ഈ ക്രിസ്തുമസ് കാലം ജപമാല എങ്ങനെ കൂടുതൽ തീക്ഷണതയോടെ പ്രാർത്ഥിക്കാം

ഈ ക്രിസ്തുമസ് കാലം ജപമാലയിൽ ആഴപ്പെടാനുള്ള വലിയ ഒരു അവസരമാണ് നമ്മുടെ മുന്നിൽ ഒരുക്കി വയ്ക്കുന്നത്. നമ്മുടെ ആത്മീയ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ജപമാല. കത്തോലിക്കാ സഭ പഠിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ പ്രാർത്ഥനകളിൽ ഒന്നും ഇതുതന്നെ. എന്നും ജപമാല പ്രാർത്ഥിക്കുവാൻ ഉള്ള ആഗ്രഹം നമ്മിൽ ഉണ്ടായേക്കാം. എന്നാൽ ഈ ആഗ്രഹം ഒരു പ്രത്യേക പ്രേരണയോ ദൈവാനുഭവത്താലോ അല്ല ഉണ്ടാകുന്നതെങ്കിൽ ആവർത്തന വിരസതയിലേക്ക് ക്രമേണ എത്തിപ്പെടാം. അങ്ങനെ ഈ പ്രാർത്ഥനയെ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിൽ എത്തിപ്പെടാൻ ഇടയുണ്ട്.

ഇതിനുള്ള ഒരു പരിഹാര മാർഗമാണ് ഈ ക്രിസ്തുമസ് കാലം നമ്മുടെ മുന്നിൽ ഒരുക്കിവയ്ക്കുന്നത്. ഈ ദിവസങ്ങൾ പൂർണമായും യേശുവിനെയും മാതാവിനെയും കൂടുതൽ  ധ്യാനിക്കാനുള്ള അവസരങ്ങളാണ്. ബെത്ലഹേമിലേക്കുള്ള വഴിയിലൂടെ നമുക്കും മേരിയോടൊപ്പം യാത്ര ചെയ്യാം.

ജപമാലയിലെ സന്തോഷകരമായ രഹസ്യങ്ങൾ  ഈ ദിവസങ്ങളിൽ കൂടുതൽ ധ്യാനിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. കാരണം യേശുവിന്റെ ജനനത്തെ കേന്ദ്രീകരിച്ചുള്ള രഹസ്യങ്ങളാണല്ലോ നാം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്. സന്തോഷത്തിന്റെ ഓരോ രഹസ്യങ്ങളിലൂടെയും പ്രാർത്ഥനാപൂർവ്വം ധ്യാനാത്മകമായി കടന്നുപോകുവാൻ ഈ ദിനങ്ങളിൽ നമുക്ക് സാധിക്കണം. അങ്ങനെ മറിയം ക്രിസ്തുവിനെ ഉദരത്തിൽ വഹിച്ച വഴികളിലൂടെയും മനോഭാവത്തിലൂടെയും ധ്യാനപൂർവ്വം  കടന്നുപോകുവാൻ ഈ ക്രിസ്തുമസ് കാലത്തെ ജപമാല പ്രാർത്ഥന നമ്മെ സഹായിക്കട്ടെ.