കുഞ്ഞുങ്ങളെ എങ്ങനെ വിശുദ്ധരായി വളർത്താം? – വിശുദ്ധരായ രണ്ട് അമ്മമാർ നൽകുന്ന പാഠം

മാതൃത്വം എപ്പോഴും വിശുദ്ധമായ മാതൃകയുടേതാകണം. കാരണം മക്കൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് അമ്മമാരുടെ ഒപ്പമായതിനാൽ അവരുടെ ജീവിതമാതൃക എപ്പോഴും കുട്ടികളെ സ്വാധീനിക്കും. ഇത്തരത്തിൽ വിശുദ്ധമായ ജീവിതമാതൃക കൊണ്ട് കുഞ്ഞുങ്ങളെ വിശുദ്ധരായി വളർത്തിയ രണ്ട് അമ്മമാരാണ് വി. സെലി മാർട്ടിൻ, വാഴ്ത്തപ്പെട്ട കൊഞ്ചിറ്റ കാബ്രെറ ഡി അർമിഡ എന്നിവർ.

കുഞ്ഞുങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തുവാൻ ഈ അമ്മമാർ സ്വീകരിച്ച ഏതാനും മാർഗ്ഗങ്ങളുണ്ട്. ആധുനിക കാലത്തെ അമ്മമാർക്ക് ഈ വിശുദ്ധരായ അമ്മമാർ സ്വീകരിച്ച വഴികൾ മാതൃകയാകട്ടെ.

1. മക്കളുമായുള്ള നിരന്തര സമ്പർക്കം

ഈ വിശുദ്ധരായ അമ്മമാർ ഇ മെയിലും മറ്റും വരുന്നതിനു മുമ്പ് ജീവിച്ചിരുന്നവരാണ്. എന്നിരുന്നാൽ തന്നെയും മക്കൾ തങ്ങളിൽ നിന്ന് അകന്നിരിക്കുന്ന സമയങ്ങളില്‍, കത്തുകളില്‍ കൂടിയും മറ്റും തങ്ങളുടെ സാമിപ്യം അവരെ അറിയിച്ചു. കുടുംബവാർത്തകൾ, കുഞ്ഞുങ്ങളെക്കുറിച്ചുള്ള സംശയങ്ങളും തോന്നലുകളും, ആത്മീയമായ ഉപദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ കത്തുകൾ വഴി കൈമാറിയിരുന്നു. ആവശ്യമുള്ള സന്ദർഭങ്ങളിൽ എങ്ങനെയൊക്കെ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരാകാം എന്നതിൽ മാർഗ്ഗനിർദ്ദേശം നൽകുവാൻ ഈ അമ്മമാർ മടിച്ചില്ല.

ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ മക്കളുമായുള്ള സാമിപ്യം കൂടുതൽ എളുപ്പമാകാന്‍ സഹായിക്കുന്നുണ്ട്. ഫോൺ വിളികളും മറ്റും സുഖാന്വേഷണങ്ങളിൽ ഒതുങ്ങിനിൽക്കാതെ, ആത്മീയവും ധാർമ്മികവുമായ അവരുടെ മൂല്യങ്ങൾ വളർത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ളതാക്കുവാൻ ശ്രമിക്കാം.

2. വിശ്വാസം അനുദിന ജീവിതത്തിന്റെ ഭാഗമായി മാറ്റാം

വിശ്വാസവും ദൈവികവുമായ കാര്യങ്ങൾ അനുദിന ജീവിതത്തിന്റെ സുപ്രധാന ഭാഗമാക്കി മാറ്റുന്നതിന് ഈ അമ്മമാർ ശ്രദ്ധിച്ചിരുന്നു. കുടുംബപ്രാർത്ഥന, വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്വം, പിറന്നാളുകൾക്കൊപ്പം മക്കളുടെ പേരിനു കാരണക്കാരായ വിശുദ്ധരുടെ തിരുനാൾ ആഘോഷങ്ങൾ ഇവയെല്ലാം ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒന്നായി ഇവർ മക്കൾക്ക് പറഞ്ഞുകൊടുത്തു. ഒപ്പം വിശ്വാസത്തെ സ്നേഹിക്കുവാനും മുറുകെപ്പിടിക്കുവാനുമുള്ള പരിശീലനവും അവർ നൽകി.

