ഐസിയു വിൽ കോവിഡ് രോഗികൾക്കായി യുവ ഡോക്ടറുടെ ഗാനം

“ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു …
നിങ്ങൾ അവിടുത്തെ പ്രതിബിംബമാണ്…
ലോകം നിന്നെ ചവിട്ടി താഴ്ത്തിയാലും അവിടുന്ന് നിന്നെ ഉയർത്തിക്കൊള്ളും….” ബ്രൂണ ഫല്ലു എന്ന യുവ ഡോക്ടർ പാടുകയാണ്. ദൈവാലയത്തിലെ കൊയർ ഗ്രൂപ്പിലോ മത്സര വേദിയിലോ അല്ല. ബ്രസീലിലെ സാവോ പോളോയിലെ ഒരു ആശുപത്രിയിലെ ഐസിയു വില്‍ ഇരുന്നുകൊണ്ട്. കോവിഡ് ബാധിതരായി ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിഭീകരമായ അവസ്ഥയിൽക്കൂടി നടക്കുന്ന ഒരു കൂട്ടം മനുഷ്യർക്കുവേണ്ടി! ഒരു കൈയ്യിൽ ഗിറ്റാറും മറുകൈയിൽ സ്റ്റതെസ്‌കോപ്പുമായി ഐസിയു വിൽ കയറിച്ചെന്ന് ദൈവസ്നേഹത്തെക്കുറിച്ച് അവൾ പാടിത്തുടങ്ങി.

കോവിഡ് 19 -ന് എതിരെയുള്ള മുൻനിര പോരാട്ടത്തിന് തന്റെ സംഗീതത്തിലൂടെ സഹപ്രവർത്തകർക്കും രോഗികൾക്കും കൂടുതൽ കരുത്തും ആവേശവും നൽകുകയുമാണ് ഈ ലേഡി ഡോക്ടർ. രോഗികളെയും സഹപ്രവർത്തകർയും ഒരുപോലെ ആകർഷിച്ച ഒരു സഹ പ്രവർത്തകനാണ് ഡോക്ടറുടെ പാട്ട് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അനേകായിരങ്ങൾ ഏറ്റെടുത്ത ഈ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഐസിയു വാർഡിൽ ഒരു ഗാനം കൊണ്ടുണ്ടായ മാറ്റങ്ങളെക്കുറിച്ച് ബ്രൂണ: “ഞാൻ ഐ സിയു വിൽ പാടുവാൻ ആരംഭിച്ചപ്പോൾ മയക്കത്തിലായിരുന്ന ചില രോഗികൾ കണ്ണ് തുറക്കുവാൻ തുടങ്ങി. മുഖത്ത് ഓക്സിജൻ മാസ്ക് വെച്ചിട്ടുള്ളവരുടെ കണ്ണുകൾ സജലമായി. അവർ പതിയെ പാടുവാൻ ആരംഭിച്ചു. അവരുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ കുറയുന്നതിന് പകരം അത് മുകളിലേക്കുയരുകയായിരുന്നു.” എല്ലാവരും ശ്വസിക്കുവാൻ ബുദ്ധിമുട്ടുന്ന ആ സ്ഥലത്തേക്ക് തന്റെ ഗാനത്തിലൂടെ പ്രതീക്ഷയുടെ ശുദ്ധ വായു കൊണ്ടുവരുവാനാണ് ആ യുവ ഡോക്ടർ ശ്രമിച്ചത്.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതലായി ആവശ്യമുള്ളത് പ്രതീക്ഷ, സ്നേഹം, സഹാനുഭൂതി എന്നിവയെല്ലാമാണ്. “ഒരു പാട്ടിലൂടെ യന്ത്രങ്ങളുടെയും ആശുപത്രി ഉപകരണങ്ങളുടെയും സിംഫണി മാറ്റുവാനാണ് ഞാൻ ആഗ്രഹിച്ചത്. നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന ഒരു സന്ദേശമാണ് ഇതിലൂടെ നൽകപ്പെട്ടത്” -ബ്രൂണ പറയുന്നു. ബ്രസീലിയൻ ഭക്തിഗാന ഗായകനായ ആൻഡേഴ്സൺ ഫ്രിയറിന്റെ ഗാനമാണ് ബ്രൂണ തന്റെ രോഗികൾക്കായി പാടിയത്.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.