പുതുവർഷത്തിനായി കുട്ടികളെ ഒരുക്കാൻ ചില നിർദ്ദേശങ്ങൾ

ആഘോഷങ്ങൾ, അത് സന്തോഷത്തിന്റെ വേളകളാണ്. മുന്‍ വര്‍ഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുമസും പുതുവർഷാഘോഷങ്ങളും എല്ലാം കോവിഡിന്റെ പശ്ചാത്തലത്തിലാണ് കടന്നുപോകുന്നത്. എങ്കിൽ തന്നെയും ഈ സുപ്രധാന ദിനങ്ങൾ നമ്മുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് നമ്മൾ ആഘോഷിക്കുകയാണ്. ഈ ദിനങ്ങൾ വെറും സന്തോഷത്തിന്റെ അവസരങ്ങളായി മാത്രം അവശേഷിക്കേണ്ട ഒന്നല്ല. അത് പുതുതലമുറയ്ക്ക് നന്മയുടെ അവസരങ്ങളായി കൂടി മാറണം. കുട്ടികൾക്കും പുതുവർഷം നന്മയുടെ അവസരങ്ങളായി മാറണം. അതിനായി കുട്ടികളോട് നിർദ്ദേശിക്കാവുന്ന ചില കാര്യങ്ങള്‍ ഇതാ…

1. താങ്ക്യൂ നോട്ട്‌സ് തയ്യാറാക്കാം

ഇത് അൽപം പഴക്കം ചെന്ന ഒരു പരിപാടിയാണ് എങ്കിലും കുട്ടികളെ കൊണ്ട് താങ്ക്യൂ എന്ന് എഴുതിപ്പിച്ച കാർഡുകൾ കൊടുപ്പിക്കുന്നത്, നന്ദി പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കും. മറ്റുള്ളവരോട് നന്ദി പറയുമ്പോൾ അവരിൽ നിന്നു ലഭിക്കുന്ന സ്വീകാര്യതയും കുട്ടികൾക്ക് മനസിലാകും. കഴിവതും കുട്ടികളെ കൊണ്ട് തന്നെ കാർഡ് തയ്യാറാക്കുവാനും കൊടുപ്പിക്കുവാനും ശ്രമിക്കുക.

2. ലഭിച്ച നന്മകളെ ഓർത്തെടുക്കാൻ സഹായിക്കാം

കുട്ടികളെ ഈ കാര്യത്തിൽ നമുക്ക് സഹായിക്കാം. അവരുടെ ജീവിതത്തിൽ ലഭിച്ച ഒരോ കുഞ്ഞുകുഞ്ഞു കാര്യങ്ങളെയും ഓർത്തെടുക്കുവാൻ സഹായിക്കാം. അവയൊക്കെ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കാം. ഇത് തങ്ങളുടെ ജീവിതത്തെ കൂടുതൽ പോസിറ്റീവ് ആക്കുവാനും കിട്ടിയ നന്മകളിൽ സന്തോഷം കണ്ടെത്തുവാനും കുട്ടികളെ സഹായിക്കും.

3. കൂട്ടുകാരനായി ഉണ്ണീശോയെ പരിചയപ്പെടുത്താം

കുട്ടികൾ ഇപ്പോൾ തന്നെ പുൽക്കൂട് നിർമ്മിച്ചിട്ടുണ്ടാവുമല്ലോ. അവർക്ക് കളിക്കൂട്ടുകാരനായി ഉണ്ണീശോയെ പരിചയപ്പെടുത്താം. കുഞ്ഞുകുട്ടികളെപ്പോലെ കൂടെ നടക്കുന്ന ഉണ്ണീശോയുടെ സാന്നിധ്യം വ്യക്തമാക്കുന്ന കഥകളും ചെറിയ ടാസ്‌കുകളും നൽകാം. അടുത്ത ഒരു വർഷം മുഴുവൻ അവർക്ക് ഏതു സങ്കടത്തിലും ഓടിയെത്താൻ കഴിയുന്ന ഒരു കൂട്ടുകാരനായി ഉണ്ണീശോയെ മാറ്റണം. അതിനുള്ള പരിശീലനവും നൽകാം.

4. അടുത്തവർഷത്തേയ്ക്കുള്ള പ്ലാനിങ് നടത്താം

ഇതു കുടുംബത്തിലെ എല്ലാവരും കൂടി ഇരുന്നു ചെയ്യേണ്ട ഒന്നാണ്. ഈ വർഷം നല്ല കുട്ടികളായി ജീവിക്കേണ്ടത് എങ്ങനെയെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. നല്ല നല്ല തീരുമാനങ്ങൾ എടുക്കാം. പ്രതിസന്ധികളുടെ നാടുവിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കുട്ടികളെ ഓർമ്മിപ്പിക്കാം. ഒപ്പം സ്വീകരിക്കേണ്ടിവരുന്ന മുന്നൊരുക്കങ്ങൾ കുറിച്ചും സൂചന നൽകാം.

5. ബന്ധങ്ങൾ പുതുക്കാം

കോവിഡ് കാലമാണ്. അധികം യാത്രകളും മറ്റും നടത്തുവാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ തന്നെ കുടുംബത്തിലുള്ളവരെ ഫോണിലൂടെയും വീഡിയോ കോളിലൂടെയും മറ്റും കുട്ടികളെ പരിചയപ്പെടുത്താം. കുടുംബത്തിലെ മുതിർന്ന ആളുകളെ കുട്ടികളെ കൊണ്ട് വിളിപ്പിക്കുവാനും മറ്റും ശ്രമിക്കാം. അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം പകരുകയും ബന്ധങ്ങൾ കൂടുതൽ ഉറപ്പുള്ളതാക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.