ദേവാലയ കര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ 

    വിശ്വാസ കാര്യങ്ങളിലെ സജീവമായ പങ്കാളിത്തം ഒരാളുടെ ആത്മീയവും ശാരീരികവും ആയ വളര്‍ച്ചയില്‍ ഒരുപാട് സ്വാധീനം ചെല്ലത്തുന്നുണ്ട്. പള്ളിയോടു ചേര്‍ന്നുള്ള ജീവിതം ഒരു മനുഷ്യനെ ആത്മീയതയില്‍ ഏറെ വളര്‍ത്തുന്നു. എന്നാല്‍ അതിനപ്പുറം പ്രാര്‍ത്ഥനാ ജീവിതം ഒരു മനുഷ്യന് നല്‍കുന്ന ആരോഗ്യകരമായ ഗുണങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ ?

    പ്രാര്‍ത്ഥനാ ജീവിതം ഒരാളുടെ ആരോഗ്യത്തിനു ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശാന്തത തന്നെ അതില്‍ പ്രധാനം. ദേവാലയവുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന അഞ്ചു ആരോഗ്യപരമായ ഗുണങ്ങള്‍ ഇതാ:

    1 . നല്ല ഉറക്കം 

    അടുത്തിടെ നടത്തിയ പഠനങ്ങളില്‍ ദേവാലയ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേവാലയ കാര്യങ്ങളില്‍ അത്ര സജീവമല്ലാത്ത ആളുകളുടെയും സജീവമായി പങ്കെടുക്കുന്ന ആളുകളുടെയും ഇടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

    2 . നിരാശയും ആത്മഹത്യാ പ്രവണതയും ഉണ്ടാകാനുള്ള സാധ്യത കുറവ്

    ഇന്നത്തെ ലോകത്തില്‍ ആളുകളെ കാര്‍ന്നു പിടിക്കുന്ന ഒന്നാണ് നിരാശ. ദൈവത്തിലുള്ള പ്രത്യാശ ഇല്ലാതാകുന്ന ഇടങ്ങളിലാണ് നിരാശ കടന്നു വരുന്നത്. എന്നാല്‍ വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ സജീവമായി നില്‍ക്കുന്നവരില്‍ നിരാശയും ആത്മഹത്യാ പ്രവണതകളും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വിശ്വാസികളായ ആളുകള്‍ കൂടുതല്‍ പ്രതീക്ഷയുള്ളവരാണെന്നും പഠനങ്ങള്‍ കൂട്ടിചേര്‍ക്കുന്നു.

    3 . സംതൃപ്തമായ കുടുംബ ജീവിതം

    നന്നായി പ്രാര്‍ഥിക്കുകയും പള്ളിയുമായി ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നവരുടെ കുടുംബ ജീവിതം വളരെ സുരക്ഷിതമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും പിടിച്ചു നില്‍ക്കുവാനും മുന്നേറുവാനും പ്രാര്‍ഥനാ ജീവിതം സഹായിക്കും.

    4 . ആയുര്‍ദൈര്‍ഘ്യം

    പള്ളിയുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ ദേവാലയ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന വ്യതികളില്‍ ആയുര്‍ ദൈര്‍ഘ്യം വളരെ കൂടുതലായിരിക്കും എന്ന് 2016 ജെഎഎംഎ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

    5 . രക്തസമ്മര്‍ദ്ദം കുറവ്

    ദേവാലയ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം നോര്‍മലായി നിലനില്‍ക്കുവാനുള്ള സാധ്യത കൂടുതലാണ്. ദേവാലയ കാര്യങ്ങളില്‍ സജീവ പങ്കാളിത്വം ഉള്ളവരിലും പതിവായി ദൈവിക കാര്യങ്ങള്‍ ടിവിയിലൂടെയും മറ്റും കേള്‍ക്കുന്നവരിലും ഈ പ്രത്യേകത കാണുവാന്‍ കഴിയും എന്ന് നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.