“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നുപറയാൻ ബുദ്ധിമുട്ടുണ്ടോ? ഇതാ ചില കുറുക്കുവഴികൾ

മാതാപിതാക്കളോട്, ഭാര്യയോട്, ഭർത്താവിനോട്, സഹോദരങ്ങളോടൊക്കെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നൊക്കെ പറയാൻ പലപ്പോഴും ആളുകൾക്ക് മടിയാണ്, ചമ്മലാണ്. ഞാൻ അവരെ സനേഹിക്കുന്നുണ്ടെന്ന് എനിക്കും അവർക്കും എല്ലാവർക്കും അറിയാമല്ലോ പിന്നെ എന്തിനാണ് അത് ഇടയ്ക്കിടെ പറയുന്നത്, പ്രകടിപ്പിക്കുന്നത് എന്നൊക്കെയാണ് ഇത്തരക്കാരുടെ സംശയങ്ങള്‍. എന്നാൽ സ്നേഹം മൂടിവയ്ക്കാനുള്ളതല്ല. മറിച്ച്, പ്രകടിപ്പിക്കാനും പരസ്പരം പങ്കുവയ്ക്കാനുമുള്ളതാണെന്ന കാര്യം പലരും മറന്നുപോവുകയാണ്. ഈ സാഹചര്യത്തിൽ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏതാനും മാർഗ്ഗങ്ങളെ നമുക്ക് പരിചയപ്പെടാം…

1. മനുഷ്യരാരും കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നവരല്ല എന്ന് ആദ്യം മനസിലാക്കാം. മറ്റുള്ളവരാൽ സ്നേഹിക്കപ്പെടണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ ചെറിയ സ്നേഹപ്രകടനങ്ങളിൽ പോലും ആളുകളുടെ മനസ് സന്തോഷിക്കും. ചെറിയ സ്പർശവും സ്നേഹത്തോടെയുള്ള നോട്ടവും പുഞ്ചിരിയും പോലും ധാരാളമാണ്.

2. അംഗീകാരവും അഭിനന്ദനവും എല്ലാവർക്കും ഇഷ്ടമായതിനാൽ നാം സ്നേഹിക്കുന്നവരിലെ നന്മകളെ എടുത്തുകാട്ടി നല്ല വാക്ക് പറയുന്നത് എപ്പോഴും നല്ലതാണ്.

3. സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്ന കാര്യം നാം സ്നേഹിക്കുന്ന വ്യക്തികളോട് തുറന്നു സമ്മതിക്കാം. എങ്കിലും അവരോട് തനിക്ക് സ്നേഹമുണ്ടെന്നും വ്യക്തമാക്കാം.

4. സ്നേഹം പ്രകടിപ്പിക്കാനായി ഏതെങ്കിലും ദിവസമോ സമയമോ നോക്കിയിരിക്കരുത്. തോന്നുമ്പോൾ തന്നെ പ്രകടിപ്പിക്കാനുള്ളതാണ് അത്.

5. നാം സ്നേഹിക്കുന്നവരെക്കുറിച്ച് പൊതുമധ്യത്തിൽ പ്രസംഗമോ മറ്റോ പറയേണ്ടി വരുമ്പോൾ നമ്മുടെ മാത്രം വാക്കുകൾ കൊണ്ട് നിർത്തരുത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം അഭിപ്രായം തേടാം.

6. സ്നേഹിക്കുന്നവർ എപ്പോഴാണ് നമ്മുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതെന്ന് പറയാൻ പറ്റില്ല. അതുകൊണ്ടു തന്നെ സ്നേഹപ്രകടനം ഒരു സമയത്തേക്കും മാറ്റിവയ്ക്കരുത്.