എന്നും പ്രളയമായിരുന്നെങ്കില്‍ …

ഫാ. റോബിന്‍ പട്രകാലായില്‍

പ്രളയം ഒരു ദുരന്തമായിരുന്നോ? കുറെയധികം ആളുകളോട് അഭിപ്രായം ചോദിച്ചു. എല്ലാവര്‍ക്കും വ്യത്യസ്തമായ മറുപടികള്‍. ഭവനരഹിതരായവര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ട ദുരന്തം. ബന്ധുമിത്രാദികളെ നഷ്ടപ്പെട്ടവര്‍ക്ക് തീരാവേദനയുടെ ദുരന്തം. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഒരു മനുഷ്യായുസ്സ് മുഴുവന്‍ സ്വരുക്കൂട്ടിയത് കൈവിട്ടു പോയതിലുളള ഹൃദയവേദന… അങ്ങനെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങള്‍.

ഒരു വല്യമ്മച്ചിയുടെ മറുപടി ഹൃദയത്തില്‍ തൊട്ടു. ‘മോനേ, എന്നും പ്രളയമായിരുന്നെങ്കില്‍ എത്ര നന്നായേനേ.’ കാരണം ചികഞ്ഞ് ഒരു എത്തിനോട്ടം നടത്തിയപ്പോള്‍ കാര്യം മനസിലായി. പ്രളയനാളില്‍ മനുഷ്യര്‍ക്ക് എന്ത് ഐശ്വര്യമായിരുന്നു. അന്ന് ജാതിയില്ല, മതമില്ല, വര്‍ണ്ണമില്ല. മറ്റുളളവര്‍ക്ക് സഹായം കൊടുക്കുവാന്‍ മടിക്കുന്നവരും, മറ്റുളളവരില്‍ നിന്ന് തനിക്ക് സഹായം ആവശ്യമില്ലെന്ന് കരുതിയവരും, പണത്തിലും പ്രശസ്തിയിലും പ്രത്യാശയര്‍പ്പിച്ച് ജീവിച്ചവരും, ജീവിതത്തില്‍ നാളെയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും… അങ്ങനെല്ലാവരും ഒരേ മുറിയില്‍ ഒരേ പാത്രത്തില്‍ നിന്ന് നിറഞ്ഞ മനസ്സോടെ ഭക്ഷിക്കുന്നു.

മലമ്പനിയോടും മലമ്പാമ്പിനോടും മല്ലിട്ട്, മനുഷ്യത്വത്തിന്റെ മഹത്വം മനസിലാക്കി ദൈവത്തില്‍ മാത്രം പ്രത്യാശയര്‍പ്പിച്ചിരുന്ന ഒരു ജനത ഹൈറേഞ്ചിലുണ്ടായിരുന്നു. കൂടപ്പിറപ്പുകള്‍ക്കു വേണ്ടി, അപ്പത്തിനു വേണ്ടി കഷ്ടപ്പാടുകളുടെ മൂര്‍ദ്ധന്യത്തിലും സഹോദരസ്‌നേഹം മറക്കാതെ, അയല്‍പക്കബന്ധങ്ങള്‍ നഷ്ടപ്പെടുത്താതെ ജീവിച്ചു-മരിച്ച ഒരു തലമുറ.

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ നാടും നഗരവും വികസനത്തിന്റെ പാതയിലായി. മനുഷ്യരെല്ലാവരും സ്വന്തം കാലില്‍ നില്‍ക്കാറായി. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ പിന്നാമ്പുറത്തു കൂടി അയല്‍പക്കത്തേയ്ക്ക് കുഞ്ഞുങ്ങളെ വിട്ട് അവിടെ നിന്നും ഒരു നാഴി അരിയും അര ഗ്ലാസ്സ് പഞ്ചസാരയുമൊക്കെ കടം വാങ്ങിയിരുന്ന കാലത്ത് അയല്‍പക്കക്കാര്‍ തമ്മില്‍ എന്തൊരു ബന്ധമായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്നായപ്പോള്‍ ദൈവാശ്രയബോധം കൂടി നഷ്ടപ്പെട്ട പോലെ.

