണ്ട് ജോയി അന്നു മുതല്‍ പരിശുദ്ധ അമ്മയുടെ അടിമയായി. ജപമാലഭക്തിയില്‍ വളര്‍ന്ന ജോയി തന്റെ പ്രതിനന്ദിയെന്നോണം ശേഖരിക്കാന്‍ തുടങ്ങിയതാണ് മാതാവിന്റെ തിരുചിത്രങ്ങള്‍. സൗജന്യമായി കിട്ടയതിലേറെ പണം കൊടുത്തുവാങ്ങിയ ചിത്രങ്ങളാണ് ശേഖരത്തിലുള്ളത്. സൗജന്യമായി ലഭിക്കുന്ന കുഞ്ഞു ചിത്രങ്ങളാണെങ്കില്‍പോലും ജോയി അത് സ്വീകരിച്ച് എന്‍ലാര്‍ജ് ചെയ്ത് ലാമിനേഷന്‍ ചെയ്യുകയോ ഗ്ലാസിട്ട് ഫ്രെയിമിലാക്കുകയോ ചെയ്താണ് സൂക്ഷിക്കുക. അപൂര്‍വ്വമായ മാതാവിന്റെ ഒരു ചിത്രം കണ്ടാല്‍ ജോയി നോക്കുന്നത് അതിന്റെ വിലയല്ല മൂല്യമാണ്. അതിനാല്‍ ഈ മധ്യവയസ്‌കന്റെ യാത്രകളിലൊക്കെ കണ്ണുകള്‍ പരതുന്നത് മാതൃചിത്രങ്ങളെയാണ്.

സര്‍വ്വസാധാരണമായി നാം കാണുന്ന കര്‍മല മാതാവ്, ഫാത്തിമ മാതാവ്, ലൂര്‍ദ് മാതാവ്, മഞ്ഞുമാതാവ്, നിത്യസഹായമാതാവ്, വല്ലാര്‍പാടത്തമ്മ, വേളാങ്കണ്ണിമാതാവ്, അമലോത്ഭവ മാതാവ്, വ്യാകുലമാതാവ്, കൊരട്ടി മുത്തി, സ്വര്‍ഗാരോപിതമാതാവ്, കാരുണ്യമാതാവ്, ജപമാല മാതാവ്, ലൊരേറ്റോ മാതാവ് തുടങ്ങിയ ചിത്രങ്ങളുടെ നീണ്ട നിരകള്‍ക്കപ്പുറമാണ് ജോയിയുടെ സ്വീകരണ മുറിയിലെ നാലുചുവരുകളേയും കമനീയമാക്കിയിരിക്കുന്ന മാതൃചിത്രങ്ങള്‍. ഉണ്ണിയായ മേരി മുതല്‍ മേരിയും യൗസേപ്പും തമ്മില്‍ ഇരുവരുടെയും ബന്ധുജനങ്ങളെ സാക്ഷിയാക്കി വിവാഹനിശ്ചയം നടത്തുന്നത്, മോതിര കൈമാറ്റം, മംഗലവാര്‍ത്തയുടെ അഭിവാദനം, എലീശ്വാമ്മയെ സന്ദര്‍ശിക്കുന്ന ആഹ്ലാദ മുഹൂര്‍ത്തം, ഗര്‍ഭിണിയായ മേരി, ഉണ്ണിയേശുവിന് മുല കൊടുക്കുന്ന മാതാവ്, പൂജരാജാക്കന്മാര്‍ ദിവ്യരക്ഷകനെ കാഴ്ചദ്രവ്യങ്ങളുമായി സന്ദര്‍ശിക്കാനെത്തുമ്പോള്‍ മാലാഖമാര്‍ അകമ്പടി സേവിക്കുന്നത്, മഹാനായ ശിമയോന്റെ കരങ്ങളില്‍ ദിവ്യഉണ്ണിയെ ഏല്‍പ്പിക്കുന്നത്, ജറുസലേം ദേവാലയത്തില്‍ വച്ച് യേശുവിനെ നഷ്ടപ്പെട്ടപ്പോള്‍ വ്യഥ പൂണ്ട് അന്വേഷിച്ചു നടക്കുന്ന മാതാവ്, മാതാവിന്റെ അന്ത്യനിദ്രയില്‍ മാലാഖമാര്‍ അണിനിരന്ന് പുഷ്പവൃഷ്ടി നടത്തുന്നത്, ഈജിപ്തില്‍ പ്രത്യക്ഷയായ മാതാവ്, ദൈവകരുണയുടെ അമ്മ, വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷയാകുന്ന ജപമാല റാണി, വിശുദ്ധ കാതറിന് പ്രത്യക്ഷമരുളുന്ന അമ്മ, ദിവ്യകാരുണ്യവും ജപമാലയുമായി കഞ്ചിക്കോട് റാണിക്ക് പ്രത്യക്ഷയാകുന്ന മാതാവ്, കാനായിലെ കല്യാണവിരുന്നിലെത്തിയ മാതാവ്, പന്തക്കുസ്താ ദിനത്തില്‍ ശിഷ്യരെ ആശ്വസിപ്പിച്ചിരിക്കുന്ന അമ്മ, മറിയത്തിന്റെ മരണനേരത്തില്‍ ഭൂമിയില്‍ പുഷ്പാലംകൃതമായ പേടകവും സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം ആനീതയായി നില്‍ക്കുന്ന മറിയം, സ്വര്‍ഗ-ഭൂമികളുടെ രാജ്ഞിയായി വാഴ്ത്തി വാനവവൃന്ദം വണങ്ങുന്ന അമ്മ, മെജുഗോരെയിലെ ജനതകള്‍ക്കുമീതെ സഞ്ചരിക്കുന്ന പരിശുദ്ധ അമ്മ, കര്‍ഷകരുടെ മാതാവ് തുടങ്ങിയ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വങ്ങളായ ചിത്രങ്ങളാണ് ഈ ജപമാലഭക്തന്റെ അമ്മ മതിലിലെ മാതൃകാഴ്ചകളായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

