അനുസരിച്ചാല്‍ ഐശ്വര്യം കാണും: കഥയും തിരക്കഥയും എഴുതിയ സിസ്റ്റര്‍ പറയുന്നു 

മരിയ ജോസ്

അടുത്തിടെ ഇറങ്ങിയ, സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത, ഒരു ഷോര്‍ട്ട് ഫിലിം ആണ് ‘ഒരു ചെറിയ തിരുത്ത്’. എന്താണ് സന്യാസമെന്നും എന്തായിരിക്കണം അതിന്റെ അടിസ്ഥാനം എന്നും വ്യക്തമായി പറഞ്ഞു വച്ചു, ‘ഒരു ചെറിയ തിരുത്ത്’. ഈ ചെറിയ തിരുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ‘നിന്നെ പോലെ ഒരാള്‍’ എന്ന ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയ സി. സെബി എം.എസ്.എം.ഐ തന്നെയാണ്.

ഈ ഒരു ഷോട്ട് ഫിലിം കണ്ടതിനു ശേഷം പലരില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് ‘കഥയും തിരക്കഥയും എഴുതുന്ന സിസ്റ്ററിന്’ ഇതൊക്കെ ചെയ്യാന്‍ അനുമതി ലഭിക്കുന്നു. ‘ചിലര്‍ക്ക്’ അത് ലഭിക്കുന്നില്ലാ എന്നത്. അതിനു കാരണം തേടിയുള്ള ലൈഫ് ഡേയുടെ യാത്രയില്‍ സി. സെബിയും ചേരുന്നു.

അനേകം വിശുദ്ധരായ സമര്‍പ്പിതര്‍ക്ക് വേണ്ടി

‘ഒരു ചെറിയ തിരുത്ത്’ എന്ന ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത് ഒരിക്കല്‍ പോലും ഒരു ലാഭത്തിനോ, പ്രമോഷനോ ഒന്നും വേണ്ടിയല്ല. സന്യാസം എന്ന മഹത്തായ ജീവിതാന്താസ് അനാവശ്യ ഇടങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കണ്ട് മനം നൊന്ത് സക്രാരിക്ക് മുന്നില്‍ ഇരുന്നു കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന അനേകം സന്യാസിനിമാര്‍ ഉണ്ട്. അവര്‍ക്കായാണ് ഈ ഷോര്‍ട്ട് ഫിലിം ചെയ്തത്.

വിശുദ്ധരായ അനേകം സന്യാസിനിമാര്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ആ ജീവിതാന്തസിന്റെ മഹനീയത കാട്ടിതന്ന്, അല്‍ഫോന്‍സാമ്മ, മദര്‍ തെരേസ, റാണി മരിയ, മറിയം ത്രേസ്യ തുടങ്ങിയ അനേകര്‍ കടന്നു പോയി. അവരൊക്കെ കടന്നു പോയ ആ സന്യാസ ജീവിതത്തെ ഒന്നോ രണ്ടോ പേരുടെ സ്വാര്‍ത്ഥ ലാഭത്തിനായി അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ഉള്ളില്‍ തോന്നിയ വേദന. ആ വേദനയില്‍ നിന്നുമാണ് ‘ഒരു ചെറിയ തിരുത്ത്’ രൂപം കൊള്ളുന്നത്. ‘ഈ ഒരു തിരുത്തിലൂടെ ഒന്നുമാത്രമേ ലക്ഷ്യം വച്ചുള്ളു. സമൂഹം ഒന്ന് മനസിലാക്കണം. എന്താണ് സന്യാസം എന്നത്. അത്രമാത്രം’ സിസ്റ്റര്‍ സെബി പറയുന്നു.