ഇന്നത്തെ കാലത്തും ഇത്തരമൊരു വിശ്വാസപരിശീലനം മാതാപിതാക്കളുടെ പക്കൽ നിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്. കാരണം, നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുവാനും ഇല്ലാതാക്കുവാനും മക്കളെ തട്ടിക്കൊണ്ടു പോകുവാനും കാത്തുനിൽക്കുന്നവരുടെ ഇടയിൽ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക എന്നത് ആവശ്യമാണ്. അതിന് നല്ല പരിശീലനം വേണ്ടിവരും.

3. കഷ്ടപ്പാടുകളെ ക്ഷമയോടെ അതിജീവിക്കുക

ഈ രണ്ട് അമ്മമാരും ജീവിതം നയിച്ചിരുന്നത് ഏറെ കഷ്ടതകളിൽ കൂടിയാണ്. ആ കഷ്ടതകളിലൊക്കെ ശാന്തതയോടെ നിലനിൽക്കുവാനും വിശ്വാസം കൊണ്ട് അവയെ അതിജീവിക്കുവാനും ഇവർക്ക് കഴിഞ്ഞു. കൂടാതെ വേദനിക്കുന്നരിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും ഇവർ മടികാണിച്ചില്ല. മക്കൾ ഈ അമ്മമാരുടെ ജീവിതമാതൃക സ്വന്തമാക്കി. വേദനിക്കുന്നവർക്കൊപ്പം നിൽക്കുവാൻ അവരും തയ്യാറായി. മക്കൾ എന്താകണമെന്നാണ് അവര്‍ ചിന്തിക്കുന്നത്/ ആഗ്രഹിക്കുന്നത് അതായിത്തീരുക. ഇതാണ് ഈ വിശുദ്ധരായ അമ്മമാർ നൽകുന്ന മാതൃക.

4. ലാളിത്യം ശീലമാക്കുക

കുട്ടികൾക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങിക്കൊടുത്ത് ധാരാളിത്വത്തിന്റേതായ ഒരു കോളത്തിലാണ് ഇന്ന് നാം അവരെ വളർത്തുക. ചോദിക്കുന്നതെല്ലാം കിട്ടുന്ന കുട്ടിക്ക്, അതൊന്നും കിട്ടാത്തവരുടെ ദുഃഖം എന്താണെന്നറിയില്ല. ഇത് വളർന്നുവരുന്ന അവരുടെ ജീവിതത്തിലെ സഹാനുഭൂതിയെ ഇല്ലാതാക്കും. അതിനാൽ ലാളിത്യത്തിൽ കുട്ടികളെ വളർത്തുക.

വിശുദ്ധരായ ഈ അമ്മമാരും തങ്ങളുടെ ജീവിതം കൊണ്ട് മക്കള്‍ക്ക്‌ കാണിച്ചുകൊടുത്തത് ഇതാണ്. അവർ, ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്ന വീടുകളിലേയ്ക്ക് ഭക്ഷണവുമായി കുട്ടികളെ അയച്ചു. അവരുടെ അവസ്ഥ മനസിലാക്കുവാൻ അവസരം കൊടുത്തു.

ചെറിയ കാര്യങ്ങളിലൂടെ എങ്ങനെ കുഞ്ഞുങ്ങളെ നല്ലവരായി വളർത്താമെന്നതിന് മാതൃകയാണ് ഈ അമ്മമാർ.

വി. സെലി മാർട്ടിൻ വി. കൊച്ചുത്രേസ്യായുടെ അമ്മയാണ്. മറ്റൊരു മകൾ വിശുദ്ധിയിലേയ്ക്കുള്ള പാതയിലുമാണ്. വാഴ്ത്തപ്പെട്ട കൊഞ്ചിറ്റയുടെ ഒരു മകൻ വൈദികനും ഒരു മകൾ സന്യാസിനിയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.