ലോകവാർത്തകൾ മനസിനെ അസ്വസ്ഥതപ്പെടുത്തുമ്പോൾ എങ്ങനെ സമാധാനത്തിൽ നിലനിൽക്കാം?

വളരെ അസ്വസ്ഥതകൾ നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നമ്മുടെ മനസിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടാകാം. എന്നാൽ അവയെ ശാന്തമായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മാനസികബലം കൂടിയേ തീരൂ. അല്ലെങ്കിൽ അതു ചിലപ്പോൾ നമ്മുടെ മനസിൽ ദേഷ്യവും ദുഃഖവും നിറയ്ക്കുന്നതിനു കാരണമാകും. നമ്മുടെ സമാധാനത്തോടെയുള്ള ജീവിതത്തെ അവ നശിപ്പിക്കും. ഇത്തരം അവസ്ഥയെ സമാധാനത്തോടെ സ്വീകരിക്കാൻ ചില പരിഹാരമാർഗ്ഗങ്ങൾ ഇതാ…

ഇന്ന് സോഷ്യൽ മീഡിയയിൽ ലോകത്തിൽ നടക്കുന്ന തെറ്റിനെ മാത്രം ചൂണ്ടിക്കാണിക്കുകയും അവ ഉപയോഗിക്കുന്നവരുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ രൂപപ്പെടുന്നതിന് ഇടയാവുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യൻ വിഷാദഭാവത്തിലേയ്ക്ക് നീങ്ങുന്നതിന് ഇടയാകുന്നു. എന്നാൽ, ദൈവം ആഗ്രഹിക്കുന്നത് നാം എപ്പോഴും സമാധാനമുള്ള മനസോടെ വ്യാപാരിക്കുവാനാണ്. കുരിശിന്റെ വി. യോഹന്നാൻ നാം സ്നേഹത്തിലും പ്രകാശത്തിലും ആയിരിക്കുവാൻ നിർദ്ദേശിക്കുന്ന കാര്യമിതാണ്.

“നിങ്ങളുടെ ഹൃദയം സമാധാനത്തോടെ സംരക്ഷിക്കാൻ പരിശ്രമിക്കുക. ഈ ലോകത്തിന്റെ ഒന്നും അതിനെ അലോസരപ്പെടുത്തരുത്. വേദനകൾ ശാശ്വതമല്ലെന്ന് മനസിലാക്കുക.”

വിശുദ്ധൻ ഓർമ്മിപ്പിക്കുന്ന ഈ വാക്കുകൾ  ഹ്രസ്വമാണെങ്കിലും  വളരെ പ്രധാന്യമർഹിക്കുന്നതാണ്. ലോകത്തിലെ യുദ്ധവും ആക്രമണങ്ങളുമെല്ലാം മനുഷ്യന്റെ സ്വാർത്ഥതയ്ക്കു വേണ്ടി നടക്കുന്ന കാര്യങ്ങളാണ്. അതിനാൽ അവയിൽ നിന്നും മനുഷ്യർ തന്നെ സ്വമനസാൽ പിന്തിരിയണം. ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ ശാശ്വതമല്ല. കാരണം, ലോകത്തിലെ നമ്മുടെ വാസം താല്‍ക്കാലികം മാത്രമാണ്. നന്മ ചെയ്യുവാനും ലോകത്തിൽ സമാധാനത്തിൽ നിലനിൽക്കുവാനും നമുക്ക് കടമയുണ്ട്. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ നമുക്ക് പറ്റുന്ന നന്മ ചെയ്തു ജീവിക്കുക. ബാക്കി കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുക്കുക. അവിടുന്ന് നമ്മെ പരിപാലിച്ചുകൊള്ളും.

നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവായ ദൈവത്തിന്റെ പരിപാലനയ്ക്ക് നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോൾ അവിടുന്ന് നമ്മുടെ ക്ലേശങ്ങൾ കാണുന്നു. ദൈവകരങ്ങളിൽ നമ്മെതന്നെ വിട്ടുകൊടുക്കാം.