യഥാര്‍ത്ഥ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന മാധ്യമങ്ങള്‍

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71 വർഷങ്ങൾ പിന്നിടുമ്പോൾ മനസ്സിലുയരുന്ന ചോദ്യമാണ് മനുഷ്യാവകാശത്തിന് പക്ഷമുണ്ടോ എന്ന്. ബി.സി അഞ്ഞൂറുകളിൽ സൈറസ് ചക്രവർത്തിയുടെ ബാബിലോൺ അധിനിവേശത്തിൽ ചക്രവർത്തി അടിമകളോട് കാട്ടിയ മനുഷ്യത്വത്തിൽ നിന്നാണ് മനുഷ്യാവകാശങ്ങളുടെ ചരിത്രം തുടങ്ങുക. കാലം മാറി അറിവും നെറിവും വിരിവും ഉണ്ട് എന്ന് കരുതുന്ന ഒരു തലമുറയിലെത്തി നിൽക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്ന പ്രയോഗം നിയമ ലംഘനങ്ങൾക്ക് മറ പിടിക്കാനുളള ആയുധമായി മാറിയിരിക്കുന്നു.

ഏത് മനുഷ്യാവകാശത്തിന്റെയും അടിസ്ഥാന തത്വം നിയമത്തിന്റെ മുമ്പിൽ ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗ സാമ്പത്തിക-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും സമൻമാരാക്കുക എന്നതാണ് . അത് നിയമത്തിന്റെ മുമ്പിൽ ഒരേ തരക്കാർക്ക് ലഭിക്കേണ്ട തുല്യനീതിയും നിയമവാഴ്ച്ച അടിസ്ഥാനമായ നീതിപൂർവ്വമായ ജീവിതവും ഉറപ്പാക്കേണ്ട അവസ്ഥയുമാണ്. അതായത് മനുഷ്യാവകാശങ്ങൾ രാജ്യ നിയമങ്ങൾക്കോ സാമൂഹിക നിയമത്തിനോ ഒരു മനുഷ്യൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ സ്വകാര്യ നിയമത്തിനോ അതീതമല്ല എന്ന് സാരം. അതു കൊണ്ടാണ് മനുഷ്യാവകാശത്തിന്റെ സാക്ഷാത്കാരം എന്ന് ചിലർ അവകാശപ്പെട്ട ചുംബന സമരവും മറ്റും നിയമവിരുദ്ധ പിത്തലാട്ടങ്ങൾ ആയി മാറിയത്.

എന്ത് കൊള്ളരുതായ്മയും ന്യായീകരിക്കാൻ മനുഷ്യാവകാശ ലംഘനം എന്ന മറ സ്വീകരിക്കുന്ന ചില അഭിനവ സാമൂഹ്യ പരിഷ്കർത്താക്കളും മിശ്ര സ്വഭാവികളായ ചില ‘മാധ്യമ പുലികളും’ നട്ടപ്പാതിരയ്ക്ക് തന്റെ വീട്ടിൽ വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാതെ തങ്ങളുടെ മകനോ മകളോ ഭാര്യയോ ഭർത്താവോ കയറി വന്നാൽ എന്ത് സുവിശേഷമാകും ഓതിക്കൊടുക്കുക എന്ന് പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട് .

മുഖ്യധാര മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ബ്രേക്കിങ്ങ് ന്യൂസുകൾക്കും ചാനൽ ഹിറ്റിനും വേണ്ടി ചമയ്ക്കുന്ന പല മനുഷ്യാവകാശ ലംഘന കഥകളും ആരുടെയൊക്കെയോ അജണ്ടയുടെ ഭാഗമാണ് എന്ന് പറയാതെ വയ്യ. മാധ്യമങ്ങളുടെയും യുക്തിവാദികളുടെയും ചില മത തീവ്രവാദികളുടെയും ചില സാംസ്ക്കാരിക തീവ്രവാദികളുടെയും ഭാഷയിൽ പറഞ്ഞാൽ ഈയിടെയായി കേരളത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ മൊത്തക്കച്ചവടക്കാർ കത്തോലിക്കാ സഭയാണ്. അച്ചൻ പട്ടവും സന്യാസ ജീവിതം തിരഞ്ഞെടുക്കലും ഒക്കെ മനുഷ്യാവകാശ ലംഘനമാണത്രേ. അത് മാത്രമല്ല അച്ചന്മാർക്കും സന്യാസ സമൂഹത്തിനും ഒന്നും രാജ്യനിയമങ്ങൾക്ക് അനുസൃതമായ സമൂഹ നിയമം പറ്റില്ല പോലും. അല്ലെങ്കിൽ അതിന് മാധ്യമ പടയുടെ അനുവാദം വേണം.

ആരാണ് മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് സഭാ – സന്യാസ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നുഴഞ്ഞു കയറി ഇതിനെ നശിപ്പിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത്?

ഒരു സന്യാസ സമൂഹത്തിന്റെ നിയമം ലംഘിച്ചതിന്റെ പേരിൽ ഒരു കന്യാസ്ത്രീക്ക് എതിരെ നടപടിയെടുത്തപ്പോൾ അന്തി ചർച്ചകളിലൂടെ സന്യാസത്തിന്റെയും പൗരോഹിത്യത്തിന്റെയും ധന്യതയെ മോശം വരുത്താൻ എന്തിന് സംഘടിത ശ്രമങ്ങൾ?