ഇതിനുപുറമേ പരിശുദ്ധ മറിയം ഇഹലോകത്തില്‍ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയിട്ടുള്ള ഒട്ടനവധി മരിയദര്‍ശന ചിത്രങ്ങളും പള്ളിപ്പറമ്പില്‍ ജോയിയുടെ കുടുംബ മതിലിലെ കാണാക്കാഴ്ചകളാണ്. ഇതില്‍ ഹൃദയഹാരിയായ ചിത്രങ്ങളും സന്ദര്‍ശകരുടെ കണ്ണുകളിലുടക്കുന്നുണ്ട്. യുക്തിക്കപ്പുറത്തെ വിശ്വാസത്തിലേക്ക് വഴി നടത്തുന്ന സംഭവങ്ങളുടെ ഈ ചിത്രങ്ങള്‍ മാനസാന്തരത്തിന്റെ പുതുമുളകള്‍ മുളപ്പിക്കുന്നവയാണ്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക് വെടിയേറ്റപ്പോള്‍ പരിശുദ്ധ അമ്മ താങ്ങി നിര്‍ത്തുന്ന ചിത്രം വശ്യമനോഹരമാണ്. ജര്‍മനിയിലെ ഒരു ബസിലിക്കയില്‍ പ്രത്യക്ഷയായ പരിശുദ്ധ മറിയത്തിന്റെ അതിമനോഹരമായ ദൃശ്യം ഭൂലോകറാണിയെന്ന അപദാനത്തിന് പാത്രീഭൂതയാകുന്ന ചിത്രമാണ്. ആംസ്റ്റര്‍ഡാമില്‍ പ്രത്യക്ഷയായ ‘സര്‍വ്വജനപഥങ്ങളുടെയും നാഥ’യെന്നു വിശേഷിപ്പിക്കുന്ന മാതൃചിത്രം ചിന്തോദ്ദീപകമാണ്. നിറഞ്ഞുമേഞ്ഞു നില്‍ക്കുന്ന ആടുകള്‍ക്കിടയിലെ മാതൃചിത്രം സൂക്ഷിച്ചുവീക്ഷിച്ചാല്‍ വ്യക്തമാകുന്ന ചിത്രങ്ങള്‍ ജോയി വിവരിച്ചു തരുമ്പോഴാണ് കാഴ്ചക്കാരന് ആ ചിത്രത്തിന്റെ ആഴവും വ്യാപ്തിയും ഉള്‍ക്കൊള്ളാനാകുന്നത്. മുകളിലേക്ക് നോക്കി നില്‍ക്കുന്ന ബഹുഭൂരിപക്ഷം ആടുകള്‍ക്കിടയില്‍ താഴേക്ക് ശിരസുനമിച്ചു പുല്ലുമേയുന്ന ആടുകള്‍ മാനസാന്തരത്തില്‍ നിന്നും ഓടിയകലുന്ന പാപികളുടെ പ്രതീകമാണെന്ന അടിക്കുറിപ്പിലെത്തുമ്പോഴാണ് സന്ദര്‍ശകന്‍ വീണ്ടും ആ ചിത്രത്തെ സൂക്ഷ്മമായി വീക്ഷിച്ചു നിരീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്. വിശ്വസൗന്ദര്യത്തിന്റെ പ്രതിഫലനമാണ് സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വാതിലായി മെജുഗോരെയിലെ മരിയചിത്രം.

