പത്തു വർഷം വിശുദ്ധനായി ജീവിച്ച ഭർത്താവ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു വിധവയുടെ അനുഭവത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് ഞാൻ എഴുതിയിരുന്നു. ഒരു വിധവാ ധ്യാനത്തിനിടയിലായിരുന്നു ഈ സംഭവം കേട്ടത്. വിധവയായ ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. “എന്റെ ജീവിതപങ്കാളി മദ്യപാനി ആയിരിക്കരുതെന്നു മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ, ഭർത്താവ് ഒരു തികഞ്ഞ മദ്യപാനിയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. അന്നുവരെ മാദ്ധ്യസ്ഥ്യം യാചിച്ച വിശുദ്ധരോടെല്ലാം പരിഭവം തോന്നിയെങ്കിലും പിന്നീടത് ദൈവഹിതമായി സ്വീകരിച്ചു. മദ്യപാനത്തേക്കാൾ അസഹനീയമായിരുന്നു ദേഹോപദ്രവം.

ആദ്യമൊക്കെ ഞാന്‍ അവ സഹിച്ചെങ്കിലും പിന്നീട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. കാപ്പിത്തോട്ടത്തിൽ കഴിച്ചുകൂട്ടിയ രാത്രികൾ എണ്ണമറ്റതാണ്. ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട ഭർത്താവ് എന്നെ കൊല്ലാനായി വെട്ടുകത്തിയുമായ് വന്നു. അന്ന് ഞാൻ എഴുമാസം ഗർഭിണിയാണ്. ഭർത്താവിനെ എതിർക്കാനോ ഉപദേശിക്കാനോ നിൽക്കാതെ ഞാൻ കാപ്പിത്തോട്ടത്തിലേയ്ക്ക് ഓടി. അന്ന് അദ്ദേഹം കലി തീർക്കാനായ് ചെന പിടിച്ച ഒരാടിനെ വെട്ടിക്കൊന്നു.

പലരും അദ്ദേഹത്തെ ഉപേക്ഷിക്കാൻ എന്നോട് പറഞ്ഞെങ്കിലും ഞാൻ കൂടെ നിന്നു. എന്റെ നിരന്തരമായ പ്രാർത്ഥന ദൈവം കേട്ടു. അദ്ദേഹം മാനസാന്തരപ്പെട്ട് മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ദൈവത്തിലേയ്ക്ക് തിരിയുകയും ചെയ്തു. പിന്നീട് പത്തുവർഷമേ ജീവിച്ചുള്ളുവെങ്കിലും ആ പത്തുവർഷം ഒരായുസ്സിന്റെ മുഴുവൻ നന്മയും അദ്ദേഹം എനിക്ക് സമ്മാനിച്ചു. മക്കളാരും അപ്പന്റെ പാത പിന്തുർന്നില്ല എന്നത് ഏറെ സന്തോഷകരമാണ്.”

അല്പനേരത്തെ മൗനത്തിനുശേഷം അവൾ തുടർന്നു: “മദ്യപിച്ചു ലക്കുകെട്ട് വരുന്ന ഭർത്താവിനെ ഉപദേശിക്കാൻ നിൽക്കുന്നത് മണ്ടത്തരമാണ്. എതിർക്കേണ്ടിടത്ത് എതിർക്കാനും ഒഴിഞ്ഞുമാറേണ്ടിടത്ത് ഒഴിഞ്ഞുമാറാനും കഴിഞ്ഞാൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന പാഠം ഞാൻ പഠിച്ചു!”

എത്രയോ മനോഹരമായ ബോധ്യമാണ് അവർ പങ്കുവച്ചത്. എതിർക്കാൻ മാത്രമല്ല ഒഴിഞ്ഞുമാറാനും നമ്മൾ പഠിക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ ജീവിതവും അതിന് ഉദാഹരണമാണ്. യഹൂദരെ എതിർത്തു സംസാരിച്ച ക്രിസ്തു, തന്നെ അവർ ബന്ധിതനാക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കി അവരിൽ നിന്നും രക്ഷപ്പെടുന്നതായി സുവിശേഷത്തിൽ നാം വായിക്കുന്നു (Ref: യോഹ. 10:39).

മൗനം ഭജിക്കേണ്ടിടത്ത് മൗനം ഭജിക്കാനും അധരം തുറക്കേണ്ടിടത്ത് അധരം തുറക്കാനുമുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.