ക്രിസ്തുവില്‍ എല്ലാം പുതുതായി കാണാന്‍ ‘ഇഗ്നേഷ്യസ് വര്‍ഷാചരണം’

ക്രിസ്തുവില്‍ എല്ലാം പുതുതായി കാണാന്‍ എന്നത് വിചിന്തനവിഷയമാക്കി 2021 മേയ് മുതല്‍ 2022 ജൂലൈ വരെ സൊസൈറ്റി ഓഫ് ജീസസ്, വി. ഇഗ്നേഷ്യസ് വര്‍ഷം ആചരിക്കുന്നു. വി. ഇഗ്നേഷ്യസിന്റെ ജീവിതവും അദ്ദേഹം നല്‍കിയ സന്ദേശങ്ങളും അനുസ്മരിക്കുന്നതിനും ആഘോഷിക്കുന്നതിനും വേണ്ടിയാണ് ഈ വര്‍ഷാചരണം നടത്തുന്നത്.

ഈ കാലഘട്ടത്തില്‍ വി. ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം മാതൃകയാക്കി പരിവര്‍ത്തനത്തിന്റെയും വിചിന്തനത്തിന്റെയും പാതയിലൂടെ ക്രൈസ്തവരെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് സൊസൈറ്റി ഓഫ് ജീസസ് പറഞ്ഞു. 2022 ജൂലൈ 31-ന് വി. ഇഗ്നേഷ്യസിന്റെ തിരുനാള്‍ ദിനത്തിനാണ് വര്‍ഷാചരണം സമാപിക്കുക.

2021 മേയ് 20 വ്യാഴാഴ്ച സ്‌പെയിനിലെ പാംപ്‌ളോനയിലാണ് ഇഗ്നേഷ്യസ് വര്‍ഷാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ‘പില്‍ഗ്രിംസ് വിത്ത് ഇഗ്നേഷ്യസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയും മേയ് 23- ാം തീയതി ജെസ്യൂട്ട് സഭാംഗങ്ങള്‍ നടത്തുന്നുണ്ട്.

വി. ഇഗ്‌നേഷ്യസിന്റെ സ്മരണയില്‍ ഈശോസഭാംഗം കൂടിയായ ഫ്രാന്‍സിസ് പാപ്പായും സന്ദേശം നല്‍കിയിരുന്നു. “പാംപ്ലോനയില്‍ വി. ഇഗ്‌നേഷ്യസ് മുറിവേറ്റതിന്റെ 500-ാം വാര്‍ഷിക ദിനത്തില്‍ ഈശോസഭാ സ്ഥാപകനായ വിശുദ്ധന്റെ മനഃപരിവര്‍ത്തനത്തിന്റെ യാത്രയില്‍ പങ്കുചേരാന്‍ എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു. അതിലൂടെ നാമും നവീകരിക്കപ്പെടുവാനും എല്ലാം പുതുതായി തുടങ്ങുവാനും ഇടവരട്ടെ” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.