മൂന്നും അതില്‍ കൂടുതലും കുട്ടികളുള്ളവര്‍ക്ക് 33000 ഡോളര്‍! വ്യത്യസ്തമായ പ്രോലൈഫ് നയവുമായി ഹംഗറി

ശക്തമായ പ്രോലൈഫ് നയം ഒരിക്കല്‍ക്കൂടി ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തി യൂറോപ്യന്‍ രാജ്യമായ ഹംഗറി വീണ്ടും മാധ്യമങ്ങളില്‍ ഇടം നേടുന്നു. ഹംഗറിയില്‍ മൂന്നും അതില്‍ കൂടുതലും കുട്ടികളുള്ളവര്‍ക്ക് 33,000 ഡോളര്‍ നല്‍കുവാനാണ് ക്രിസ്തീയവിശ്വാസത്തെ മുറുകെപ്പിടിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ തീരുമാനം. ഹംഗറിയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് 33,000 ഡോളര്‍ ലോണായിട്ടാണ് പണം നല്‍കുന്നതെങ്കിലും മൂന്ന് കുട്ടികളായാല്‍ ദമ്പതികള്‍ക്ക് പണം തിരികെ നല്‍കേണ്ടി വരികയില്ല.

രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പ്രോലൈഫ് നയത്തിന്റെ അടിസ്ഥാനത്തില്‍ ഭരണം നടത്തുന്ന ഭരണകൂടം എടുക്കുന്ന സുപ്രധാന തീരുമാനമാണിത്. ഏതാണ്ട് രണ്ടായിരത്തി നാനൂറോളം കുടുംബങ്ങള്‍ ലോണ്‍ കിട്ടാന്‍ വേണ്ടി ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ഗഡുക്കളായി സര്‍ക്കാര്‍ ഓരോ മാസവും പണം നല്‍കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദമ്പതികള്‍ക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായാല്‍ ലോണിന്‍ മേലുള്ള പലിശ തിരിച്ചടയ്‌ക്കേണ്ടി വരില്ല.

മൂന്നു വര്‍ഷത്തേയ്ക്ക് ലോണ്‍ തിരിച്ചടയ്ക്കല്‍ കാലാവധിയും നീട്ടിക്കിട്ടും. ലോണിന് അപേക്ഷിക്കുന്ന ദമ്പതികളില്‍ ഒരാളെങ്കിലും ആദ്യത്തെ വിവാഹമായിരിക്കണമെന്നും വിവാഹിതയാകുന്ന സ്ത്രീ 18-നും 40-നും മധ്യേ പ്രായമുള്ള ആളായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നിയമത്തിലുണ്ട്. ഈ വര്‍ഷം ആദ്യം വിക്ടര്‍ ഓര്‍ബന്റെ ഫിഡെസ് സര്‍ക്കാര്‍ കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച ബഡ്ജറ്റിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്ത് കുടിയേറ്റമില്ലാതെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.