അമേരിക്കയിലെ ഒരു മരിയ ഭക്തന്റെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ വ്യത്യസ്തമായ ചിത്രത്തിന്റെ പകര്‍പ്പും ജോയിയുടെ മാതൃമതിലില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനങ്ങളുടെ മധ്യേ സംരക്ഷകയായി നടന്നു നീങ്ങുന്ന പരിശുദ്ധമറിയത്തിന്റെ ഭക്തി തുളുമ്പുന്ന ചിത്രം. ജപമാല പ്രാര്‍ത്ഥനയില്‍ നാം അനുസ്മരിക്കുന്നതാണ് പരിശുദ്ധ മറിയം സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന സത്യം. ഈ സത്യത്തെ നേര്‍ക്കാഴ്ചയിലെത്തിക്കുന്ന വര്‍ണമനോഹര ചിത്രമാണ് മറിയത്തിന്റെ കിരീടധാരണം.

മെക്‌സിക്കോയിലെ ഗ്വാദലൂപ്പെയില്‍ അക്രൈസ്തവനായി ജനിച്ചുവളര്‍ന്ന ആദിവാസിയായ ഹുവാന്‍ ദിയോഗോയ്ക്ക് 1531 ഡിസംബര്‍ ഒന്‍പതിനാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഗ്വാദലൂപ്പെയില്‍ ഒരു ദേവാലയം പണിയണമെന്ന് സ്ഥലത്തെ ബിഷപ്പിനോട് ആവശ്യപ്പെടാന്‍ ഹുവാന്‍ ദിയോഗോയെ മാതാവ് ചുമതലപ്പെടുത്തി. പക്ഷേ ഈ ആദിവാസിയുടെ വാക്കുകള്‍ അപ്പാടെ സ്വീകരിക്കാന്‍ ബിഷപ്പ് തയ്യാറായില്ല. മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നതിന്റെ സാധ്യത തെളിയിക്കാന്‍ അദ്ദേഹം ദിയോഗോയോട് അടയാളമാവശ്യപ്പെട്ടു. മാതാവ് ദിയോഗോയ്ക്ക് അടയാളം നല്‍കാന്‍ തയ്യാറായി. അതിനായി കുറേ പനിനീര്‍ പൂക്കള്‍ ശേഖരിച്ചുകൊണ്ടുവരാന്‍ മാതാവ് ദിയോഗോയെ ചുമതലപ്പെടുത്തി. ഡിസംബറിലെ തണുപ്പില്‍ അവിടെ പൂക്കള്‍ വിരിയുക ദുര്‍ബലമായിരുന്നു. അസ്വസ്ഥനായ ദിയോഗോ ചുറ്റുപാടും നോക്കിയപ്പോള്‍ അവിശ്വസനീയമായ കാഴ്ചയാണ് അയാളുടെ ദൃഷ്ടിയില്‍പ്പെട്ടത്. ആ കുന്നിന്‍ ചെരിവുനിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന പനിനീര്‍പൂക്കള്‍. ദിയോഗോ തന്റെ മേലങ്കിയില്‍ നിറയെ പൂക്കള്‍ ശേഖരിച്ച് മാതാവിനു മുന്നില്‍ കൊണ്ടുചെന്ന് സമര്‍പ്പിച്ചു. മാതാവ് ആ പുഷ്പങ്ങള്‍ ഭംഗിയായി അടുക്കിവച്ച് കൊടുത്തുകൊണ്ട് അവനെ ബിഷപ്പിനു പക്കലേക്കയച്ചു.

