മാലിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട കത്തോലിക്കാ വൈദികനടക്കം അഞ്ചുപേരെയും വിട്ടയച്ചു

മാലിയിൽ ബുധനാഴ്ച തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചുപേരെയും വിട്ടയച്ചു. കത്തോലിക്കാ പുരോഹിതനടക്കം അഞ്ചുപേരെയാണ് അക്രമികൾ മോചിപ്പിച്ചത്. ബണ്ടിയാഗാര- ബാൻകാസ് റോഡിൽ വെച്ച് അക്രമികളുടെ വാഹനം കേടാകുകയും മുൻപോട്ട് പോകാൻ കഴിയാത്തതിനെത്തുടർന്നു അഞ്ചുപേരെയും വിട്ടയയ്ക്കുകയായിരുന്നു എന്ന് മാലിയിലെ മോപ്ത്തി മേഖല ഗവർണർ മേജർ അബ്ബാസ് ടെംബെലെ പറഞ്ഞു.

ഒരു പുരോഹിതന്റെ മൃതസംസ്കാരത്തിന് പോകുന്ന വഴിയിലാണ് പുരോഹിതനടക്കമുള്ളവരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്. മോചന ദ്രവ്യം ആവശ്യപ്പെടാനോ രാഷ്ട്രീയ സമ്മർദ്ധം ചെലുത്താനോ ആണ് പൊതുവെ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകൾ നടത്താറുള്ളത്. മാലിയിൽ സൈന്യവും സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു സംഘവും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടൽ നടക്കാറുണ്ട്. അൽ- ക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ജിഹാദി കലാപങ്ങളും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു.

2017 -ൽ തെക്കൻ മാലിയിൽ തട്ടിക്കൊണ്ടുപോയ ഫ്രാൻസികൻ സന്യാസിനിയായ സി. സിസിലിയ നർവേസ്‌ അൽ ക്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ കൈവശമാണെന്നു കരുതപ്പെടുന്നു. പുതിയ ഗവണ്മെന്റ് അധികാരത്തിലേറിയിട്ടും അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതിനെതിരെ മാലിയിലെ മെത്രാൻ സമിതി അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.