ഞായറാഴ്ച വിശുദ്ധമായി ആചരിക്കാന്‍ 5 മാര്‍ഗ്ഗങ്ങള്‍

    ഞായറാഴ്ച. ദൈവത്തിന്റെ ദിവസം. വിശുദ്ധമായ ദിനം. ഈ ദിവസം ഏറ്റവും പരിശുദ്ധമായി ആചരിക്കേണ്ടതാണെന്നു ദൈവം മോശവഴി നമുക്ക് നല്‍കിയ കല്പനകളില്‍ കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന് പ്രത്യേകമായി ദൈവം ആവശ്യപ്പെടുന്നു.

    ഞായറാഴ്ച ദിവസം വിശുദ്ധമായി ആചരിക്കുവാന്‍ നാം എന്തൊക്കെ ചെയ്യണം? അതിനു പലരുടെയും ഉത്തരം പള്ളിയില്‍ പോകണം എന്നതാണ്.  നിര്‍ബന്ധമായും ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം. എന്നാല്‍ പള്ളിയില്‍ പോയത് കൊണ്ട് മാത്രം ഞായറാഴ്ച ആചരണം പൂര്‍ണ്ണമാവുകയില്ല. ഞായറാഴ്ച വിശുദ്ധമായി ആചരിക്കുവാന്‍  സഹായിക്കുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ ഇതാ:

    1 . കുടുംബത്തോടൊപ്പം ചിലവഴിക്കാം

    ഞായറാഴ്ച അവധി ദിവസം ആണല്ലോ. ഈ ദിവസം വിശുദ്ധമായി ആചരിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് ദൈവം നമുക്ക് നല്‍കിയ ജീവിത പങ്കാളിയോടും മക്കളോടും ഒപ്പം ചിലവിടുക എന്നത്. ഈ ദിവസം പരമാവധി ടിവിയും ഫോണും മാറ്റിവയ്ക്കുക. മക്കളുടെ വിശേഷങ്ങളും കൂട്ടുകാരുടെ കാര്യങ്ങളും സ്‌കൂള്‍ അനുഭവങ്ങളും ഒക്കെ തിരക്കുകയും മറ്റും ചെയ്യാം. ഇടക്ക് കുടുംബാംഗങ്ങളെ കൂട്ടി ഒരു യാത്രയാകാം. അത് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുകയും ആഴപ്പെടുത്തുകയും ചെയ്യും.

    2 . പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കാം

    ഞായറാഴ്ച ദിവസങ്ങള്‍ പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദര്‍ശിക്കാം. അത് മാതാപിതാക്കള്‍ക്ക് നല്‍കുന്ന വലിയ ഒരു ആശ്വാസമാണ്. കുടുംബത്ത് നിന്ന് മാറി താമസിക്കുന്ന മക്കളെ ഒന്ന് കാണണം, കൊച്ചുമകളുടെ ഒപ്പം സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന ധാരാളം മാതാപിതാക്കള്‍ ഉണ്ട്. അവര്‍ മക്കളും കൊച്ചുമക്കളും വരുന്നത് കാത്തിരിക്കും. അവരുടെ ആ കാത്തിരിപ്പിന് വില നല്‍കുവാന്‍ ഞായറാഴ്ച ദിവസം ഉപയോഗിക്കാം. നിന്റെ മാതാവിനെയും പിതാവിനെയും അനുസരിക്കുക എന്ന ദൈവകല്പനയുടെ അനുസരണം കൂടിയാണ് അത്.

    3 . രോഗബാധിതരെ സന്ദര്‍ശിക്കാം

    നിങ്ങളുടെ അയല്പക്കങ്ങളില്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ ഇടയില്‍ രോഗബാധിതരുണ്ടെങ്കില്‍ അവരെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച പോകുന്നത് ഉചിതമാണ്. മുതിര്‍ന്നവര്‍ തനിച്ച് പോകാതെ ഈ അവസരങ്ങളില്‍ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോവുകയും അവര്‍ക്ക് അതിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും വേണം. അപ്പോള്‍ അവര്‍ക്കു ബന്ധങ്ങളുടെ പ്രധാന്യം മനസിലാവുകയും സമൂഹവുമായി സഹകരണം ഉള്ള ദൈവമക്കളായി വളരുകയും ചെയ്യും.

    4 . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം

    പാവങ്ങളെ സഹായിക്കാനും അര്‍ഹമായവരിലേയ്ക്ക് സഹായങ്ങള്‍ എത്തിക്കുവാനും ഞായറാഴ്ച്ച ദിവസങ്ങള്‍ വിനയോഗിക്കാം. സാധിക്കുമെങ്കില്‍ വൃദ്ധമന്ദിരങ്ങള്‍, അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മക്കളെയും കൂട്ടി പോവുക. സഹായങ്ങള്‍ നല്‍കുകയും ഒപ്പം ആരോരും ഇല്ലാത്തവരോടൊപ്പം ആയിരിക്കുകയും ചെയ്യുമ്പോള്‍ നാം ഈശോയോടൊപ്പം തന്നെ ആയിരിക്കുകയാണ് എന്ന് തിരിച്ചറിയുക.

    5 . കുടുംബം ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിക്കുക

    സാധാരണ ദിവസങ്ങളില്‍ ജോലികഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ വരുന്നതും മക്കള്‍  ട്യൂഷന്‍  കഴിഞ്ഞു വരുന്നതുമെല്ലാം പല നേരങ്ങളില്‍ ആകാം. ഈ സമയത്ത് എല്ലാവരും ഒരുമിച്ചിരുന്നുള്ള ഒരു കുടുംബപ്രാര്‍ത്ഥന സാധ്യമല്ലായിരിക്കാം. എന്നാല്‍ ഞായറാഴ്ച എല്ലാവരും വീട്ടിലുണ്ടല്ലോ. അതിനാല്‍ തന്നെ എല്ലാവരും ഒന്നുചേര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയില്‍ സജീവമായി പങ്കെടുക്കുന്ന അവസരമാക്കാം. ഇങ്ങനെ ഞായറാഴ്ച ആചരണത്തെ സജീവവും പരിശുദ്ധവും ആക്കി മാറ്റാം.