പ്രാര്‍ത്ഥനയോടെ തുടക്കം

ഒരു കുഞ്ഞു ഫിലിമാണ് ചെയ്യാന്‍ പോകുന്നതെങ്കിലും അതിനു പിന്നില്‍ ഒരുപാട് പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. തിരക്കഥയും മറ്റും തയ്യാറാക്കിയത് മുതല്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കി അയക്കുന്നത് വരെ നീണ്ടു നിന്ന തീക്ഷ്ണമായ പ്രാര്‍ത്ഥന. അതിന്റെ ഒരു ഫലമാണ് ഇന്ന് ‘ഒരു ചെറിയ തിരുത്തിനെ’ ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തിച്ചത്.

സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സിസ്റ്റര്‍ മദര്‍ തെരേസയോടും റാണി മരിയയോടും അല്‍ഫോന്‍സാമ്മയോടും മറിയം ത്രേസ്യയോടും വിശുദ്ധരായ എല്ലാ സന്യസിനികളോടും പ്രത്യേക മാദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. കാരണം അവരൊക്കെ എന്റെ, എന്നെപ്പോലെ ഉള്ള അനേകം സിസ്റ്റര്‍മാരുടെ ചേച്ചിമാരാണ്. അതിനാല്‍ തന്നെ ഈ ഒരു കാര്യത്തില്‍ എന്റെ സഹായത്തിനു നിങ്ങള്‍ ഉണ്ടാകണം എന്ന് മാദ്ധ്യസ്ഥം യാചിച്ചു കൊണ്ടാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും പബ്ലിഷ് ചെയ്തതും. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഒക്കെ ഒരു അത്ഭുതം പോലെ ആയിരുന്നു. അനേകരിലേയ്ക്ക് എത്തുവാന്‍ ദൈവാനുഗ്രഹവും വിശുദ്ധരായ സന്യാസിനിമാരുടെ മധ്യസ്ഥതയും കാരണമായി.

ഷൂട്ടിങ്ങിന് മുന്‍പ് അധികാരികളിലേയ്ക്ക്

‘മുകളില്‍ ഇരിക്കുന്ന അധികാരം എല്ലാം ദൈവത്താല്‍ സ്ഥാപിതമാണ്’ എന്ന ബൈബിള്‍ വചനം സി. സെബിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒന്നാണ്. അതിനാല്‍ തന്നെ ഒരു സ്‌ക്രിപ്റ്റ് തുടങ്ങുമ്പോഴേ ചര്‍ച്ചകളും ബഹളങ്ങളും ക്യാമറയും എടുത്ത് ഇറങ്ങി പുറപ്പെടുകയല്ല. മറിച്ച് സ്‌ക്രിപ്റ്റ് എഴുതിയതിനു ശേഷം ഷൂട്ടിംഗ് സ്‌ക്രിപ്ടുമായി സിസ്റ്റര്‍ ആദ്യം ചൊല്ലുക  പ്രോവിന്‍ഷ്യലിന്റെ അടുത്താണ്. പ്രോവിന്‍ഷ്യാളമ്മയും കൗണ്‍ലേഴ്‌സുമായുള്ള കൂടിക്കാഴ്ചയില്‍ ആ സ്‌ക്രിപ്റ്റ് അവതരിപ്പിക്കും.

ഇങ്ങനെ ഒന്ന് ചെയ്യാന്‍ അനുമതി ലഭിച്ചാല്‍ പിന്നെ ചര്‍ച്ച അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും. ഇതു ചെയ്യാന്‍ ഇന്ന ഉപകരണങ്ങള്‍ വേണം, അതിനു ഇത്ര ചിലവുകള്‍ വരും തുടങ്ങിയ കാര്യങ്ങള്‍ അവതരിപ്പിക്കും. ഇന്ന കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ ചിലവ് കുറയ്ക്കാമെന്നും ഇന്ന കാര്യങ്ങള്‍ ചെയ്താല്‍ മികച്ച നിലവാരത്തില്‍ ചെയ്യാന്‍ പറ്റുമെന്നും പറഞ്ഞതിന് ശേഷം ഇതാണ് വേണ്ടതെന്നു തീരുമാനിക്കുവാന്‍ അധികാരികള്‍ക്ക് സ്വാതന്ത്ര്യം നല്‍കും. പിന്നീടുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് അധികാരികള്‍ ആയിരിക്കും.