ദിയോഗോ കൊണ്ടുവന്ന പൂക്കള്‍ കണ്ട് ബിഷപ് വിസ്മയിച്ചു. പൂക്കാലമല്ലാഞ്ഞിട്ടും ഇത്രയേറെ പൂക്കള്‍ എവിടെ നിന്ന് എന്നദ്ദേഹം തിരക്കി. മേലങ്കി വിടര്‍ത്തി പൂക്കള്‍ ബിഷപ്പിനു മുന്നിലേക്കിട്ടപ്പോള്‍ അതിലും വലിയ അത്ഭുതമാണ് ബിഷപ്പ് കണ്ടത്. ദിയോഗോയുടെ മേലങ്കിയില്‍ മാതാവിന്റെ അതിമനോഹരമായ ചിത്രം പതിഞ്ഞിരിക്കുന്നു. അഭൂതപൂര്‍വ്വമായ ചായക്കൂട്ടുകള്‍ കൊണ്ട് വരച്ചിരിക്കുന്ന ചിത്രം. ഈ അത്ഭുത ചിത്രവും ജോയിയുടെ മരിയന്‍ ക്യാന്‍വാസിലെ അത്ഭുതചിത്രങ്ങളിലൊന്നാണ്. ഹുവാന്‍ ദിയോഗോ ഇന്ന് വിശുദ്ധനാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 2002 ജൂലൈ 31-ന് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു.

ജപ്പാനിലെ അക്കിത്തയില്‍ കണ്ണീരൊഴുക്കി പ്രത്യക്ഷപ്പെട്ട മാതാവിന്റെ അനുകമ്പാര്‍ദ്രമായ ചിത്രവും ജോയിയുടെ മരിയന്‍ ചിത്രക്കൂട്ടിലിടം നേടിയിട്ടുണ്ട്. ഒട്ടുമിക്ക മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ജോയി സ്ഥിരമായി പോകുന്നത് വല്ലാര്‍പാടത്തമ്മയുടെ സന്നിധത്തിലേക്കാണ്. മൂന്നുതവണ ഇവിടെവച്ച് പരിശുദ്ധ വല്ലാര്‍പാടത്തമ്മ ജോയിയോട് രഹസ്യമായി സംസാരിച്ചിട്ടുണ്ടെന്നാണ് ജോയിയുടെ സാക്ഷ്യം. പൊതുസ്ഥിരീകരണമില്ലാത്ത ഈ രഹസ്യ സംഭാഷണം ജോയിയുടെ സ്വകാര്യ മരിയന്‍ അഹങ്കാരമായി തന്നെ ഇന്നും അവശേഷിക്കുന്നു. കാരണം, ഈ അമ്മ വഴി ജോയിക്ക് ലഭ്യമായിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് പൊതുസ്വീകാര്യതയുണ്ട്; അനുഭവസ്ഥരുണ്ട്. അതുമാത്രം മതി തനിക്കെന്നവകാശവാദം മാത്രം ജോയിക്കുള്ളൂ. മറ്റു ദിവ്യത്വങ്ങള്‍ ഏറ്റുവാങ്ങാന്‍ ജോയി തയ്യാറല്ല.