‘ഇതൊക്കെ ഒരു ഓര്‍മ്മപ്പെടുത്തലാ മോനേ’ വല്ല്യമ്മച്ചിയുടെ സ്വരം ചിന്തകളെ തടസ്സപ്പെടുത്തി. പ്രളയത്തിന്റെ ആലസ്യത്തില്‍ നിന്നും മനുഷ്യന്‍ ഒരുവിധം കരകയറി. വീണ്ടും മനുഷ്യന്റെ ചിന്തകള്‍ക്ക് മാറ്റം വന്നുതുടങ്ങി. മിഴികള്‍ മുകളിലേയ്ക്കുയര്‍ത്തി നെടുവീര്‍പ്പെടുന്നു… എന്നും പ്രളയമായിരുന്നെങ്കില്‍എന്ന്.

മനുഷ്യരുടെ പൊതുവെയുളള ചിന്താഗതി ഇങ്ങനെയൊക്കെയാണെങ്കിലും പഴമക്കാരുടെ മനസറിയുന്ന, മനസില്‍ നഷ്ടപ്പെടാത്ത സാഹോദര്യത്തിന് വില കല്‍പ്പിക്കുന്ന നല്ല ഒരു സമൂഹം ഇന്നും ഹൈറേഞ്ചിലുണ്ട്. പ്രളയനാളുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്നും ആത്മാര്‍ത്ഥമായി തുടരുന്ന ആ ഒരു വിഭാഗം മതി ഹൈറേഞ്ചിനെ പുനഃര്‍നിര്‍മ്മിക്കുവാന്‍. വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങി മറ്റു കൂട്ടായ്മകളിലൂടെ ഇരുചെവിയറിയാതെ ഹൈറേഞ്ചിനെ പുനരുദ്ധരിക്കുന്നവര്‍. ഈ കൂട്ടായ്മയിലുളളവരെ മുമ്പോട്ടു നയിക്കുന്നത് മത്തായി 6: 3-4 വചനങ്ങളാണ്. ‘നീ ദാനധര്‍മ്മം ചെയ്യുമ്പോള്‍ അത് രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് എന്തെന്ന് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നല്‍കും.’

ഈശോയുടെ അന്ത്യനിമിഷങ്ങള്‍ ഒരു ദുരന്തനാടകത്തിലെ ദാരുണാന്ത്യമാണെന്ന് കരുതിയവരെ തിരുത്തിക്കൊണ്ടായിരുന്നു യേശുവിന്റെ പുനരുത്ഥാനം. എത്ര വലിയ ദുരന്തങ്ങളുണ്ടായാലും അതില്‍ നിന്നും കരകയറുവാന്‍ നമുക്ക് സാധിക്കണം. സുമനസ്സുുകളുടെ പ്രവര്‍ത്തനം അതിന് കരുത്ത് നല്‍കും. പഴമയുടെ നന്മകളിലേയ്ക്ക് നമുക്ക് തിരികെയെത്താം. സാഹോദര്യത്തിന്റെ – പങ്കുവയ്ക്കലിന്റെ ചൈതന്യത്തിലേയേക്ക് കടന്നുവന്ന് നമുക്ക് കൈകോര്‍ക്കാം. ആ നല്ല നാളുകളിലേയ്ക്ക് മടങ്ങിയെത്താന്‍ ഇനിയും ഒരു പ്രളയമോ, ദുരന്തമോ വേണോ? വേണ്ടല്ലേ …

ഉത്ഥാനം ചെയ്ത മിശിഹായുടെ സമാധാനത്തില്‍ നമുക്ക് പങ്കുപറ്റാം.

ഫാ. റോബിന്‍ പട്രകാലയില്‍

കടപ്പാട്: ഫോര്‍ച്യൂണ്‍ വോയ്സ്