എങ്ങനെ കുമ്പസാരിക്കാം?

കുമ്പസാരത്തിന്റെ മഹത്വം പറയാൻ ഞാനയോഗ്യനാണ് എങ്കിലും… ധൂർത്ത പുത്രൻ പന്നികൾക്കിടയിൽ നിന്ന് പിതാവിന്റെ ഭവനത്തിലേക്ക് തന്റെ അയോഗ്യത ഏറ്റുപറഞ്ഞ് വരുന്നുണ്ട്. അവന്റെ പശ്ചാത്താപം കണ്ട് പിതാവ് അവനെ ആശ്ലേഷിച്ച് തന്റെ ഭവനത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവിടെ കൊഴുത്ത കാളക്കുട്ടിയെ മുറിച്ച് സ്നേഹവിരുന്നും ഒരുക്കുന്നു.

“You can fly to heaven on the wings of Confession and Communion” എന്ന് ഡോൺ ബോസ്കോ പറയുന്നുണ്ട്. ആത്മവിശുദ്ധീകരണവും ദിവ്യകാരുണ്യ സ്വീകരണവും ആത്മാവിൽ സ്നേഹം നിറയ്ക്കുന്നു. ദൈവവുമായി ഒന്നാക്കുന്നു.
ദൈവത്തിൽ നിന്നകന്ന മനുഷ്യനെ തിരിച്ചുവരാൻ സഹായിക്കുന്ന കൂദാശയാണത്. നമ്മിലുള്ള പാപം എത്ര വലുതാണോ അതിലും വലുതാണ് ദൈവത്തിന് നമ്മോടുള്ള കരുണ. അതു പ്രകടിതമാകുന്ന ഈ കൂദാശയിൽ പാപം ഏറ്റുപറയുന്നത് വൈദികനോടല്ല. ക്രിസ്തുവിനോടാണ്. പാപം ക്ഷമിക്കുന്നതും വൈദികനല്ല. ക്രിസ്തുവാണ്.

ഇതു വിശ്വസിക്കാൻ കഴിഞ്ഞാലേ നല്ല കുമ്പസാരമാകു. ആ വിശ്വസമില്ലാത്തയാളെ കുമ്പസാരക്കൂട്ടിൽ സ്ത്രീയോ പുരുഷനോ എന്നന്വേഷിക്കൂ. അത്തരക്കാർക്ക് ആ മരക്കൂടിനു മുന്നിൽ മുട്ടുകുത്തിയാൽ പാപപ്പൊറുതി കിട്ടുമെന്ന് അവർ പോലും വിശ്വസിക്കുമോ?

മിക്കവാറും എല്ലാ ദിവസവും തന്നെ ഞാൻ കുമ്പസാരിപ്പിക്കാറുണ്ട്. പലർക്കും ‘എങ്ങനെ കുമ്പസാരിക്കണം?’ എന്നറിയില്ല, മുതിർന്നവർക്കും. അവർക്കൊരു സഹായി…

എങ്ങനെ കുമ്പസാരിക്കാം?

1. ദൈവകൽപനകൾ പരിശോധിച്ച് പാപങ്ങൾ ഓർത്ത് പശ്ചാത്തപിക്കുക. പാപങ്ങളെ വെറുത്ത് ഉപേക്ഷിക്കുക.

2. കുമ്പസാരത്തിനുള്ള ജപം ചൊല്ലുക. -“സർവശക്തനായ ദൈവത്തോടും…… ”

3. കുമ്പസാരത്തിന് അണയുക. എത്ര ദിവസം (മാസം, വർഷം) ആയി എന്ന് ആദ്യം തന്നെ പറയുക.

4. നമ്മൾ എത് ജീവിതാന്തസിലാണ് എന്നു പറയുക. (കുട്ടികൾ, വിവാഹിതൻ, സന്യസ്തർ….)

5. പാപങ്ങൾ പറയുക. (കാരണങ്ങളും ന്യായീകരണങ്ങളും പറയരുത്!)

6. ഉപദ്ദേശം (പ്രായശ്ചിത്തം) കേൾക്കുക.

7. ആശീർവാദം സ്വീകരിക്കുക. (തല കുനിച്ച്)

8 . വൈദീകനെ വണങ്ങി സ്തുതി ചൊല്ലി നന്ദി പ്രകടിപ്പിക്കുക.

9. മനസ്ഥാപപ്രകരണം ചൊല്ലുക. ” എന്റെ ദൈവമേ ഏറ്റവും …….

10. പ്രായശ്ചിത്തം നിറവേറ്റുക ….

ഓരോ കുമ്പസാരവും നമ്മുടെ ജീവിതത്തിലെ അവസാന കുമ്പസാരം എന്ന പോലെയെടുത്താണ് ഒരുങ്ങേണ്ടത്!….

ഈശോക്ക് മാത്രം നൽകാൻ കഴിയുന്ന സമാധാനവും സന്തോഷവും നിത്യരക്ഷയും ഇപ്പോൾ നിങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു…

ഫാ.  അനീഷ് കരിമാലൂർ നോർബെർറ്റൈൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.