മരണം കവര്‍ന്നെടുക്കാന്‍ പോയ മഞ്ഞപിത്തത്തില്‍ നിന്നും ജീവാമൃതമായി മാറിയ മരിയാമൃതം ആദ്യ അത്ഭുതമാണെങ്കില്‍ രണ്ടാമത്തേത് ജോയിയുടെ കിടപ്പാടവുമായി ബന്ധപ്പെട്ടതായിരുന്നു. റെയില്‍വേ പാതയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്ത് സ്വന്തമായി ഒരു ഭവനം നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് ജോയിക്ക് അമ്മത്തലോടലേറ്റ അത്ഭുതാനുഭവമുണ്ടാകുന്നത്. റെയില്‍പാതയുമായി കുറഞ്ഞത് 15 മീറ്റര്‍ അകലെയല്ലാത്ത പ്ലോട്ടില്‍ വീടുവയ്ക്കാന്‍ റെയില്‍വേ ചട്ടങ്ങള്‍ അനുവദിക്കാറില്ല. 13 മീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്ന ജോയിയുടെ സ്ഥലത്ത് വീടുവയ്ക്കാന്‍ പല സമ്മര്‍ദ്ദ തന്ത്രങ്ങളും ജോയി ഉപയോഗിച്ചു നോക്കിയിട്ടും റെയില്‍വേ അധികൃതര്‍ സമ്മതപത്രം നല്‍കിയില്ല. നിരാശനാകാതെ മനുഷ്യസഹായങ്ങള്‍ വിട്ട് മറിയസഹായത്തില്‍ അഭയം തേടി. ദിവസവും വല്ലാര്‍പാടത്തമ്മയുടെ സവിധത്തിലെത്തി മൂന്ന് ജപമാലയര്‍പ്പിച്ച് ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ തുടങ്ങി. ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കേ ഒരു ഡിസംബര്‍ എട്ടിന് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ ജപമാലയര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ജോയി വല്ലാതെ സന്തോഷഭരിതനാകുകയും അന്തരംഗത്തില്‍ ആരോ മന്ത്രിക്കുന്നതായുള്ള അനുഭവവുമുണ്ടായി: ”നിന്റെ ഭവന നിര്‍മ്മാണത്തിന് അനുമതിയായി.” അന്ന് സന്തോഷത്തോടെ തന്നെ വീട്ടിലെത്തിയ ജോയി കേട്ടതും ഒരു സദ്വാര്‍ത്ത. ”തിരുവനന്തപുരത്തുനിന്ന് ഒരു ടെലിഫോണ്‍ കോളുണ്ടായിരുന്നു. വീടിന്റെ പ്ലാന്‍ പാസാക്കിയിരിക്കുന്നു. അടിയന്തരമായി തിരുവനന്തപുരത്ത് ചെല്ലണമെന്ന്.” മനുഷ്യസഹജമായ അവിശ്വാസം ജോയിക്കുണ്ടായെങ്കിലും തിരുവനന്തപുരത്തെത്തിയപ്പോള്‍ അത് വിശ്വാസമായി മാറി. തുടര്‍ന്ന് ഈ അമ്മ വഴി ജോയിക്കും കുടുംബത്തിനുമുണ്ടായ അത്ഭുതാനുഭവങ്ങള്‍ എണ്ണമറ്റതായിരുന്നു.