സന്യാസ സമൂഹത്തെ മുഴുവൻ ചർച്ചകളിലൂടെ കരിവാരി തേച്ചപ്പോൾ സന്യാസ സമൂഹ നിയമമനുസരിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് സന്യസ്തരുടെ മനുഷ്യാവകാശങ്ങളെ പറ്റി എന്തേ ഓർത്തില്ല?

അന്തി ചർച്ചകൾ മൂലം അവർക്ക് സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും കൂടി ഏൽക്കേണ്ടി വന്ന നിന്ദനങ്ങൾ അവരുടെ മനുഷ്യാവകാശത്തിന് മുകളിലുള്ള കടന്നു കയറ്റമല്ലേ?

ഒരു സ്ഥാപന മേധാവി തന്റെ സ്ഥാപനത്തിലേക്ക് അധിക്രമിച്ച് നിയമ വിരുദ്ധമായി കടന്നു കയറുന്ന ചില ചിദ്ര ശക്തികളുടെ ചിത്രങ്ങൾ തങ്ങളുടെ പ്രതിനിധി വഴി പ്രസിദ്ധപ്പെടുത്തിയാൽ അതും മനുഷ്യാവകാശ ലംഘനമെന്ന് പറയുന്ന മാധ്യമ സുഹൃത്തുക്കൾ സ്റ്റിങ്ങ് ഓപ്പറേഷനുകളെ എങ്ങനെ ന്യായീകരിക്കും? അതോ ഈ മനുഷ്യാവകാശം ചിലർക്ക് എതിരെ മാത്രമാണോ നില നിൽക്കുക? ഒരു തെറ്റുകളെയും ന്യായീകരിക്കുന്നില്ല. പക്ഷേ വ്യക്തികളുടെ തെറ്റിന്റെ പേരിൽ ഒരു സമൂഹത്തെയോ സമുദായത്തെയോ താറടിക്കുന്നതല്ല മനുഷ്യാവകാശ പ്രവർത്തനവും ആക്ടിവിസവും.

സമീപകാലത്ത് കത്തോലിക്കാ സഭയെ ടാർജറ്റ് ചെയ്യുന്നു എന്ന് പറയാതെ വയ്യ. മലയോര കർഷകന്റെ ജാതിയോ മതമോ നോക്കാതെ കർഷകന്റെ ഒപ്പം നിന്ന സഭാ സംവിധാനങ്ങളെ കയ്യേറ്റക്കാരാക്കി. ഒരു ഭൂസ്ഥിതി ഓഡിറ്റ് നടത്താൻ പറഞ്ഞാൽ തീരുന്നതേ ഉള്ളു ഈ ആരോപണം. കാരണം നിയമവിരുദ്ധ കയ്യേറ്റങ്ങളിൽ സഭയ്ക്കെതിരെ ഈ ആരോപണം ഉന്നയിക്കുന്നവർക്കാണ് കൂടുതൽ പങ്ക് ഉള്ളത് എന്നതാണ് സത്യം, അത് മറയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ ആരോപണങ്ങൾ. കഴിഞ്ഞ പ്രളയകാലത്ത് സോഷ്യൽ മീഡിയ പോസ്റ്റ് പോലും ഇടാതെ 300 കോടിയിലേറെ തുകയുടെ പുനരധിവാസ പ്രവർത്തനം നേരിട്ട് നടത്തിയ (തുടർന്ന് കൊണ്ടിരിക്കുന്നു) സഭ ഈ പ്രളയകാലത്ത് എടുക്കപ്പെട്ട ഒരു സെൽഫിയുടെ പേരിൽ ക്രൂശിക്കപ്പെട്ടു. ഉരുൾപൊട്ടിയ മല നിരകളിൽ എടുക്കപ്പെട്ട മറ്റ് സെൽഫികൾ ഒന്നു പോലും കുറ്റകരമാക്കപ്പെട്ടില്ല. ഒരു കുറ്റകൃത്യത്തിൽ പെട്ട പ്രതിയേ അറസ്റ്റ് ചെയ്യേണ്ടത് പോലീസും സർക്കാരും ആണെന്നിരിക്കേ ജലന്ധർ വിഷയത്തിലും സഭയെ പ്രതി ചേർത്തു. ഈ സംഭവങ്ങളിലെല്ലാം മനുഷ്യാവകാശ പ്രവർത്തകരും പ്രചാരകരും പലരും ഒന്നു തന്നെയാണ് എന്നുള്ളതാണ് നഗ്നസത്യം.

കത്തോലിക്കാ സഭ വിശുദ്ധരുടെ സമൂഹമല്ല വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരുടെ സമൂഹമാണ്. മാലാഖ ആകണോ ചെകുത്താൻ ആകണോ എന്ന് അവനവന്റെ മനുഷ്യാവകാശ ചിന്തകൾ അനുസരിച്ച് അവനവനാണ് തീരുമാനിക്കേണ്ടത്. പക്ഷേ ക്രിസ്തുവും തുടർച്ചയായ സഭയും പകർന്നു കൊടുത്തിരിക്കുക വിശുദ്ധിയുടെ ചിന്തകൾ മാത്രമാണ്. നീതി നടപ്പാക്കപ്പെടണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. പക്ഷേ അതിന്റെ മറവിൽ നടക്കുന്ന ഒളിപ്പോരുകൾ ആരും കണ്ടില്ല എന്ന് നടിക്കുന്നത് മൗഢ്യമാണ്.

അഡ്വ. മനു ജെ. വരാപ്പള്ളി