“പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ കണ്ണുകളിൽ ഞാൻ കണ്ടത് വിശ്വാസമാണ്”- കർദ്ദിനാൾ ഫിലോനി 

ലോകത്ത് ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ധാരാളം ആളുകളുണ്ട്. വേദനകളുടെയും മർദ്ദനങ്ങളുടെയും നടുവിലും അവരുടെ കണ്ണുകളിൽ താൻ കണ്ടത് വിശ്വാസമാണ് എന്ന് സുവിശേഷവൽക്കരണത്തിനായുള്ള സമൂഹത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി. ഓഗസ്റ്റ് മൂന്നാം തീയതി നടന്ന വിശുദ്ധ കുർബാനയിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം  വെളിപ്പെടുത്തിയത്.
സഭയുടെ വളർച്ചയിലുടനീളം ധാരാളം പീഡനങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നതായി ചരിത്രം തെളിയിക്കുന്നു. ധാരാളം ആളുകൾ ക്രിസ്തുവിനെപ്രതി ധീരതയോടെ രക്തസാക്ഷിത്വം സ്വീകരിച്ചു. ഓരോ കാലഘട്ടത്തിലും രക്തസാക്ഷിത്വം വരിച്ചവരുടെ കണ്ണുകളിൽ നിരാശയായിരുന്നില്ല. മറിച്ച്, ആഴമായ വിശ്വാസമയായിരുന്നു കണ്ടിരുന്നത്. എന്നും പീഡനങ്ങൾക്കു നടുവിൽ നിൽക്കുന്നവരിൽ തലമുറകളിലായി കൈമാറിയ ആ വിശ്വാസതീക്ഷ്ണത എനിക്ക് കാണാൻ കഴിയുന്നു. അതിനു കാരണം ക്രിസ്തുവാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസത്തെപ്രതി മർദ്ദനങ്ങൾക്കിരയാകുന്ന ആളുകളുടെ ജീവിതം പരിശോധിക്കുമ്പോൾ അവിടെയൊന്നും അവർക്ക് ശത്രുക്കളോട് വിധ്വേഷമോ വെറുപ്പോ ഉണ്ടായിരുന്നതായി കാണുവാൻ കഴിയില്ല.  ശത്രുക്കൾക്കായി പ്രാർത്ഥിച്ചിരുന്നു ഒരു സഭയെ ആണ് ചരിത്രത്തിലുടനീളം കാണുവാൻ കഴിയുക. കുരിശിൽ ക്രിസ്തു കാണിച്ചുകൊടുത്ത ക്ഷമയുടെ പാഠം അവർ ജീവിതത്തിൽ പകർത്തുകയായിരുന്നു. അദ്ദേഹം വ്യക്തമാക്കി. “ഒരിക്കൽ ഒരു ക്രിസ്ത്യാനിയെ കണ്ടുമുട്ടി. തീവ്രവാദികളുടെ ആക്രമണത്തിൽ നാടും വീടും ഉപേക്ഷിച്ചു നിനിവേ വിടേണ്ടി വന്ന ഒരു മനുഷ്യൻ. അയാൾ  പറഞ്ഞു എനിക്ക് എല്ലാം നഷ്ടപ്പെട്ടു. പക്ഷെ ദൈവത്തിലുള്ള  എന്റെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഇത്തരം സാക്ഷ്യങ്ങളാണ്  സഭയെ ഇന്നും നയിക്കുന്നത്” –  കർദ്ദിനാൾ പറഞ്ഞു നിർത്തി.