ഒപ്പം തന്നെ പണം കൈകാര്യം ചെയ്യുവാന്‍ സന്യാസ സമൂഹത്തിലെ തന്നെ മുതിര്‍ന്ന ഒരു സിസ്റ്ററിനെ കൂടെ അയക്കുവാനും പറയും. ഷൂട്ടിംഗ് സംബന്ധമായ പണമിടപാടുകള്‍ എല്ലാം ചെയ്യുന്നത് ആ സിസ്റ്ററായിരിക്കും. അധികാരികളില്‍ നിന്ന് സമ്മതവും അനുമതിയും തേടിയുള്ള പ്രവര്‍ത്തികള്‍ ഒരിക്കല്‍ പോലും തനിക്കു ഒരു കുറവായോ തടസമായോ സ്വതന്ത്ര്യമില്ലായ്മയായോ തോന്നിയിട്ടില്ല. മറിച്ചു ഭയം കൂടാതെ ഏറ്റവും സ്വാതന്ത്ര്യത്തോട് കൂടിയും ജോലി ചെയ്യുവാന്‍ സാധിക്കുന്നു എന്ന് സിസ്റ്റര്‍ സെബി വെളിപ്പെടുത്തുന്നു.

അനുസരിച്ചാല്‍ ഐശ്വര്യം കാണും 

കഥയും തിരക്കഥയും എഴുതാനും അത് ചെയ്യുവാനും അനുമതി നല്‍കി എന്ന് കരുതി എല്ലാ കാര്യങ്ങളിലും അങ്ങനെ ആണ് എന്ന് കരുതരുത്. ചില കാര്യങ്ങള്‍ അധികാരികളോട് പറയുമ്പോള്‍ അത് വേണ്ട എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞ ഒരു കാര്യം പിന്നെ സിസ്റ്റര്‍ വേണം എന്ന് പറഞ്ഞിട്ടില്ല. പിന്നെ ആ ഒരു വിഷയത്തെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യില്ല. എന്നാല്‍ അനുസരിക്കുന്നതിന്റെ അനുഗ്രഹം പിന്നീട് ധാരാളമായി ദൈവം എന്നിലേയ്ക്ക് ചൊരിയുന്നത് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം അതൊരു കുത്തൊഴുക്കുപോലെ വന്നു നിറയുകയാണ്. സിസ്റ്റര്‍ പറയുന്നു.

ഇത് ഒരു സിസ്റ്ററിന്റെ മാത്രം അനുഭവമല്ല. അനുസരണത്തെ ഒരു വ്രതമായി സ്വീകരിച്ച ആയിരക്കണക്കിന് സന്യാസിനികളുടെ അനുഭവമാണ്. തങ്ങളുടെ ഇഷ്ടങ്ങളെ അധികാരികള്‍ക്ക് കീഴ്വഴങ്ങി ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ അവരുടെ ഒക്കെ ജീവിതങ്ങളെ ദൈവം അപ്രതീക്ഷിതമായി, മനുഷ്യ ബുദ്ധിക്കു അതീതമായി ഉയര്‍ത്തുന്നതായി കാണാം. അതിനു ഉത്തമ ഉദാഹരണമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ.

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട വിധത്തില്‍ താഴ്മയില്‍ ചെയ്യുമ്പോള്‍ അവിടെ ദൈവം ഇടപെടും. അത് യുഗങ്ങള്‍ക്കു മുന്നേ ഉള്ള ദൈവത്തിന്റെ അലിഖിതമായ ഒരു നിയമമാണ്. അനേകം വിശുദ്ധര്‍ തങ്ങളുടെ ജീവിതം കൊണ്ട് കാട്ടിത്തന്ന വലിയ മാതൃക…

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.