
സന്തോഷമുള്ള മനസ് ദൈവവുമായും സഹോദരങ്ങളുമായും നല്ല ബന്ധം വളർത്തുന്നതിന് ഇടയാക്കും. സന്തോഷമുള്ള വ്യക്തിക്ക് ആരോഗ്യം, നല്ല മാനസികാവസ്ഥ, എന്നിവ മെച്ചപ്പെടുത്താനും പ്രിയപ്പെട്ടവരുമായും സമൂഹവുമായും ദൈവവുമായുമുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കാനും ശക്തിയുണ്ട്. മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെയും സന്തോഷം പങ്കുവയ്ക്കുന്നതിലൂടെയുമാണ് ഒരാൾ കൂടുതൽ നല്ല മനുഷ്യനാവുന്നത്. യാഥാർഥത്തിൽ, മറ്റുള്ളവരിൽ സന്തോഷം പകരുമ്പോഴല്ലേ നമുക്ക് സംതൃപ്തിയുള്ള മനസോടെ സന്തോഷിക്കാൻ സാധിക്കുകയുള്ളൂ.
സന്തോഷമുള്ള മനസ് ദൈവവും മനുഷ്യനിൽ നിന്നും ആഗ്രഹിക്കുന്ന ഒന്നാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള മനസ്സിനുടമകളാവുക എന്നാൽ ദൈവവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക എന്നാണ് അർത്ഥം. ദൈവവുമായുള്ള വ്യക്തിബന്ധത്തിന് സന്തോഷമുള്ള മനസ് അത്യാവശ്യം തന്നെയാണ്. അനുദിന ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ചെല്ലേണ്ട സ്ഥലമല്ല ദൈവസന്നിധി. ജീവിതത്തിന്റെ ഏതവസ്ഥയിലും നമ്മോടൊപ്പം ദൈവസാന്നിധ്യമുണ്ടെന്ന ബോധ്യമാണത്.
ദൈവവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരുടെ ജീവിതത്തിലും അത് പ്രകടമാകും. സന്തോഷവും സമാധാനവും ജീവിതത്തെ ആകമാനം കരുപ്പിടിപ്പിക്കുന്ന ഒന്നായി മാറും. സ്നേഹത്തോടെയുള്ള പ്രവർത്തി നമ്മിൽ സന്തോഷം നിറയ്ക്കും. അതിനായി നമ്മുടെ മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുക. പ്രാർത്ഥനയോടെ പ്രവർത്തനങ്ങൾ ആരംഭിക്കുക. മറ്റുള്ളവരെ കൂടുതൽ അനുകമ്പയോടും വിനയത്തോടും അനുഭാവപൂർവ്വവും സ്നേഹിക്കാനും പരിപാലിക്കാനും കരുതാനും കഴിയും.