നിരവധി വാഹനാപകടങ്ങളില്‍ നിന്നും ഒരു പോറല്‍പോലും ഏല്‍ക്കാതെ പരിശുദ്ധ അമ്മയുടെ ഉത്തരീയ മേലങ്കിയുടെയും ജപമാലയുടെയും സംരക്ഷണയില്‍ ജോയിയും മകനും രക്ഷപ്പെട്ടിട്ടുള്ള അനുഭവങ്ങളും ഈ ജപമാല ഭക്തനു പറയാനുണ്ട്. ഇന്നും മുടക്കം കൂടാതെ വല്ലാര്‍പാടത്തെത്തി ജപമാലയര്‍പ്പിച്ച് ദിവ്യബലിയില്‍ പങ്കുകൊള്ളാറുണ്ട്. കൂടാതെ മാതൃഇടവകയായ ചാത്യത്ത് പള്ളിയിലെ നിത്യാരാധന കേന്ദ്രത്തില്‍ പതിവായി ഒരുമണിക്കൂറെങ്കിലും ആരാധന നടത്തി ജപമാലയര്‍പ്പിക്കും. വീട്ടില്‍ എട്ടുമണിക്ക് നിര്‍ബന്ധമായും കുടുംബസമേതം ജപമാല ചൊല്ലിയിരിക്കും. ഈ പതിവുകള്‍ തെറ്റിക്കാന്‍ ജോയി ഒരുക്കമല്ല.

വല്ലാര്‍പാടത്തമ്മയുടെ അനുഗ്രഹവും മാധ്യസ്ഥ്യവുമാണ് ജോയിയുടെ ജീവിതത്തിലെ അത്ഭുത നീരുറവയെങ്കിലും ഈ മരിയ ഭക്തന്റെ വീട്ടിലെ മരിയന്‍ ചിത്രങ്ങളിലൊരിടത്തും വല്ലാര്‍പാടത്തമ്മയുടെ തിരുച്ചിത്രം മാത്രമില്ല. ഇതിനു വ്യക്തമായ ഉത്തരവു ജോയിക്കുണ്ട്. ”വല്ലാര്‍പാടത്തമ്മയാണ് എന്റെ ഈ ഭവനത്തിന്റെ മേല്‍ക്കൂര. ആ മേല്‍ക്കൂര കണ്ടാണ് ഞാന്‍ ഉണരുന്നതും ഉറങ്ങുന്നതും. എല്ലാ നാരകീയ ശക്തികളുടെയും അപകടങ്ങളുടെയും മേല്‍ സംരക്ഷണമൊരുക്കി ഞങ്ങള്‍ക്ക് മുകളില്‍ അമ്മ കുടചൂടി നില്‍ക്കുമ്പോള്‍ പിന്നെന്തിനൊരു ചിത്രം. അതെന്റെ കുടുംബത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞ ചിത്രമാണ്.”

ലിപ്‌സണ്‍ ജോര്‍ജ്, ലിന്റ മരിയ, ജാന്‍സി ജോര്‍ജ്, ജോര്‍ജ് ജോണ്‍ (ജോയി), ജോണ്‍ ലിപിന്‍

