കുടുംബങ്ങളിൽ ദൈവവിളി ജനിക്കുന്നതെങ്ങനെ?

ഓരോ വ്യക്തിയുടെയും ദൈവവിളിയുടെ ആരംഭം കുടുംബത്തിൽ നിന്നാണ്. ചെറുപ്പത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് ഓരോരുത്തരുടേയും വ്യക്തിത്വം രൂപപ്പെടുന്നത്. അതുകൊണ്ടാണ് കത്തോലിക്കാ സഭ കുടുംബങ്ങളെ ഗാർഹിക സഭ എന്ന് വിശേഷിപ്പിക്കുന്നതും. വിശ്വാസത്തിന്റെ ആദ്യ പാഠങ്ങൾ നാം പഠിക്കുന്നത് കുടുംബത്തിലാണ്. ഈശോ തന്റെ ജീവിതത്തിലും മാതാപിതാക്കൾക്ക് വിധേയനായി കുടുംബത്തിൽ ജീവിച്ച ശേഷമാണ് 33 മത്തെ വയസ്സിൽ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

നമ്മുടെ കുടുംബത്തിലെ ഓരോ സാഹചര്യങ്ങളും വ്യക്തികളും അംഗങ്ങളും ദൈവവിളി തിരഞ്ഞെടുക്കുവാനുള്ള പ്രേരണയും പരിശീലനവും നൽകുന്നവരാകേണ്ടതുണ്ട്. ഈ ഒരു കാരണത്താൽ തന്നെ ഗാർഹിക സഭയായ കുടുംബത്തിലെ ഓരോ വ്യക്തിയുടെയും വളർച്ച പ്രധാനപ്പെട്ടതാണ്. നല്ല രീതിയിൽ സഭയോട് ചേർന്ന് മക്കളെ വളർത്തുവാൻ ഏതാനും ചില നിർദ്ദേശങ്ങൾ ഇതാ…

1. മാതാപിതാക്കൾ തങ്ങളുടെ വാക്കിലൂടെയും പ്രവർത്തിലൂടെയും മക്കളെ വിശ്വാസം പഠിപ്പിക്കുന്ന അദ്ധ്യാപകരാവുക   

കുട്ടികൾ കുടുംബത്തിൽ നിന്നും ഒരുപാടുകാര്യങ്ങൾ പഠിക്കുന്നുണ്ട്. മക്കളെ മൂല്യ ബോധമുള്ളവരും ആദ്ധ്യാത്മികത ഉള്ളവരുമായി വളർത്തുന്ന ഇടയന്മാരാവുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ഉത്തരവാദിത്തം. മക്കൾക്ക് ഇന്ന് ഏറ്റവും ആവശ്യം നല്ല മാതൃകകൾ ആണ്. അത് മാതാപിതാക്കളിൽ നിന്നുമാണ് ലഭിക്കേണ്ടത്. മൂല്യങ്ങൾ കുട്ടികളിൽ വളർത്തുവാൻ വ്യത്യസ്ത വഴികളുണ്ട്. ഒന്നിച്ചുള്ള കുടുംബപ്രാർത്ഥനകൾ, വി. ബലിയിൽ ഒന്നിച്ചുപോയി പങ്കെടുക്കുക, ഒരുമിച്ചിരുന്നുള്ള ഭക്ഷണം, കുടുംബം മുഴുവൻ ഒരുമിച്ചിരുന്ന് ഒരു സിനിമ കാണുക… അത് വിശ്വാസത്തിൽ വളർത്തുന്ന തരത്തിലുള്ള സന്ദേശം പകരുന്നതാണെങ്കിൽ കൂടുതൽ ഫലപ്രദമാകും. ഇത്തരം നിസാരമെന്നു തോന്നാവുന്ന കാര്യങ്ങൾ കൂടുതൽ കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കും.

2. നിസ്വാർത്ഥപരമായ സേവനത്തിലൂടെ ഒരു കുടുംബ സംസ്‌കാരം രൂപപ്പെടുത്തുക

ക്രിസ്തീയ ജീവിതത്തിന്റെ ആദ്യത്തെ വിദ്യാലയം ഒരു കത്തോലിക്കാ കുടുംബമായിരിക്കണം. അതിനായി ഓരോ വ്യക്തിയും പരിശീലിക്കേണ്ടത് പ്രാർത്ഥന, കൂദാശ ജീവിതം, നന്ദി പ്രകടനങ്ങൾ, നല്ല ജീവിത മാതൃകകൾ എന്നിവയിലൂടെയാണ്. കൽക്കട്ടയിലെ വി. മദർ തെരേസ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്.” നിങ്ങൾ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ പാത്രം കഴുകുന്നത് അതിൽ അഴുക്കുള്ളതുകൊണ്ട് മാത്രമായിരിക്കരുത്, മറിച്ച് അടുത്തതായി ആ പാത്രം ഉപയോഗിക്കുന്ന ആളിനെ നിങ്ങൾ സ്നേഹിക്കുന്നതുകൊണ്ടായിരിക്കണം.”കുടുംബ ജീവിതം സന്തോഷപ്രദമാകുവാൻ ഓരോരുത്തരും മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിച്ചാൽ മാത്രം മതി. അവനവന്റെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്ന ഒരു കുടുംബം നരകതുല്യമായിരിക്കും. മാതാപിതാക്കൾ കുടുംബത്തിൽ സ്വാർത്ഥത വെടിഞ്ഞു ജീവിക്കുന്നവരാവുക. അപ്പോൾ നമ്മുടെ ഭവനങ്ങളിൽ മക്കൾ നല്ല വ്യക്തിത്വം ഉള്ളവരായി വളർന്നു വരും.

3. നമ്മുടെ ഭവനങ്ങളിലേക്ക് മറ്റുള്ളവരെ സ്വാഗതം ചെയ്യുക 

കുടുംബങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ സഭ എപ്പോഴും അതില്ലാത്തവരെയും ഓർക്കാറുണ്ട്. എന്തെങ്കിലും കാരണങ്ങളാൽ കുടുംബം ഇല്ലാത്തവരെ ഒറ്റപ്പെടുത്തരുത്. നമ്മുടെ ഭവനങ്ങൾ മറ്റുള്ളവർക്കായി തുറന്നിടാൻ സാധിക്കണം. എങ്കിൽ മാത്രമേ മക്കളിൽ ഹൃദയ വിശാലത വളരുകയുള്ളൂ. ക്രിസ്തുവിനാൽ രൂപപ്പെട്ട കുടുംബങ്ങൾ ഇന്ന് ലോകത്തിനാവശ്യമാണ്. ഇന്ന് ആധുനിക ലോകം നിരാശയുടെ പടുകുഴിയിൽ ആയിരിക്കുമ്പോൾ അവരുടെ ഇടയിൽ പ്രത്യാശ പകരാൻ ഓരോ ക്രിസ്ത്യൻ കുടുംബങ്ങൾക്കും കടമയുണ്ട്. ക്രിസ്തുവിന്റെ സമാധാനവും സന്തോഷവും ജീവിക്കുന്നവർ ആകണം ഓരോ ക്രിസ്ത്യാനിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.