കുഞ്ഞുമക്കളെ വചനം പരിശീലിപ്പിക്കാം

മിനു മഞ്ഞളി

കുരിശുവര കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. മോളെ ആ വചനപ്പെട്ടി തുറന്നു എല്ലാവർക്കും ഓരോ വചനം കൊടുക്കൂ എന്ന്. കുഞ്ഞുനാളിൽ ഒത്തിരി സന്തോഷം ഉണർത്തുന്ന നിമിഷങ്ങൾ ആയിരുന്നു അത്. കണ്ണടച്ച് വചനം എല്ലാവരെയും കൊണ്ട് എടുപ്പിക്കുവാനും അത് അവർക്കു വായിച്ചു കൊടുക്കുവാനും എന്തെന്നില്ലാത്ത ഒരു ഉന്മേഷമായിരുന്നു. ഓരോരുത്തർക്കും ഈശോ കൊടുക്കുന്ന അന്നന്നുള്ള സന്ദേശം ആണ് അവരെടുക്കുന്ന വചനം എന്നെല്ലാം വിശ്വസിച്ചു പോയിരുന്ന ആ ബാല്യം. ഇന്ന് കുരിശുവര പോലും വെട്ടിച്ചുരുക്കപ്പെടുമ്പോൾ ഇത്തരം ശീലങ്ങളും ആ പച്ചനിറമുള്ള വചനപ്പെട്ടിയും എല്ലാം പൊടിപിടിച്ചു പോകുന്നതിൽ അത്ഭുതപ്പെടാനില്ല.

നമുക്ക് തിരിച്ചു കൊടുക്കേണ്ടേ നമ്മുടെ പൊന്നോമനകൾക്കും വചനത്തിന്റെ ശക്തിയും സാമീപ്യവും? ദൈവിക സാന്നിധ്യമേകുന്ന വചനങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. ജീവിതത്തിലെ അവശ്യ നിമിഷങ്ങളിൽ ആ വചനങ്ങളിലൂടെ ഈശോ അവരിൽ ജീവിക്കട്ടെ. ഒറ്റപ്പെട്ടു പോയ നിമിഷങ്ങളിൽ “ നിന്റെ തലയിലെ ഓരോ മുടിനാരിഴയും എണ്ണപ്പെട്ടിരിക്കുന്നു, നീ എനിക്ക് പ്രിയപ്പെട്ടതാണ്..” എന്നെല്ലാമുള്ള ഈശോയുടെ വാക്കുകൾ നമുക്കേകിയ സാന്ത്വനം നമ്മുടെ വരും തലമുറയ്ക്കും പങ്കു വയ്ക്കപ്പെടണമെങ്കിൽ മക്കളെ വചനം പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ആഴ്ചയിൽ ഒരു വചനം എങ്കിലും മക്കളെ പഠിപ്പിക്കാനും അവരോടൊപ്പം ആ ആഴ്ചയിലെ കുടുംബപ്രാർത്ഥയിൽ ആ വചനം ഏറ്റുചൊല്ലുവാനും ഹൃദയത്തിൽ വഹിക്കുവാനും നീ ഒരു കാരണമായിത്തീരട്ടെ.

‘കുഞ്ഞുങ്ങൾക്കായൊരു വചനപ്പെട്ടി’ എന്ന ആശയം നമുക്ക് കുടുംബത്തിൽ തന്നെ ആരംഭിക്കാം. നമ്മുടെ വീട്ടിലെ രൂപക്കൂടിന് മുൻപിൽ ഇരിക്കുന്ന ഈശോയുടെ വചനങ്ങൾ ചേർത്തുവച്ചു കോർത്തിണക്കിയ ആ പച്ച വചനപ്പെട്ടി നമുക്ക് പൊടി തട്ടിയെടുക്കാം. ആഴ്ചയിലെ ആദ്യദിനത്തിൽ വചനം തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങളെ ആ വചനം പഠിപ്പിക്കാൻ അപ്പയും അമ്മയും മറക്കല്ലേ. അതിനൊരു എളുപ്പവഴി ഇതാ. കുരിശു വര തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും മുൻപ് വചനം ഓരോ വാക്ക് എടുത്തു പറഞ്ഞു മക്കളെകൊണ്ട് ഏറ്റുചൊല്ലി പ്രാർത്തിപ്പിക്കാം. 10  തവണ ഇങ്ങനെ ദിവസവും ഏറ്റുചൊല്ലി പ്രാർത്ഥിച്ചാൽ ഒരാഴ്ച കഴിയുമ്പോഴേക്കും മക്കൾ മനഃപാഠമാക്കി കഴിയും. കുട്ടികളോടൊപ്പം മുതിർന്നവർക്കും വചനം സ്വായത്തമാക്കാൻ ഉള്ള ഒരവസരം കൂടിയാണിത്.

മനസ്സിന് ആശ്വാസമായി ഒരു കുളിർതെന്നലായി അവരോടൊപ്പം ഈശോ എന്നും കൂട്ടായിരിക്കട്ടെ. വചനത്തിലൂടെ.. നാം ചൊല്ലിക്കൊടുത്തു എറ്റുപഠിപ്പിച്ച ആ സുവിശേഷ വാക്യങ്ങളിലൂടെ.. ഈശോ അവരുമായി ചേർന്ന് നിൽക്കട്ടെ. ഒരു നല്ല സുഹൃത്തായി.. വഴികാട്ടിയായി..

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.