വരാപ്പുഴ അതിരുപതയിലെ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ഇടവകയില്‍ എസ്ആര്‍എം ക്രോസ് റോഡിലെ പള്ളിപ്പറമ്പില്‍ ജോര്‍ജ് ജോണിന്റെ ഭവനത്തിലെത്തിയാല്‍ വിശ്രുത മരിയന്‍ തീര്‍ത്ഥകേന്ദ്രങ്ങളിലെത്തിയ പ്രതീതിയാണനുഭവപ്പെടുക. 700-ലധികം വരുന്ന മാതൃചിത്രങ്ങള്‍ മാത്രമല്ല സന്ദര്‍ശകരെ സ്വീകരിക്കുന്നത്. മാതാവിനെക്കുറിച്ച് മാത്രം രചിക്കപ്പെട്ടിരിക്കുന്ന നൂറിലധികം ഗ്രന്ഥങ്ങളും ജോയിയുടെ മരിയന്‍ ശേഖരത്തിലെ അമൂല്യനിധികളാണ്. ഹിന്ദുസ്ഥാന്‍ ലിവറിലെ ഉദ്യോഗസ്ഥനായ ജോയി ജോലികഴിഞ്ഞാല്‍ പുസ്തകശാലകളിലേക്കാണ് പോകുന്നത്. മാതാവിനെക്കുറിച്ചുള്ള പുതിയ ഗ്രന്ഥങ്ങള്‍ വിപണിയിലിറങ്ങിയോ എന്ന അന്വേഷണമാണ് ഈ യാത്രയിലുള്ളത്. ഉണ്ടെങ്കില്‍ അത് ആദ്യം സ്വന്തമാക്കുക ജോയിയുടെ ഹോബിയാണ്. സ്വന്തമാക്കിയാലോ, അത് വായിച്ച് ഹൃദ്യസ്ഥമാക്കാതെ ആ രാത്രിക്ക് വിട നല്‍കില്ല.

പള്ളിപ്പറമ്പില്‍ ജോണ്‍-ട്രീസ ദമ്പതികളുടെ മൂത്തമകനാണ് ജോര്‍ജ് ജോണ്‍ എന്ന ജോയി. ഏലീശ്വ അഗസ്റ്റിന്‍, ഹെന്റി, മരിയ സ്‌പെരാന്‍സിയ ഫ്രാന്‍സിസ്, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ റോസിലിന്റ് (കോഴിക്കോട്), വിശുദ്ധ മദര്‍ തെരേസ സന്യാസിനി സഭാംഗം സിസ്റ്റര്‍ ലിയ ആന്‍ (വാഷിംഗ്ടണ്‍), കംപാഷനിസ്റ്റ് സര്‍വന്റ്‌സ് ഓഫ് മേരി സന്യാസിനി സഭാംഗം സിസ്റ്റര്‍ ഊര്‍സുല (ഇറ്റലി), ഫ്രാന്‍സിസ് എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ ജാന്‍സി ജോര്‍ജ് മതാധ്യാപികയാണ്. വിവാഹിതയായ ലിന്റ മരിയ മകളും, ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളായ ജോണ്‍ ലിപിന്‍, ലിപ്‌സണ്‍ ജോര്‍ജ് എന്നിവര്‍ പുത്രന്മാരുമാണ്. പള്ളിപ്പറമ്പില്‍ ജോയിയുടെ കുടുംബം മരിയന്‍ഫുള്‍ ആണ് ഒപ്പം ജോയ്ഫുള്ളുമാണ്.

തന്റെ ചിത്രശേഖരങ്ങളുമായി നാളിതുവരെ ജോയി ഒരിടത്തും പ്രദര്‍ശനങ്ങള്‍ക്കായി പോയിട്ടില്ല. ഇനിയൊട്ട് അതുണ്ടാകുകയുമില്ലെന്നാണ് ജോയി പറയുന്നത്. കാരണം, അമ്മയുടെ വിശുദ്ധ ചിത്രങ്ങള്‍ പ്രദര്‍ശന വസ്തുവല്ല. എന്നാല്‍ കാണാനാഗ്രഹിക്കുന്നവര്‍ക്ക് എന്നും തന്റെ മരിയാലയത്തിലെത്തി തിരുച്ചിത്രങ്ങള്‍ കണ്ട് വണങ്ങി ഒരു ജപമാലയും അര്‍പ്പിച്ച് ജോയ് ഫുള്ളായി മടങ്ങാം. ഇത് ഈ ജപമാലഭക്തന്റെ മരിയന്‍ ഓഫറാണ്.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.