യാത്രയുടെ നിമിഷങ്ങളെ പ്രാർത്ഥനാ നിർഭരമാക്കുവാൻ 5 മാർഗ്ഗങ്ങൾ

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാവരും. വീടിന്റെ ചുറ്റുപാടുകളിൽ നിന്ന് മാറിയുള്ള യാത്രകൾ നമ്മിൽ ശാരീരികവും മാനസികവുമായ സന്തോഷത്തിനു കാരണമാകും. ഒരു ഉല്ലാസം എന്നതിനപ്പുറം യാത്രകളെ നമുക്ക് പ്രാർത്ഥനയുടെ വേളകളാക്കിയും മാറ്റാം. എങ്ങനെ എന്നല്ലേ? അതിനുള്ള അഞ്ചു മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. ഒരു പ്രാർത്ഥനാ പുസ്തകം കയ്യിൽ കരുതുക

യാത്ര ചെയ്യാൻ ആരംഭിക്കുന്ന ഉടനെ പ്രാർത്ഥനാ പുസ്തകം എടുത്തു പ്രാർത്ഥിക്കുക എന്നല്ല ഇവിടെ പറയുന്നത്. എങ്കിലും ഒരു ചെറു പ്രാർത്ഥനയോടെ യാത്ര തുടങ്ങുന്നത് നല്ലതാണ്. യാത്രയുടെ ആദ്യ സമയങ്ങൾ പിന്നിട്ടു കഴിയുമ്പോൾ പതിയെ പ്രാർത്ഥനാ പുസ്തകം കയ്യിലെടുത്ത് പ്രാർത്ഥിക്കാം. പ്രാർത്ഥനകൾ മനസ്സിൽ ചൊല്ലി അടുത്തുള്ള യാത്രക്കാർക്ക് ശല്യം വരുത്താതെ ശാന്തമായി ഇരുന്നു പ്രാർത്ഥിക്കാം. പ്രാർത്ഥിക്കാൻ സമയം ഇല്ല എന്ന് പറയുന്നവർക്ക് യാത്രയുടെ സമയങ്ങൾ പ്രാർത്ഥനയ്ക്കായി തിരഞ്ഞെടുക്കാം.

2. ദൈവാലയങ്ങൾ കടന്നു പോകുമ്പോൾ ചെറു പ്രാർത്ഥനകൾ ചൊല്ലാം

യാത്രയുടെ അവസരങ്ങളിൽ നാം പലപ്പോഴും പള്ളികൾ കടന്നുപോവാറുണ്ട്. നാം കടന്നുപോകുന്ന ഓരോ ദൈവാലയത്തിലും സക്രാരിയിൽ ദിവ്യകാരുണ്യ ഈശോ എഴുന്നള്ളിയിരിക്കുന്നു എന്ന സത്യം മറക്കരുത്. പള്ളികൾ കടന്നു പോകുമ്പോൾ ചെറിയ സുകൃതജപങ്ങൾ ചൊല്ലുന്നതോ ദിവ്യകാരുണ്യത്തെ സ്തുതിക്കുന്നതോ കുരിശടയാളം വരയ്ക്കുന്നതോ ഒക്കെ നല്ലതാണ്. ഇത്തരം അവസരങ്ങൾ നാം സഞ്ചരിക്കുന്ന വാഹനത്തെയും അതിലെ യാത്രക്കാരുടെ സംരക്ഷണത്തേയും ദൈവത്തിനു സമർപ്പിക്കാം.

3. ദൈവാലയം സന്ദർശിക്കാം

നമ്മുടെ യാത്രയുടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അടുത്ത് പള്ളിയുണ്ടോ എന്ന് അന്വേഷിക്കാം. ഉണ്ടെങ്കിൽ അല്പം നേരം ആ ദൈവാലയത്തിൽ കയറി പ്രാർത്ഥിക്കുന്നതും ദിവ്യകാരുണ്യ സന്ദർശനം നടത്തുന്നതും നല്ലതാണ്. ഇത് പ്രാർത്ഥനയുടേതായ ഒരു ചൈതന്യം മനസ്സിൽ സൂക്ഷിക്കുവാൻ നമ്മെ സഹായിക്കും. ഒപ്പം തന്നെ അനാവശ്യ പ്രവർത്തികളിൽ നിന്നും സംസാരങ്ങളിൽ നിന്നും ഒഴിവായി നിൽക്കുവാനുള്ള ശക്തി നമുക്ക് നൽകുകയും ചെയ്യും.

4. പ്രയർ ആപ്പുകൾ ഉപയോഗിക്കാം

യാത്രയുടെ സമയങ്ങളിൽ മൊബൈൽ ഫോണിൽ പ്രയർ ആപ്പുകൾ ഉപയോഗിക്കാം. നല്ല ഭക്തിഗാനങ്ങൾ, ബൈബിൾ ഓഡിയോ, പ്രാർത്ഥനകൾ തുടങ്ങിയവ ഫോണിൽ ഉപയോഗിക്കാം. ദീർഘനേരം ഉള്ള യാത്രകൾ ആണെങ്കിൽ ഈ സമയങ്ങളിൽ യാത്രക്കാർ ഒരുമിച്ചു പ്രാർത്ഥിക്കുന്നത് നല്ല ശീലമാണ്. ഇത്തരം സന്ദർഭങ്ങളിൽ മൊബൈൽ പ്രാർത്ഥനാ ആപ്പ്ളിക്കേഷനുകൾ ആവശ്യമായി വന്നേക്കാം.

5. ഉറങ്ങും മുൻപ് പ്രാർത്ഥിക്കാം

യാത്രയിൽ ആയിരിക്കുന്ന സമയം ഉറക്കത്തിലേക്കു നാം വഴുതി വീഴാറുണ്ട്. അതല്ലെങ്കിൽ യാത്രക്കിടെ റൂമുകളും മറ്റും എടുത്ത് നാം താമസിക്കാറും ഉണ്ട്. എന്ത് തന്നെ ആയാലും ഉറങ്ങുന്നതിനു മുൻപ് അതുവരെ യാത്രയിൽ നമുക്കൊപ്പം ആയിരുന്നു കൊണ്ട് നമ്മെ സംരക്ഷിച്ച ദൈവത്തിനു നന്ദി പറഞ്ഞിട്ട് വേണം ഉറങ്ങുവാൻ. ഒപ്പം തന്നെ തുടർന്നും ആ സംരക്ഷണം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.