നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ ഭയന്നു നൂറുകണക്കിന് സ്‌കൂൾ വിദ്യാർത്ഥിനികൾ

നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ സാംഫാരയിലെ പട്ടണമായ ജംഗെബെയിൽ നിന്ന് മുന്നൂറോളം സ്‌കൂൾ വിദ്യാർത്ഥിനികളെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി. ഈ ഒരു സാഹചര്യത്തിൽ ഭയപ്പാടോടെയാണ് സ്‌കൂൾ വിദ്യാർത്ഥിനികൾ. സ്കൂളുകളെ ലക്ഷ്യമാക്കി ഇത്തരം നിരവധി ആക്രമണങ്ങളാണ് നൈജീരിയയിൽ ഉണ്ടാകുന്നത്.

ജംഗെബെ ഗവൺമെന്റ് ഗേൾസ് സെക്കൻഡറി സ്കൂളിൽ അർദ്ധരാത്രി നടത്തിയ റെയ്ഡിൽ അജ്ഞാത തോക്കുധാരികൾ ഇടയ്ക്കിടെ വെടിവയ്പ്പ് നടത്തുകയും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു എന്ന് സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ പറയുന്നു. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. കഴിഞ്ഞയാഴ്ച, വടക്കൻ മദ്ധ്യ സംസ്ഥാനമായ നൈജറിലെ ഒരു ബോർഡിംഗ് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ അക്രമികൾ ഒരു വിദ്യാർത്ഥിയെ കൊന്ന് 27 വിദ്യാർത്ഥികളടക്കം 42 പേരെയാണ് തട്ടിക്കൊണ്ടു പോയത്. ബന്ദികളാക്കിയവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.

സുരക്ഷാ സേന വെള്ളിയാഴ്ച പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നതിനിടെ, യുഎൻ ചിൽഡ്രൻസ് ഏജൻസി യൂണിസെഫ് തട്ടിക്കൊണ്ടുപോകലിനെ അപലപിച്ചു, “നൈജീരിയയിലെ സ്കൂൾ കുട്ടികൾക്കെതിരായ മറ്റൊരു ക്രൂരമായ ആക്രമണത്തിൽ ഞങ്ങൾ പ്രകോപിതരും ദുഃഖിതരുമാണ്.”

2014 -ൽ ബൊർനോ സംസ്ഥാനത്തെ ചിബോക്ക് പട്ടണത്തിൽ നിന്ന് 276 സ്‌കൂൾ വിദ്യാർത്ഥിനികളെ ബോക്കോ ഹറാം എന്ന തീവ്രവാദ സംഘം തട്ടിക്കൊണ്ടുപോയതാണ് തട്ടിക്കൊണ്ടുപോകലിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്നത്. സർക്കാരും ബോക്കോ ഹറാമും തമ്മിലുള്ള ചർച്ചകളിലൂടെ പലരെയും സൈന്യം കണ്ടെത്തി രക്ഷപ്പെടുത്തിയെങ്കിലും 100 പേരെ ഇതുവരെ കണ്ടെത്തനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.