ഭക്ഷണസമയം ഒന്നിച്ചായിരിക്കാം; കുടുംബ ബന്ധങ്ങളെ പരിപോഷിപ്പിക്കാം

പണ്ടു മുതലേ പറഞ്ഞുകേട്ടിട്ടുള്ള ഒന്നാണ്, ഭക്ഷണം കഴിക്കുന്ന സമയം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്നത്. വെറുമൊരു ഉപദേശമായി അത് തോന്നാമെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, പ്രത്യേകിച്ച് കുടുംബജീവിതത്തിൽ. കുടുംബബന്ധത്തെ പരിപോഷിപ്പിക്കുന്ന വിലയേറിയ സമയമാണത്. അത് തിരിച്ചറിയണമെങ്കിൽ, കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കണമെങ്കിൽ ഭക്ഷണസമയം എങ്ങനെ വിനിയോഗിക്കണം എന്ന് നമുക്ക് നോക്കാം…

ഭക്ഷണസമയം കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണമേശയെ സാമൂഹ്യമാധ്യമങ്ങളുടെ കുരുക്കിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. സാധാരണ ഗതിയിൽ മൊബൈൽ ഫോണുമായിട്ടാവും പലരും ഭക്ഷണം കഴിക്കാനിരിക്കുന്നത്. ഈ ഒരു ശീലം ഒഴിവാക്കാം. ഫോൺ മാറ്റിവച്ച് പകരം കുടുംബാംഗങ്ങളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവച്ചും ഭക്ഷണം കഴിക്കാം. അപ്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിക്കുകയും പരസ്പരമുള്ള വിശ്വാസ്യതയും സ്നേഹവും കൂടുകയും ചെയ്യും.

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണം ഉണ്ടാക്കിത്തന്ന ആളെ ബഹുമാനിക്കുകയും അതിന് സാഹചര്യം ഒരുക്കിത്തന്ന ദൈവത്തിന് നന്ദി പറയുകയും ചെയ്യുക എന്നത്. ‌ഭക്ഷണമേശയിൽ ഒരുമിച്ചിരുന്നുള്ള ചെറിയ പ്രാർത്ഥന, അത് നിശബ്ദമായ പ്രാർത്ഥന ആയാൽ പോലും കുഴപ്പമില്ല. അതുവഴി നാം ദൈവത്തെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. ഒപ്പം നമ്മുടെ അമ്മമാരെ/ ഭാര്യമാരെയും ബഹുമാനിക്കും. ഭക്ഷണമേശയിൽ വച്ച് കറി കൊള്ളില്ല, ഭക്ഷണത്തിനു രുചിയില്ല തുടങ്ങിയ വർത്തമാനങ്ങളും ദേഷ്യപ്പെടലുകളും ഒഴിവാക്കാം. പകരം നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കറികളാണ് ഉണ്ടാക്കിയതെങ്കിൽ അഭിനന്ദിക്കുകയും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമയോടെ അത് കഴിക്കുകയും ചെയ്യാം.

ഭക്ഷണസമയം ഒരുമിച്ചായിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് മറ്റൊന്ന്. കുടുംബത്തിലുള്ള എല്ലാവരും ഒന്നിക്കുന്നതിനുള്ള അവസരമാണ് ഓരോ ഊണുമേശയും സമ്മാനിക്കുന്നത്. എല്ലായ്പ്പോഴും അത് സാധ്യമായി എന്നു വരില്ല. എങ്കിൽ പോലും ദിവസം ഒരു നേരമെങ്കിലും ഭവനത്തിലുള്ള അംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുള്ളപ്പോൾ ഈ ശീലം ഒരു പതിവുമാക്കാം. പിന്നെ സമയമെടുത്ത് പതിയെ ഇരുന്നു കഴിക്കുന്നതും എല്ലാവരും ഒരുമിച്ചു കഴിച്ചെഴുന്നേൽക്കുന്നതും ഒരുമ വളർത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.