ലോകത്തെ മാറ്റിമറിക്കുന്ന പുഞ്ചിരി

ആത്മാർത്ഥതയോടെയുള്ള പുഞ്ചിരി നമ്മുടെ മാനസിക അവസ്ഥയെത്തന്നെ മാറ്റിമറിയ്ക്കും. നമ്മെ കാണുന്നവർക്കും നാം കാണുന്നവർക്കും എല്ലാം നല്ല പോസിറ്റീവ് എനർജി പ്രധാനം ചെയ്യുവാൻ സാധിക്കുന്ന ഒരു ഔഷധമാണ് പുഞ്ചിരി. പുഞ്ചിരിക്കുന്നവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനും ചിരികൊണ്ട് കഴിയും. ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് എന്ത് തരം മുഖമാണ് ഇന്ന് ഞാൻ ലോകത്തിന് സമ്മാനിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവർക്ക് സന്തോഷം ജനിപ്പിക്കുന്നതാണോ? അതോ എന്നിൽ ഒത്തിരിയേറെ പ്രശ്നങ്ങൾ ഉണ്ട്. ആരും എന്നോട് കൂടുതൽ അടുക്കരുത് എന്ന് മറ്റുള്ളവർക്ക് തോന്നുന്ന വിധമാണോ നമ്മുടെ മുഖഭാവം. എന്തുതന്നെയായാലും ഓർക്കുക നമ്മുടെ മുഖത്തിലൂടെ നാം നമ്മെ തന്നെയാണ് പ്രകടമാക്കുന്നത്.

പുഞ്ചിരി: പ്രതീക്ഷയിലേക്കുള്ള ഒരു ക്ഷണക്കത്താണ്  

ഒരു ദിവസം രാവിലെ നാം കാണുന്ന പുഞ്ചിരിക്കുന്ന മുഖം ചിലപ്പോൾ അന്നത്തെ ദിവസം തന്നെ സന്തോഷപ്രദമാക്കുവാനുള്ള ഒരു ക്ഷണമാണ്. ഒരാൾക്ക് ഒരു പുഞ്ചിരിയിലൂടെ പ്രതീക്ഷയിലേക്കുള്ള ഒരു ക്ഷണക്കത്താണ് നാം നൽകുന്നത്. ചിലപ്പോൾ നിരാശയിൽ കഴിയുന്ന ഒരാൾ പുഞ്ചിരിക്കുന്ന ഒരു മുഖത്തുനിന്നായിരിക്കും മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ ഒരു ഭാവം വായിച്ചെടുക്കുവാൻ കഴിയുന്നത്. ഒരു പുഞ്ചിരി പരസ്‌പരം ആശയങ്ങൾ കൈമാറ്റം ചെയ്യാനുള്ള ശക്തമായ ഒരു ഉപാധിയാണ്. അതിനാൽ ശത്രുവിനോടോ മിത്രത്തോടോ ആകട്ടെ നമ്മുടെ ചിരികൊണ്ട് വളരെയേറെ മാറ്റങ്ങൾ ഈ ലോകത്ത് തന്നെ വരുത്തുവാൻ സാധിക്കും. ഒപ്പം നമ്മുടെ കാഴ്ച്ചപ്പാടിനെ തന്നെ പൊളിച്ചെഴുതുവാനും ഈ പുഞ്ചിരികൊണ്ട് സാധിക്കും.

പുഞ്ചിരി: സ്വർഗത്തെ ഭൂമിയിൽ എത്തിക്കുന്ന നിമിഷം

മനുഷ്യന് മാത്രമേ ഈ ലോകത്തിൽ ഇത്ര മനോഹരമായി പുഞ്ചിരിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ചില സമയങ്ങളിൽ പുഞ്ചിരിയിലൂടെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും നമുക്ക് സാധിക്കും. അർത്ഥം വെച്ചുള്ള പുഞ്ചിരി മറ്റുള്ളവരെ ആശയക്കുഴപ്പത്തിലും ധർമ്മസങ്കടത്തിലും ആക്കും. എന്നാൽ തുറന്ന മനസോടെയുള്ള പുഞ്ചിരി സ്വർഗ തുല്യമാണ്. ഉദാഹരണത്തിന് ഒരു കുഞ്ഞിന്റെ പുഞ്ചിരി ആരുടേയും ഹൃദയത്തെ അലിയിപ്പിക്കും. കാണുന്നവരുടെ മനസ് നിറയും. അതിനാൽ ഒരു ദിവസം ആരംഭിക്കുമ്പോൾ പുഞ്ചിരിയോടെ ആരംഭിക്കട്ടെ. അങ്ങനെ നമ്മെ കാണുന്നവരിൽ, നമ്മെ കാണുന്നവരിൽ സന്തോഷം നിറയ്ക്കാൻ നമുക്ക് കഴിയട്ടെ.